അന്റാർട്ടിക്കയിൽ പോർച്ചുഗലിന്റെ വലുപ്പമുള്ള മഞ്ഞുപാളിയിൽ വിള്ളൽ; കാരണം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

അന്റാർട്ടിക്കയിൽ പോർച്ചുഗലിന്റെ വലുപ്പമുള്ള മഞ്ഞുപാളിയിൽ വിള്ളൽ; കാരണം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ


ന്യൂഡൽഹി: അന്റാർട്ടിക്കയിലെ ശീതകാലത്ത് സാധാരണയായി മഞ്ഞുപാളിയാൽ പൂർണമായി മൂടിക്കിടക്കുന്ന കടൽപ്രദേശത്ത് 2024 ഓഗസ്റ്റിലുണ്ടായ പോർച്ചുഗലിന്റെ വലുപ്പത്തോളം വരുന്ന ഭീമൻ മഞ്ഞുതുളയ്ക്ക് പിന്നിലെ കാരണം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ. ഈസ്റ്റ് അന്റാർട്ടിക്കയിലെ ബ്രെയ്ഡ് ഉൾക്കടലിൽ (Breid Bay) രൂപപ്പെട്ട അപൂർവ പ്രതിഭാസത്തിന് ശക്തമായ അന്തരീക്ഷ നദികളും സമുദ്രത്തിലെ ഉഷ്ണതരംഗങ്ങളുമാണ് പ്രധാന കാരണമെന്നാണ് പഠനം വ്യക്തമാക്കുന്നത്. 

സമുദ്രത്തിലെ മഞ്ഞുപാളികൾക്കിടയിൽ ചുറ്റപ്പെട്ട നിലയിൽ തുറന്നുകിടക്കുന്ന ജലപ്രദേശത്തെയാണ് പോളിന്യ (Polynya) എന്നു വിളിക്കുന്നത്. 2024 ഓഗസ്റ്റിൽ ബ്രെയ്ഡ് ഉൾക്കടലിൽ രൂപപ്പെട്ട പോളിന്യയുടെ പരമാവധി വിസ്തൃതി ഏകദേശം 89,121 ചതുരശ്ര കിലോമീറ്ററായിരുന്നു. പോർച്ചുഗലിന്റെ മൊത്തം വിസ്തൃതിയേക്കാൾ അൽപം മാത്രം കുറവാണിത്. അന്റാർട്ടിക്കൻ ശീതകാലത്ത്, പ്രത്യേകിച്ച് ജൂലൈഓഗസ്റ്റ് മാസങ്ങളിൽ, ഈ പ്രദേശം സാധാരണയായി പൂർണമായും മഞ്ഞുമൂടിയ നിലയിലായിരിക്കും. 

ഭൗമശാസ്ത്രജ്ഞൻ ജീബൻജ്യോതി സ്വെയിൻ ഉൾപ്പെട്ട ഇന്ത്യൻ ഗവേഷകസംഘമാണ് പ്രതിഭാസത്തെക്കുറിച്ച് പഠനം നടത്തിയത്. Geophysical Research Letters ൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് മഞ്ഞുപാളി തകർന്നതിനു പിന്നിലെ കാലാവസ്ഥാ ഘടകങ്ങൾ വിശദീകരിക്കുന്നത്. 

താഴ്ന്ന അക്ഷാംശങ്ങളിൽനിന്ന് അന്റാർട്ടിക്കയിലേക്ക് വൻതോതിൽ ഈർപ്പം എത്തിക്കുന്ന ശക്തമായ അന്തരീക്ഷ നദികളാണ് (Atmospheric Rivers) പ്രധാന കാരണങ്ങളിലൊന്ന്. ആകാശത്തിലെ നദികൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ നീണ്ട ഈർപ്പപാതകൾ ചൂടുള്ളതും ഈർപ്പം നിറഞ്ഞതുമായ വായുവിനെ അന്റാർട്ടിക്കൻ മേഖലയിലേക്ക് എത്തിച്ചു. 2024 ജൂലൈ മുതൽ ഓഗസ്റ്റ് വരെ കുറഞ്ഞത് ആറ് ശക്തമായ അന്തരീക്ഷ നദികൾ ഈ മേഖലയിലൂടെ കടന്നുപോയതായി പഠനം ചൂണ്ടിക്കാട്ടുന്നു. മധ്യശീതകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഈർപ്പഗതാഗത സംഭവങ്ങളിൽ ചിലതായിരുന്നു ഇവ. 

