ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യാന്‍ മാര്‍പാപ്പയ്ക്ക് ശസ്ത്രക്രിയ

ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യാന്‍ മാര്‍പാപ്പയ്ക്ക് ശസ്ത്രക്രിയ


വത്തിക്കാന്‍: ശ്വാസകോശത്തില്‍ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തിയ മുഴ നീക്കം ചെയ്യുന്നതിന് വരും ദിവസങ്ങളില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ആഞ്ചലൂസ് പ്രാര്‍ഥനയ്ക്കുശേഷം നടത്തിയ പ്രസംഗത്തിലാണ് 71-കാരനായ മാര്‍പാപ്പ ഇക്കാര്യം അറിയിച്ചത്. പതിവ് ആരോഗ്യപരിശോധനയ്ക്കിടെയാണ് ശ്വാസകോശത്തിലെ മുഴ വളരെ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ആഴ്ചയുടെ ആദ്യ ദിവസങ്ങളില്‍ ശസ്ത്രക്രിയ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ സുഖം പ്രാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അപ്പസ്‌തോലിക കൊട്ടാരത്തിന്റെ ജനാലയില്‍നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യവേ മാര്‍പാപ്പ പറഞ്ഞു.

റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുക. അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പെടെ മുന്‍ മാര്‍പാപ്പമാര്‍ ചികിത്സ തേടിയിട്ടുള്ള ആശുപത്രിയാണിത്. മാര്‍പാപ്പമാര്‍ക്കായി ആശുപത്രിയില്‍ പ്രത്യേക താമസസൗകര്യവുമുണ്ട്.

2025 ഏപ്രില്‍ 21-ന് അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ ജീവിതത്തിലുടനീളം വിട്ടുമാറാത്തതും തീവ്രവുമായ ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. മരണത്തിന് ഏതാനും മാസങ്ങള്‍ക്കുമുമ്പ്, 2025 ഫെബ്രുവരിയില്‍, അദ്ദേഹത്തിന് ഗുരുതരമായ ശ്വാസതടസ്സമുണ്ടായി. തുടര്‍ന്ന് ഇരുശ്വാസകോശങ്ങളെയും ബാധിച്ച ന്യൂമോണിയയും തീവ്രമായ ശ്വാസതടസ്സവും ഉണ്ടായതിനെത്തുടര്‍ന്ന് ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

'നിങ്ങളുടെ പ്രാര്‍ഥനകളില്‍ എന്നെയും ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ഥിക്കുന്നു,' ലിയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞു.

2025 മേയില്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന് ഇതുവരെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ടെന്നീസ് കളിക്കുകയും നീന്തുകയും ഉള്‍പ്പെടെയുള്ള ശാരീരിക വ്യായാമങ്ങളില്‍ അദ്ദേഹം സജീവമാണ്. മാര്‍പാപ്പമാരുടെ വേനല്‍ക്കാല വസതിയായ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലും അദ്ദേഹം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറുണ്ട്.

യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കണമെന്നും കരിങ്കടല്‍ വഴി ധാന്യങ്ങളുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസംഗത്തിന്റെ അവസാനത്തിലാണ് മാര്‍പാപ്പ ശസ്ത്രക്രിയയെക്കുറിച്ച് അറിയിച്ചത്.

'ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ഭക്ഷണം യുദ്ധത്തിന്റെ ബന്ദിയാക്കാന്‍ പാടില്ല,' അദ്ദേഹം പറഞ്ഞു.

ശസ്ത്രക്രിയയ്ക്കുശേഷവും മാര്‍പാപ്പയ്ക്ക് തിരക്കേറിയ ഔദ്യോഗിക പരിപാടികളുണ്ട്. നവംബര്‍ 6 മുതല്‍ 17 വരെ ഉറുഗ്വേ, അര്‍ജന്റീന, പെറു എന്നീ രാജ്യങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന അജപാലന സന്ദര്‍ശനവും ഇതില്‍ ഉള്‍പ്പെടുന്നു.