യുഎസ് സമ്മര്‍ദത്തില്‍ 'ബലമായ' ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന് ഇറാന്‍ ; അമേരിക്കയുടെ കടല്‍ ഉപരോധം തുടരുന്നു

യുഎസ് സമ്മര്‍ദത്തില്‍ 'ബലമായ' ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന് ഇറാന്‍ ; അമേരിക്കയുടെ കടല്‍ ഉപരോധം തുടരുന്നു


ടെഹ്രാൻ: യുഎസിന്റെ സമ്മർദവും ഭീഷണിയും തുടരുന്ന സാഹചര്യത്തിൽ 'ബലമായി' ചർച്ചകൾക്ക് ഇറാൻ തയ്യാറാകില്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ വ്യക്തമാക്കി. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.

യുഎസിന്റെ നടപടികൾ പരസ്പര വിശ്വാസത്തെ തകർക്കുന്നതാണെന്നും, ഇത്തരം 'വൈരപരമായ നടപടികളും പ്രവർത്തന സമ്മർദങ്ങളും' അവസാനിപ്പിക്കാതെ സംവാദത്തിന് വഴിയൊരുങ്ങില്ലെന്നും പെസെഷ്‌കിയാൻ പറഞ്ഞു. ഇറാൻ തുറമുഖങ്ങളിലേക്ക് വരുന്ന കപ്പലുകൾക്കെതിരായ ഉപരോധം ഉൾപ്പെടെയുള്ള തടസ്സങ്ങൾ ആദ്യം നീക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രദേശത്തെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ പാകിസ്താൻ സത്യസന്ധമായ ശ്രമങ്ങൾ തുടരുമെന്ന് ഷെഹ്ബാസ് ഷരീഫ് ഉറപ്പു നൽകി. സമാധാന ശ്രമങ്ങളുടെ ഭാഗമായി വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചിയുടെ നേതൃത്വത്തിലുള്ള ഇറാൻ പ്രതിനിധി സംഘം ഇസ്‌ലാമാബാദിൽ ചർച്ചകൾ നടത്തിയതിന് പിന്നാലെ ഒമാനിലെ മസ്‌കറ്റിലേക്ക് യാത്ര തിരിച്ചു.

അതേസമയം, യുഎസ് -ഇറാൻ ബന്ധത്തിൽ സംഘർഷം തുടരുന്നതിനിടെ കടൽ ഉപരോധം ശക്തമാക്കുകയാണ് അമേരിക്ക. പുതിയ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയതിനു പിന്നാലെ എം/വി സെവാൻ എന്ന എണ്ണക്കപ്പൽ അറേബ്യൻ കടലിൽ യുഎസ് നാവികസേന തടഞ്ഞ് തിരിച്ചുവിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

ട്രംപ് ഭരണകൂടം നടപ്പാക്കുന്ന ഉപരോധത്തിന്റെ ഭാഗമായി ഇതുവരെ 37 കപ്പലുകളെ യുഎസ് നാവികസേന വഴിതിരിച്ചുവിട്ടിട്ടുണ്ട്. നിർദ്ദേശങ്ങൾ അനുസരിക്കാത്ത മൂന്ന് കപ്പലുകൾ പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്.

'ഇക്കണോമിക് ഫ്യൂറി' എന്ന പേരിൽ യുഎസ് ധനകാര്യ വകുപ്പ് നടപ്പാക്കുന്ന സാമ്പത്തിക സമ്മർദ നടപടികളുടെ ഭാഗമായാണ് പുതിയ ഉപരോധങ്ങൾ. ഇറാനിൽ നിന്നുള്ള പ്രൊപെയ്ൻ, ബ്യൂട്ടെയ്ൻ തുടങ്ങിയ ഇന്ധനങ്ങൾ കടത്തിയെന്നാരോപിച്ചാണ് സെവാൻ ഉൾപ്പെടെയുള്ള കപ്പലുകൾക്കെതിരെ നടപടി സ്വീകരിച്ചത്.

സമാധാന ശ്രമങ്ങൾ തുടരുന്ന സാഹചര്യത്തിലും ഉപരോധവും സൈനിക സമ്മർദവും നിലനിൽക്കുന്നത് യുഎസ്ഇറാൻ ബന്ധത്തിൽ അനിശ്ചിതത്വം വർധിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു.