ടെഹ്രാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തൊള്ള മൊജ്തബ ഖമേനിയെ വിദഗ്ധ സമിതി തെരഞ്ഞെടുത്തിരിക്കുകയാണ്. അമേരിക്ക-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് അലി ഖമേനിയുടെ മകനാണ് അദ്ദേഹം.
1969 സെപ്തംബർ 8ന് ഇറാനിലെ മഷ്ഹദ് നഗരത്തിലാണ് മൊജ്തബ ഖമേനി ജനിച്ചത്. പതിനേഴാം വയസ്സിൽ തന്നെ ഇറാന്റെ റെവല്യൂഷണറി ആർമിയിൽ ചേർന്നു. ഇറാൻ-ഇറാഖ് യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ യുദ്ധത്തിൽ പങ്കെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു.
മുൻ നേതാവായ അലി ഖമേനിയെക്കാൾ സേനയുമായി അടുത്ത ബന്ധം മൊജ്തബയ്ക്കുണ്ടെന്നാണു വിലയിരുത്തൽ. അദ്ദേഹത്തെ പിന്തുണച്ച് സൈനികസംഘടന വിശ്വാസപ്രഖ്യാപനവും നടത്തിയിട്ടുണ്ട്.
ഖോം നഗരത്തിലായിരുന്നു മതപഠനം. അവിടെ അദ്ദേഹം മതപാഠം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ മുൻ പരമോന്നത നേതാക്കളെപ്പോലെ ഉയർന്ന മതപദവി അദ്ദേഹത്തിനില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
2009ൽ മുൻ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനേജാദ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഇറാനിൽ ഉണ്ടായ വലിയ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ മൊജ്തബയ്ക്ക് പങ്കുണ്ടെന്ന ആരോപണവും വിമർശകർ ഉന്നയിക്കുന്നു.
പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാതെ തന്നെ ഭരണകേന്ദ്രത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയെന്ന വിലയിരുത്തലും അദ്ദേഹത്തെക്കുറിച്ച് ഉണ്ടായിരുന്നു. രഹസ്യാന്വേഷണ സംവിധാനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയതായും റിപ്പോർട്ടുകളുണ്ട്.
ഇറാന്റെ ആണവ പദ്ധതിയെ കൂടുതൽ ശക്തമാക്കുന്ന നിലപാട് മൊജ്തബ സ്വീകരിക്കാമെന്നാണ് ചില പാശ്ചാത്യ നിരീക്ഷകരുടെ വിലയിരുത്തൽ. അതേസമയം ആരോഗ്യപ്രശ്‌നവുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായി 2004 മുതൽ 2008 വരെ ബ്രിട്ടനിലെ ആശുപത്രികളിൽ പോയതായി പുറത്തുവന്ന രേഖകളും വിവാദമായിരുന്നു.
2019ൽ അമേരിക്കൻ ഭരണകൂടം മൊജ്തബ ഖമേനിക്കെതിരെ സാമ്പത്തിക നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗിക സർക്കാർ പദവി ഇല്ലാതിരുന്നിട്ടും പിതാവിന്റെ അധികാരം ഉപയോഗിച്ച് ഭരണകാര്യങ്ങളിൽ ഇടപെട്ടുവെന്നാരോപിച്ചായിരുന്നു നടപടി.
ഇതിനിടെ പുതിയ നേതാവിനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കയും ഇസ്രയേലും രംഗത്തെത്തി. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനാൽ ഇറാനിലെ പുതിയ നേതൃത്വത്തെ ലോകം ഉറ്റുനോക്കുകയാണ്.
മൊജ്തബ ഖമേനി ഇറാന്റെ പുതിയ സുപ്രീം നേതാവ് : സൈനിക ബന്ധവും വിവാദങ്ങളും നിറഞ്ഞ നേതൃയാത്ര