അന്തരീക്ഷ നദികൾ ശക്തമായതോടെ അന്തരീക്ഷത്തിലെ ചൂട് വർധിക്കുകയും ചൂടുള്ള മഞ്ഞുവീഴ്ചയും സമുദ്രത്തിലേക്കുള്ള താപപ്രവാഹവും വർധിക്കുകയും ചെയ്തു. തെക്കോട്ടുള്ള ശക്തമായ വായുപ്രവാഹം കടൽമഞ്ഞിനെ ധ്രുവദിശയിലേക്ക് നീക്കുകയും തുറന്ന ജലപ്രദേശം രൂപപ്പെടാൻ സഹായിക്കുകയും ചെയ്തു. 

ഇതിനൊപ്പം സമുദ്രത്തിന്റെ അടിത്തട്ടിലുള്ള ചൂടുള്ള ജലം ഉപരിതലത്തിലേക്ക് ഉയർന്നതും സ്ഥിതി കൂടുതൽ ഗുരുതരമാക്കി. എക്മാൻ സക്ഷൻ (Ekman suction) എന്ന സമുദ്രപ്രക്രിയയിലൂടെ ആഴത്തിലുള്ള ചൂടുള്ള ജലം മുകളിലേക്ക് എത്തിയതോടെ ഉപരിതല സമുദ്രജലത്തിന്റെ താപനില ഉയർന്നു. ഇതുമൂലം പുതിയ മഞ്ഞ് രൂപപ്പെടുന്ന പ്രക്രിയ മന്ദഗതിയിലാകുകയും ഒടുവിൽ തടസ്സപ്പെടുകയും ചെയ്തു. 

തുടർച്ചയായ സമുദ്ര ഉഷ്ണതരംഗങ്ങളും (Marine Heatwaves) മഞ്ഞ് രൂപപ്പെടുന്നതിന് തടസ്സമായി. അന്തരീക്ഷത്തിൽനിന്നുള്ള ചൂടും സമുദ്രത്തിന്റെ അടിത്തട്ടിൽനിന്ന് മുകളിലെത്തിയ ചൂടും ഒരേസമയം പ്രവർത്തിച്ചതാണ് ഇത്രയും വലിയ പോളിന്യ രൂപപ്പെടാൻ കാരണമായതെന്ന് ഗവേഷകർ വിലയിരുത്തുന്നു. 

കാലാവസ്ഥാ വ്യതിയാനം തുടരുന്ന സാഹചര്യത്തിൽ ഇത്തരം അന്തരീക്ഷ നദികളും വായുസമുദ്ര ഉഷ്ണതരംഗങ്ങളും കൂടുതൽ ശക്തമാകാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ അന്റാർട്ടിക്കയിൽ ഇത്തരം തുറന്ന കടൽപ്രദേശങ്ങൾ ഭാവിയിൽ കൂടുതൽ പതിവാകുമോ എന്നത് ശാസ്ത്രലോകം നിരീക്ഷിച്ചുവരികയാണ്. 

അന്റാർട്ടിക്കയിലെ കടൽമഞ്ഞിന്റെ സമീപകാല മാറ്റങ്ങളും ആശങ്ക ഉയർത്തുന്നതാണ്. 2023ലും 2024ലും ശീതകാല കടൽമഞ്ഞിന്റെ വ്യാപ്തി റെക്കോർഡ് നിലവാരത്തിൽ താഴ്ന്നിരുന്നു. സമുദ്രതാപനവും അന്തരീക്ഷത്തിലെ മാറ്റങ്ങളും പരസ്പരം ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതോടെ ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികളുടെ സ്ഥിരതയെക്കുറിച്ചുള്ള പഠനങ്ങൾക്കും പ്രാധാന്യം വർധിക്കുകയാണ്.