മോഡി ക്ക് ക്ഷണം നൽകുമെന്ന് ബിഎൻപി; തരീഖ് റഹ്മാന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ആഹ്വാനം

മോഡി ക്ക് ക്ഷണം നൽകുമെന്ന് ബിഎൻപി; തരീഖ് റഹ്മാന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ആഹ്വാനം


ധാക്ക: ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ബി എൻ പി നേതാവ് തരീഖ് റഹ്മാൻപ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിക്കുമെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അറിയിച്ചു. ബിഎൻപി വർക്കിംഗ് .പ്രസിഡന്റായ തരീഖിന്റെ വിദേശകാര്യ ഉപദേഷ്ടാവായ ഹുമയൂൺ കബീർ ഒരു അഭിമുഖത്തിൽ ഈ വിവരം സ്ഥിരീകരിച്ചു.

പ്രാദേശിക സഹകരണത്തിന് പ്രാധാന്യം നൽകുന്നതാണ് പുതിയ സർക്കാരിന്റെ വിദേശനയമെന്ന് കബീർ വ്യക്തമാക്കി. “പ്രദേശത്തെ ശക്തമായ കൂട്ടായ്മയാക്കി മാറ്റുക എന്നതാണ് കാഴ്ചപ്പാട്.  സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം നൽകുന്നത് സൗഹൃദ സൂചനയാണ്,” അദ്ദേഹം പറഞ്ഞു.

ബിഎൻപി സർക്കാർ പ്രാദേശിക വേദികളെ സജീവമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും കബീർ കൂട്ടിച്ചേർത്തു. (സാർക്ക്), (ബിംസ്റ്റെക്) പോലുള്ള സംഘടനകളിലൂടെ സഹകരണം വർധിപ്പിക്കാനാണ് നീക്കം.

ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിഎൻപി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചതോടെ ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ വലിയ മാറ്റമാണ് ഉണ്ടായത്. 2024-ൽ അധികാരത്തിൽ നിന്ന് പുറത്തായ  അവാമി ലീഗ് സർക്കാരിന് ശേഷം പുതിയ അധ്യായമാണ് തുറക്കുന്നത്.

തരീഖ് റഹ്മാനെ “ഗംഭീര വിജയം” നേടിയതിൽ അഭിനന്ദിച്ച് മോഡി ഫോൺ വഴി ആശംസ അറിയിച്ചതായും, ജനാധിപത്യവും പുരോഗമനപരവുമായ ബംഗ്ലാദേശിന് ഇന്ത്യയുടെ പിന്തുണ തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം, ഷെയ്ഖ് ഹസീനയുടെ ഇന്ത്യയിലെ സാന്നിധ്യം സംബന്ധിച്ച് ആശങ്കകളുണ്ടെന്ന് ബിഎൻപി വൃത്തങ്ങൾ സൂചിപ്പിച്ചു. വരും ദിവസങ്ങളിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നാണ് വിവരം. മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനായ തരീഖ് റഹ്മാൻ ഏകദേശം ഇരുപത് വർഷത്തെ പ്രവാസജീവിതത്തിന് ശേഷമാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്.