വിറ്റ്‌കോഫും കുഷ്‌നറുമായി പുടിന്‍ ചര്‍ച്ച നടത്തി

വിറ്റ്‌കോഫും കുഷ്‌നറുമായി പുടിന്‍ ചര്‍ച്ച നടത്തി


മോസ്‌കോ: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്,  മരുമകന്‍ ജാരഡ് കുഷ്നര്‍ എന്നിവരുമായി ക്രെംലിനില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ചര്‍ച്ച നടത്തി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പില്‍ ഏറ്റവും രക്തരൂക്ഷിതമായ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്. 

കൂടിക്കാഴ്ചയ്ക്കുമുമ്പ് പുടിന്‍ യൂറോപ്പിന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യയ്ക്കെതിരെ യുദ്ധം ആരംഭിച്ചാല്‍ യൂറോപ്പിന് വേഗത്തില്‍ തോല്‍വി നേരിടേണ്ടിവരുമെന്നും യുക്രെയ്ന്‍ പ്രശ്‌നത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ റഷ്യക്കു അംഗീകരിക്കാനാകാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പലതവണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അലാസ്‌കയില്‍ നടത്തിയ ട്രംപ്- പുടിന്‍ ഉച്ചകോടിയും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചകളും ഇതുവരെ സമാധാനത്തിലേക്കുള്ള വഴിയൊരുക്കിയിട്ടില്ല. കഴിഞ്ഞ ആഴ്ച പുറത്തുവന്ന 28 അമേരിക്കന്‍ സമാധാന നിര്‍ദേശങ്ങള്‍ യുക്രെയ്നിനെയും യൂറോപ്പിനെയും ആശങ്കയിലാക്കിയിട്ടുണ്ട്.  നേറ്റോ വിഷയവും റഷ്യയുടെ അധീനതയിലുള്ള യുക്രെയ്ന്‍ പ്രദേശങ്ങളിലെ അവകാശവാദവും ഉള്‍പ്പെടുത്തി മോസ്‌കോയുടെ പ്രധാന ആവശ്യം സമ്മതിക്കുന്ന തരത്തിലുള്ളതാണ് കരട് നിര്‍ദേശമെന്ന് യുക്രെയ്ന്‍നും യൂറോപ്യന്‍ വൃത്തങ്ങളും പ്രതികരിച്ചു. യൂറോപ്യന്‍ ശക്തികള്‍ മറ്റൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ജനീവയില്‍ നടന്ന ചര്‍ച്ചകളില്‍ യുദ്ധം അവസാനിപ്പിക്കാന്‍ 'പുതുക്കിയ സമാധാന രൂപരേഖ' തയ്യാറാക്കിയതായി അമേരിക്കയും യുക്രെയ്നും അറിയിച്ചു.

കൂടിക്കാഴ്ചയ്ക്ക് മുമ്പ് ട്രംപിന്റെ സമാധാന ശ്രമങ്ങലെ യൂറോപ്യന്‍ രാജ്യങങള്‍ തകര്‍ക്കാനുള്ള നീക്കത്തിലാണെന്ന് പുടിന്‍ ആരോപിച്ചു. റഷ്യ ഒരിക്കലും അംഗീകരിക്കാനിടയില്ലാത്ത വ്യവസ്ഥകളാണ് യൂറോപ്പിന്റെ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അതുവഴി സമാധാന പ്രക്രിയ മുഴുവന്‍ തടസ്സപ്പെടുത്താനാണ് ശ്രമമെന്നും പുടിന്‍ പറഞ്ഞു. യൂറോപ്പ് റഷ്യയ്ക്കെതിരെ യുദ്ധം ആരംഭിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അവര്‍ പൂര്‍ണ്ണ തോല്‍വി നേരിടേണ്ടിവരുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി.

കരിങ്കടലില്‍  റഷ്യയുടെ 'ഷാഡോ ഫ്‌ളീറ്റ്' എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ടുള്ള യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി യുക്രെയ്നിന്റെ കടല്‍ പാതകള്‍ പൂട്ടുമെന്ന ഭീഷണിയും പുടിന്‍ ഉയര്‍ത്തി. അദ്ദേഹം നടത്തുന്ന പ്രസ്താവനകള്‍ യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്നതിന് തെളിവാണെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ പ്രതികരിച്ചു.

