കാരക്കസ്: വെനസ്വേലയിൽ തുടർച്ചയായി ഉണ്ടായ രണ്ടു ഭൂചലനങ്ങളിൽ വ്യാപക നാശനഷ്ടം. കെട്ടിടങ്ങൾ നിലംപതിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. വെനസ്വേലയുടെ തീരമേഖലയിൽ ബുധനാഴ്ച്ച വൈകുന്നേരമാണ് തുടർച്ചയായി രണ്ട് ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടത്. ആദ്യം റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും, വെറും 39 സെക്കൻഡുകൾക്കുശേഷം 7.5 തീവ്രതയുള്ള മറ്റൊരു ശക്തമായ ഭൂചലനവും ഉണ്ടായി. തലസ്ഥാനമായ കാരക്കാസിൽ നിന്നും ഏകദേശം 168 കിലോമീറ്റർ പടിഞ്ഞാറുമാറി ഭൂമിക്കടിയിൽ 13 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം.
ഭൂചലനത്തെ തുടർന്ന് കാരക്കസിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. അൾട്ടാമിറ, ലോസ് പാലോസ് ഗാർഡൻസ് എന്നീ മേഖലകളിലും കെട്ടിടങ്ങൾ തകർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ മേഖലയിൽ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും ആരംഭിച്ചു.വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
നിരവധി പേർക്ക് പരിക്കേറ്റതായും അവരെ ആശുപത്രികളിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ഭൂചലനത്തെ തുടർന്ന് ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. വലിയ തോതിൽ മരണങ്ങളും വ്യാപക നാശനഷ്ടങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ പരിധിക്കുള്ളിലെ തീരപ്രദേശങ്ങളിൽ അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകാമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ പിന്നീട് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സുനാമി മുന്നറിയിപ്പ് പിൻവലിച്ചതായി അധികൃതർ അറിയിച്ചു.
വെനസ്വേലയിൽ അതിശക്തമായ ഇരട്ട ഭൂചലനം: കാരക്കാസിൽ കെട്ടിടങ്ങൾ തകർന്നു, വലിയ നാശനഷ്ടം
