ജൂണ്‍ 15 വരെ യാത്ര തടസ്സപ്പെട്ടവര്‍ക്ക് റീബുക്കിംഗ് അനുവദിച്ച് ഖത്തര്‍ എയര്‍വെയ്‌സ്

ജൂണ്‍ 15 വരെ യാത്ര തടസ്സപ്പെട്ടവര്‍ക്ക് റീബുക്കിംഗ് അനുവദിച്ച് ഖത്തര്‍ എയര്‍വെയ്‌സ്


ദോഹ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിമാന യാത്ര തടസ്സപ്പെട്ട യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വെയ്‌സ് ഒക്ടോബര്‍ 31 വരെ റീബുക്കിംഗ് അനുവദിച്ചു. 

സര്‍വീസുകളുടെ ലഭ്യതയ്ക്കും നിരക്ക് വ്യവസ്ഥകള്‍ക്കും വിധേയമായി യാത്രാ തിയ്യതി സൗജന്യമായി മാറ്റാനാവുന്നതാണ് പുതിയ പ്രഖ്യാപനം. 2026 ഫെബ്രുവരി 28നും ജൂണ്‍ 15നും ഇടയില്‍ യാത്ര നിശ്ചയിച്ചിരുന്നവര്‍ക്കാണ് ടിക്കറ്റുകള്‍ അധിക ചെലവുകളില്ലാതെ ഒക്ടോബര്‍ 31 വരെ റീബുക്കിംഗ് ചെയ്യാന്‍ അവസരമുള്ളത്.

ഖത്തര്‍ എയര്‍വേയ്സ് നേരിട്ട് നടത്തുന്ന സര്‍വീസുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ടിക്കറ്റിലെ തിയ്യതി മാറ്റാന്‍ സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കില്ലെങ്കിലും പുതിയ തിയ്യതിയിലെ ടിക്കറ്റ് നിരക്കിലെ മാറ്റങ്ങള്‍ക്കും സീറ്റുകളുടെ ലഭ്യതയ്ക്കും അനുസരിച്ചായിരിക്കും റീബുക്കിംഗ് സാധ്യമാകുക. യാത്രക്കാര്‍ക്ക് വെബ്‌സൈറ്റിലെ 'മാനേജ് ബുക്കിംഗ്' ഓപ്ഷന്‍ വഴിയോ മൊബൈല്‍ ആപ്പ് വഴിയോ  മാറ്റങ്ങള്‍ വരുത്താവുന്നതാണ്. റീബുക്ക് ചെയ്ത വിമാനത്തില്‍ വീണ്ടും തടസ്സം നേരിട്ടാല്‍ 2026 ഒക്ടോബര്‍ 31 വരെ യാത്രക്കാര്‍ക്ക് കൂടുതല്‍ ഫീസ് രഹിത മാറ്റങ്ങള്‍ക്ക് അര്‍ഹതയുണ്ടാകും.

യാത്ര റദ്ദാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണ്ണമായും തിരികെ നല്‍കുമെന്നും ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. എന്നാല്‍ അപേക്ഷകളുടെ എണ്ണം കൂടുതലായതിനാല്‍ റീഫണ്ട് തുക ലഭിക്കാന്‍ ഏകദേശം 28 പ്രവൃത്തി ദിവസങ്ങള്‍ വരെ എടുത്തേക്കാം. ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റ് എടുത്തവര്‍ മാറ്റങ്ങള്‍ക്കായി ബന്ധപ്പെട്ട ഏജന്‍സികളെയാണ് സമീപിക്കേണ്ടത്.