മോസ്‌കോ: യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ പുതിയ സമാധാന ശ്രമങ്ങളുടെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അമേരിക്കന്‍ പ്രതിനിധികളായ ജാരെഡ് കുഷ്‌നര്‍, സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരുമായി ക്രെംലിനില്‍ കൂടിക്കാഴ്ച നടത്തി.
അമേരിക്കന്‍ പ്രതിനിധികള്‍ ഞായറാഴ്ച കീവ് സന്ദര്‍ശിക്കാനിരിക്കെയാണ് മോസ്‌കോയില്‍ നിര്‍ണായക ചര്‍ച്ച നടത്തിയത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയശേഷം ഇവര്‍ നടത്തുന്ന ആദ്യ യുക്രെയ്ന്‍ സന്ദര്‍ശനമാണിത്.
ക്രെംലിനില്‍ കുഷ്‌നറെയും വിറ്റ്‌കോഫിനെയും സ്വീകരിച്ച പുടിന്‍ ചര്‍ച്ചകള്‍ നേരിടുന്ന സങ്കീര്‍ണതകള്‍ അംഗീകരിച്ചു. ട്രംപിന് തന്റെ ആശംസകളും നന്ദിയും അറിയിക്കണമെന്നും അദ്ദേഹം പ്രതിനിധികളോട് ആവശ്യപ്പെട്ടു.
'പ്രിയ സഹപ്രവര്‍ത്തകരേ, നിങ്ങളെ മോസ്‌കോയിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു. സാഹചര്യം തീര്‍ച്ചയായും ലളിതമല്ല,' എന്നാണ് റഷ്യന്‍ ടെലിവിഷന്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ പുടിന്‍ പറഞ്ഞത്.
വിഷയത്തിലേക്ക് കടക്കുന്നതിന് മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് തന്റെ ആശംസകളും നന്ദിയും അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോസ്‌കോയും കീവും ആക്രമണങ്ങളില്‍ താത്ക്കാലിക ഇടവേള പ്രഖ്യാപിച്ചു. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ മൂന്ന് ദിവസത്തേക്ക് കീവിനെ ആക്രമിക്കില്ലെന്ന് റഷ്യന്‍ സേനയ്ക്ക് നിര്‍ദേശം നല്‍കിയതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
തിങ്കളാഴ്ച വരെ മോസ്‌കോയ്‌ക്കെതിരായ ആക്രമണങ്ങള്‍ യെക്രെയ്ന്‍ നിര്‍ത്തിവയ്ക്കുമെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയും അറിയിച്ചു.
റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ദീര്‍ഘദൂര ആക്രമണങ്ങള്‍ തുടരുന്നതിനിടെ സമാധാനശ്രമങ്ങള്‍ക്ക് കാര്യമായ പുരോഗതി കൈവരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 2022 ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലകളിലൊന്നിലേക്ക് സാധാരണക്കാരുടെ മരണനിരക്കും ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
റഷ്യയും യുക്രെയ്‌നും തമ്മില്‍ ധാരണയിലെത്താന്‍ സാധ്യതയുണ്ടോയെന്ന് പരിശോധിക്കാനാണ് വിറ്റ്‌കോഫിനെയും കുഷ്‌നറെയും അയച്ചതെന്ന് ട്രംപ് പറഞ്ഞു.
സമാധാന നിര്‍ദേശത്തിന്റെ ഭാഗമായി യുക്രെയ്ന്‍ ഭൂപ്രദേശം വിട്ടുനല്‍കേണ്ടിവരുമോയെന്ന് ട്രംപ് വ്യക്തമാക്കിയില്ല. അമേരിക്കയ്ക്ക് സമാധാനത്തിനായുള്ള ഒരു ആശയം ഉണ്ടെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്.
ഗാസ, ഇറാന്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട മുന്‍ അമേരിക്കന്‍ നയതന്ത്രശ്രമങ്ങളിലും വിറ്റ്‌കോഫും കുഷ്‌നറും പങ്കെടുത്തിട്ടുണ്ട്. യുക്രെയ്ന്‍ യുദ്ധത്തിന് നയതന്ത്രപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇരുവരും മുമ്പും പലതവണ മോസ്‌കോ സന്ദര്‍ശിച്ചിട്ടുണ്ട്.
യുക്രെയ്‌നിലുടനീളം റഷ്യന്‍ ആക്രമണങ്ങള്‍ ശക്തമാകുന്നതിനിടെയാണ് പുതിയ നയതന്ത്രനീക്കം.
