ധാക്ക: പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലും ഇന്ത്യ- ബംഗ്ലാദേശ് ബന്ധത്തില്‍ ഉയര്‍ന്നുവരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും ഇടയില്‍ ന്യൂഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ എല്ലാ വിസ സേവനങ്ങളും താത്ക്കാലികമായി നിര്‍ത്തിവച്ചു. ഹൈക്കമ്മീഷന്‍ പരിസരത്ത് പ്രതിഷേധസംഘം ഒത്തുകൂടിയതിനെ തുടര്‍ന്നാണ് ഈ നടപടി. ഇതിന് മുന്‍പ് ത്രിപുരയിലെ അഗര്‍ത്തലയിലുള്ള ബംഗ്ലാദേശിന്റെ അസിസ്റ്റന്റ് ഹൈക്കമ്മീഷനും ടിപ്ര മോദ പാര്‍ട്ടിയും മറ്റ് സംഘടനകളും നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് വിസ സേവനങ്ങള്‍ നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചിരുന്നു. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ വിസ സേവനങ്ങള്‍ കൈകാര്യം ചെയ്തിരുന്ന സ്വകാര്യ ഓപ്പറേറ്ററും അവിടെ നടന്ന നാശനഷ്ടത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തി.
'ഒഴിവാക്കാനാകാത്ത സാഹചര്യങ്ങള്‍' കാരണം വിസ പ്രോസസ്സിംഗ് ഉള്‍പ്പെടെയുള്ള എല്ലാ കോണ്‍സുലര്‍ സേവനങ്ങളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ലഭ്യമാകില്ലെന്ന് ന്യൂഡല്‍ഹിയിലെയും അഗര്‍ത്തലയിലെയും ബംഗ്ലാദേശ് ദൗത്യകേന്ദ്രങ്ങള്‍ പുറത്തിറക്കിയ അറിയിപ്പുകളില്‍ പറയുന്നു. എന്നാല്‍ അഗര്‍ത്തലയിലെ അസിസ്റ്റന്റ് ഹൈക്കമ്മീഷനിലെ ജീവനക്കാര്‍ അവിടെ തന്നെ തുടരുന്നതായി അധികൃതര്‍ അറിയിച്ചു.
ബംഗ്ലാദേശിലെ അസ്ഥിരതയ്ക്ക് തുടക്കം കുറിച്ചത് ഇന്ത്യ വിരുദ്ധ നിലപാടുകള്‍ കൊണ്ടു ശ്രദ്ധേയനായ തീവ്രവാദ സ്വഭാവമുള്ള വിദ്യാര്‍ഥി നേതാവ് ഷരീഫ് ഉസ്മാന്‍ ഹാദിയുടെ മരണത്തിന് പിന്നാലെയാണ്. ധാക്കയില്‍ വെടിയേറ്റ് പരിക്കേറ്റ ഹാദി സിംഗപ്പൂരില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. അദ്ദേഹത്തിന് ചില രാഷ്ട്രീയ വിഭാഗങ്ങളില്‍ നിന്നു ശക്തമായ പിന്തുണ ലഭിച്ചിരുന്നു. തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ പടര്‍ന്നു. ചില പ്രതിഷേധങ്ങള്‍ക്ക് ഇന്ത്യ വിരുദ്ധ സ്വഭാവവും ഉണ്ടായിരുന്നു.
ഡിസംബര്‍ 18ന് വലിയ ജനക്കൂട്ടം ചിറ്റഗോംഗിലെ ഇന്ത്യയുടെ അസിസ്റ്റന്റ് ഹൈക്കമ്മീഷനിലേക്ക് കയറാന്‍ ശ്രമിച്ചതോടെ പ്രാദേശിക ഭരണകൂടം കണ്ണീര്‍വാതകവും ലാത്തിചാര്‍ജും നടത്തി പ്രതിഷേധക്കാരെ പിരിച്ചുവിടുകയായിരു്ന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ ചിറ്റഗോംഗിലെ വിസ സേവനങ്ങള്‍ നിര്‍ത്തിവച്ചത്. ഹാദിയുടെ മരണത്തിനു ശേഷം ധാക്ക, ഖുല്‍ന, രാജ്ഷാഹി എന്നിവിടങ്ങളിലെ ഇന്ത്യന്‍ ദൗത്യകേന്ദ്രങ്ങള്‍ക്കടുത്തും പ്രതിഷേധങ്ങള്‍ നടന്നു.
പ്രതിഷേധങ്ങള്‍ ശക്തമായതോടെ ഹാദിയെ കൊലപ്പെടുത്തിയവര്‍ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടുവെന്ന് ചില ബംഗ്ലാദേശ് വിദ്യാര്‍ഥി നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും ആരോപിക്കുകയും സംശയിക്കപ്പെടുന്നവരെ ന്യൂഡല്‍ഹി കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ആരോപിക്കപ്പെടുന്ന ആക്രമികളുടെയിടം സംബന്ധിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന് ബംഗ്ലാദേശ് പൊലീസ് അറിയിച്ചു.
ന്യൂഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്റെ സുരക്ഷയില്‍ വീഴ്ച ഉണ്ടായെന്ന ആരോപണം വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. പ്രതിഷേധങ്ങള്‍ക്കിടെ മതനിന്ദ ആരോപണത്തിന്റെ പേരില്‍ ജനക്കൂട്ടം ഹിന്ദു യുവാവായ ദീപു ചന്ദ്ര ദാസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. ന്യൂഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നില്‍ ഈ സംഭവത്തിനെതിരെ പ്രതിഷേധിച്ചെങ്കിലും പൊലീസ് അവരെ പിരിച്ചുവിട്ടതായി ഇന്ത്യ അറിയിച്ചു.
ഇന്ത്യയുടെ വിശദീകരണം ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി തൗഹീദ് ഹുസൈന്‍ തള്ളിക്കളഞ്ഞു; ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ദാസിന്റെ കൊലപാതകത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണമെന്ന ഇന്ത്യയുടെ വിവരണവും ബംഗ്ലാദേശ് സര്‍ക്കാര്‍ നിരസിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സര്‍ക്കാര്‍ വീണതിനെ തുടര്‍ന്ന് വിദ്യാര്‍ഥി നേതൃത്വത്തിലുള്ള പ്രതിഷേധങ്ങളും മുഹമ്മദ് യൂനുസ് നയിക്കുന്ന കെയര്‍ടേക്കര്‍ ഭരണകൂടത്തിന്റെ ഉയര്‍ച്ചയും ഉണ്ടായതോടെ ഇന്ത്യ- ബംഗ്ലാദേശ് നയതന്ത്ര ബന്ധം നേരത്തേ തന്നെ സമ്മര്‍ദ്ദത്തിലായിരുന്നു. ഹാദിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പുതിയ അസ്ഥിരത ഇരു രാജ്യങ്ങളിലെയും ബന്ധത്തെ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.
