വത്തിക്കാന്‍: ട്രംപ് ഭരണകൂടത്തെ തനിക്ക് ഭയമില്ലെന്നും സമാധാനത്തിനുള്ള പോരാട്ടവും യുദ്ധവിരുദ്ധ നിലപാടുകളും തുടരുമെന്നും മാര്‍പാപ്പ ലിയോ പതിനാലാമന്‍. യു എസ് പ്രസിഡന്റ് ട്രംപ് മാര്‍പാപ്പയുടെ അഭിപ്രായങ്ങളെ വിമര്‍ശിച്ചതിന് പിന്നാലെയാണ് പോപ്പ് മറുപടി നല്‍കിയത്. അല്‍ജീരിയയിലേയ്ക്കുള്ള യാത്രയ്ക്കിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മാര്‍പാപ്പ ട്രംപിനെതിരെ വീണ്ടും സംസാരിച്ചത്.
വിദേശ നയങ്ങളില്‍ മാര്‍പാപ്പ പരാജയമാണെന്നും കുറ്റകൃത്യങ്ങളെ കുറിച്ച് സംസാരിക്കുന്നതില്‍ ദുര്‍ബലനാണെന്നുമാണ് ട്രംപ് പോപ്പിനെ വിമര്‍ശിച്ചത്.
താന്‍ ഇവിടെയുള്ളത് സമാധാനത്തിനു വേണ്ടി ശബ്ദിക്കാനാണെന്നും ലോകത്ത് നിരപരാധികള്‍ കൊല്ലപ്പെടുമ്പോള്‍ മെച്ചപ്പെട്ട വഴികള്‍ ആരെങ്കിലും പറഞ്ഞു കൊടുക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വെനസ്വേലയെ അമെരിക്ക ആക്രമിച്ചതിനെ മാര്‍പ്പാപ്പ വിമര്‍ശിച്ചതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഇതിനു പിന്നാലെ താന്‍ മാര്‍പ്പാപ്പയുടെ ആരാധകനല്ലെന്നും ട്രംപ് തുറന്നടിച്ചു.
ഇറാനിയന്‍ നാഗരികതയെ നശിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണിയെയും അദ്ദേഹത്തിന്റെ കുടിയേറ്റ നയങ്ങളെയും മാര്‍പ്പാപ്പ വിമര്‍ശിച്ചിട്ടുണ്ട്. ട്രംപുമായി വ്യക്തിപരമായ തര്‍ക്കത്തിന് ഇല്ലെന്നും എന്നാല്‍ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വിട്ടു വീഴ്ച ചെയ്യില്ലെന്നുമാണ് വത്തിക്കാന്റെ നിലപാട്. യേശുവിനോട് ഉപമിച്ചു കൊണ്ടുള്ള എ ഐ ചിത്രങ്ങള്‍ ട്രംപ് പ്രചരിപ്പിച്ചത് ഉള്‍പ്പടെയുള്ള വിവാദങ്ങള്‍ക്ക് ഇടയിലാണ് മാര്‍പ്പാപ്പയുടെ പുതിയ നിലപാട്.
