ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം; കെട്ടിടങ്ങൾ തകർന്നു, സുനാമി മുന്നറിയിപ്പ്, ഒരാൾ മരിച്ചു

ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം; കെട്ടിടങ്ങൾ തകർന്നു, സുനാമി മുന്നറിയിപ്പ്, ഒരാൾ മരിച്ചു


മനില: ഫിലിപ്പീൻസിന്റെ തെക്കൻ തീരത്തോട് ചേർന്ന് തിങ്കളാഴ്ച ഉണ്ടായ ശക്തമായ ഭൂചലനം വ്യാപക നാശനഷ്ടങ്ങൾക്ക് കാരണമായി. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കുപ്രകാരം റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജപ്പാൻ കാലാവസ്ഥാ ഏജൻസി ഭൂചലനത്തിന്റെ തീവ്രത 8.2 ആയി രേഖപ്പെടുത്തി.

ഫിലിപ്പീൻസിലെ മിൻഡനാവോ ദ്വീപിന് സമീപം 35 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടർന്ന് ഫിലിപ്പീൻസ്, ഇൻഡോനേഷ്യ, പലാവു, തായ്‌വാൻ, പാപ്പുവ ന്യൂ ഗിനിയ എന്നിവിടങ്ങളിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ജപ്പാനിലെ ഇബരാക്കി പ്രവിശ്യ മുതൽ ഒകിനാവ വരെ തീരപ്രദേശങ്ങൾക്കും മുന്നറിയിപ്പ് നൽകി.

ഭൂചലനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. നിരവധി കെട്ടിടങ്ങൾ ശക്തമായി കുലുങ്ങുന്നതും ചില കെട്ടിടങ്ങൾ തകർന്നുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനാൽ നാശനഷ്ടങ്ങളുടെ പൂർണ ചിത്രം ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തെ തുടർന്ന് അടിയന്തര നടപടി സ്വീകരിക്കാൻ എല്ലാ സർക്കാർ സംവിധാനങ്ങൾക്കും ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർകോസ് ജൂനിയർ  നിർദേശം നൽകി. സുനാമി മുന്നറിയിപ്പ് ഗൗരവമായി കാണണമെന്നും തീരപ്രദേശങ്ങളിലുള്ളവർ ഉടൻ സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്നും അദ്ദേഹം അഭ്യർഥിച്ചു. 'ജീവനാണ് ഏറ്റവും പ്രധാനപ്പെട്ടത്, മറ്റെല്ലാം പിന്നീട് നോക്കാം' എന്നായിരുന്നു പ്രസിഡന്റിന്റെ സന്ദേശം.

ജനറൽ സാന്റോസ് സിറ്റി പോലീസിലെ മാസ്റ്റർ സർജന്റ് റോബർട്ട് ഡാഗൺ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി അറിയിച്ചു. എന്നാൽ രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ഇപ്പോൾ നൽകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭൂചലനത്തെ തുടർന്ന് മിൻഡനാവോ ഉൾപ്പെടെയുള്ള മേഖലകളിൽ രക്ഷാപ്രവർത്തനവും സുരക്ഷാ നടപടികളും ശക്തമാക്കിയിട്ടുണ്ട്. സുനാമി ഭീഷണി തുടരുന്നതിനാൽ തീരദേശ മേഖലകളിൽ ജാഗ്രത തുടരുകയാണ്.