ലണ്ടൻ: 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്താൻ ഒരുങ്ങി ബ്രിട്ടൻ. കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റൽ ലോകത്തിന്റെ ദോഷഫലങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനുമായി പ്രധാനമന്ത്രി കെയർസ്റ്റാർമർ പ്രഖ്യാപിച്ച പദ്ധതിപ്രകാരമാണ് പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്.
2027 വസന്തകാലത്തോടെ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് സർക്കാർ സൂചന. ഇതിനായുള്ള നിയമനിർമാണ നടപടികൾ ഈ വർഷം അവസാനത്തിനുമുമ്പ് പാർലമെന്റിൽ അവതരിപ്പിക്കും.
പുതിയ ചട്ടപ്രകാരം 16 വയസ്സിന് താഴെയുള്ളവർക്ക് ടിക്‌ടോക്ക്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, യൂട്യൂബ്, എക്‌സ് (ട്വിറ്റർ) തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ സാധിക്കില്ല. അതേസമയം കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന വാട്‌സ്ആപ്പ്, സിഗ്‌നൽ പോലുള്ള മെസേജിങ് ആപ്പുകളെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് നടത്തിയ വിപുലമായ പൊതുജനാഭിപ്രായ സർവേയ്ക്ക് പിന്നാലെയാണ് സർക്കാർ നടപടി. ഒരു ലക്ഷത്തിലധികം ആളുകൾ പങ്കെടുത്ത സർവേയിൽ 90 ശതമാനം രക്ഷിതാക്കളും 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിയന്ത്രണം വേണമെന്ന് അഭിപ്രായപ്പെട്ടതായി സർക്കാർ വ്യക്തമാക്കി.
'കുട്ടികളുടെ ബാല്യം തിരികെ നൽകുകയാണ് ലക്ഷ്യം. ഓൺലൈൻ ലോകം കുടുംബങ്ങൾക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,' സ്റ്റാർമർ പറഞ്ഞു.
സോഷ്യൽ മീഡിയ വിലക്കിന് പുറമേ ലൈവ് സ്ട്രീമിങ്, അപരിചിതരുമായി നേരിട്ടുള്ള ആശയവിനിമയം തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള ഫീച്ചറുകൾക്കും നിയന്ത്രണം ഏർപ്പെടുത്തും. 16, 17 വയസ്സുള്ളവർക്കും ഇത്തരം സുരക്ഷാ ക്രമീകരണങ്ങൾ സ്വമേധയാ തുടരുമെന്നതാണ് പ്രത്യേകത.
കൃത്രിമ ബുദ്ധി (AI) അധിഷ്ഠിതമായ 'റൊമാന്റിക് കമ്പാനിയൻ' ചാറ്റ്‌ബോട്ടുകൾ ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 18 ആക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ലൈംഗികമോ പ്രണയപരമോ ആയ സംഭാഷണങ്ങൾക്ക് ഉപയോഗിക്കാവുന്ന ഇത്തരം സേവനങ്ങൾ പ്രായപൂർത്തിയാകാത്തവർക്ക് ലഭിക്കില്ല.
നിയന്ത്രണങ്ങൾ ഫലപ്രദമാക്കാൻ ശക്തമായ പ്രായപരിശോധന സംവിധാനവും നടപ്പാക്കും. ഉപയോക്താക്കളുടെ പ്രായം കൃത്യമായി സ്ഥിരീകരിക്കുന്ന സാങ്കേതിക വിദ്യകൾ കണ്ടെത്താൻ ബ്രിട്ടിഷ് മാധ്യമ നിയന്ത്രണ അതോറിറ്റിയായ Ofcom പഠനം ആരംഭിക്കും.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ടെക് കമ്പനികൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് സർക്കാർ നേരിട്ട് ഇടപെടുന്നതെന്ന് ബ്രിട്ടൻ വ്യക്തമാക്കി. കുട്ടികൾക്ക് കൂടുതൽ സുരക്ഷിതവും ആരോഗ്യകരവുമായ ഡിജിറ്റൽ അന്തരീക്ഷം ഒരുക്കുകയാണ് പുതിയ നിയമങ്ങളുടെ ലക്ഷ്യമെന്നും സർക്കാർ അറിയിച്ചു.
16 വയസ്സിന് താഴെയുള്ളവർക്ക് ടിക്‌ടോക്ക്, ഇൻസ്റ്റഗ്രാം വിലക്ക്; കടുത്ത നിയന്ത്രണങ്ങളുമായി ബ്രിട്ടൻ