2024-ല്‍ ആരംഭിച്ച സമാധാന ചര്‍ച്ചകള്‍ തകര്‍ന്നതിന് ശേഷം ആദ്യമായാണ് യുദ്ധം അവസാനിപ്പിക്കാനുള്ള യഥാര്‍ഥ സാധ്യത തെളിയുന്നതെന്ന് റഷ്യന്‍ വൃത്തങ്ങള്‍ വിലയിരുത്തുന്നു. 2022-ലെ അധിനിവേശത്തിന് ശേഷം യുക്രെയ്നിന്റെ 19 ശതമാനത്തോളം പ്രദേശം റഷ്യയുടെ നിയന്ത്രണത്തിലാണ്. എന്നാല്‍ 2025-ല്‍ റഷ്യ ഏറ്റവും വേഗത്തിലുള്ള മുന്നേറ്റം നടത്തിയെങ്കിലും യുക്രെയ്ന്‍ മുഴുവന്‍ കീഴടക്കാന്‍ റഷ്യയ്ക്ക് സാധിച്ചിട്ടില്ല. യൂറോപ്യന്‍ പിന്തുണയും അമേരിക്കന്‍ ആയുധസഹായവുമാണ് യുക്രെയ്നിനെ നിലനിര്‍ത്തുന്നത്. 

മോസ്‌കോ ചര്‍ച്ചകളുടെ ഫലമാണ് എല്ലാം നിര്‍ണയിക്കുകയെന്നും യുക്രെയ്നിനെ ഭാഗിക്കുന്ന രഹസ്യ ഇടപാടുകള്‍ അനുവദിക്കില്ലെന്നും ഡബ്ലിനില്‍ സംസാരിച്ച സെലന്‍സ്‌കി പറഞ്ഞു. ചര്‍ച്ചകള്‍ കരാറിന്റെ കരട് രൂപത്തിലുള്ളതല്ലെന്നും ഭാവി കരാറുകളുടെ അടിസ്ഥാനം ആകാവുന്ന നിര്‍ദേശങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയിലെന്നും പുടിന്‍ വ്യക്തമാക്കി. യുക്രെയ്ന്‍ സമ്മതിക്കാത്ത പക്ഷം റഷ്യ കൂടുതല്‍ പ്രദേശങ്ങള്‍ കൈയടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

യുദ്ധത്തില്‍ 12 ലക്ഷം പേര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായാണ് യു എസ് കണക്കുകള്‍ പറയുന്നത്. റഷ്യയും യുക്രെയ്നും കൃത്യമായ മരണ കണക്ക് പുറത്തുവിട്ടിട്ടില്ല. യുക്രെയ്ന്‍ നഗരങ്ങള്‍ വ്യാപകമായി നശിക്കുകയും ലക്ഷക്കണക്കിന് പേരുടെ വീടുകള്‍ നഷ്ടമാവുകയും ചെയ്തു. 

യു എസ് സമാധാന നിര്‍ദേശങ്ങള്‍ പുറത്ത് വന്നതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ യുക്രെയ്നിനെ കൂടുതല്‍ ശക്തമായി പിന്തുണയ്ക്കാന്‍ തീരുമാനിച്ചിരുന്നു. റഷ്യയുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള കരാര്‍ മോസ്‌കോയ്ക്ക് പാശ്ചാത്യ നിക്ഷേപങ്ങള്‍ ലഭ്യമാക്കാനും റഷ്യയെ വീണ്ടും ജി8 ഗ്രൂപ്പിലേക്ക് തിരികെ കൊണ്ടുവരാനും വഴിയൊരുക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. യുക്രെയ്ന്‍ നേറ്റോയില്‍ ചേരാന്‍ പാടില്ലെന്ന ഉറപ്പ്, യുക്രെയ്ന്‍ സൈന്യത്തിന് പരിധി, ഡൊന്‍ബാസ് മുഴുവന്‍ റഷ്യയുടെ നിയന്ത്രണം, ക്രിമിയയും സപൊറിഷിയയും ഖേര്‍സണ്‍ മേഖലയും റഷ്യന്‍ ഭാഗമായി അംഗീകരിക്കല്‍ എന്നിവയാണ് റഷ്യയുടെ പ്രധാന ആവശ്യങ്ങള്‍. ഇവ അംഗീകരിക്കുന്നത് യുക്രെയ്നിനുള്ള പൂര്‍ണ്ണ കീഴടങ്ങലായിരിക്കുമെന്നും ഭാവിയില്‍ റഷ്യക്ക് കൂടുതല്‍ ആക്രമണങ്ങള്‍ക്ക് വഴി തെളിക്കുമെന്നും യുക്രെയ്ന്‍ മുന്നറിയിപ്പ് നല്‍കി. യുദ്ധം ആരംഭിച്ചത് റഷ്യയാണെന്നും അതിന് പ്രതിഫലം ലഭിക്കരുതെന്നും സെലന്‍സ്‌കി പറഞ്ഞു.