നൈസ്: ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്രാൻസിലെത്തി. ഫ്രാൻസിന്റെ വിദ്യാഭ്യാസ മന്ത്രി എഡ്വാർഡ് ജെഫ്രേ, ഉന്നത വിദ്യാഭ്യാസ ഗവേഷണ ബഹിരാകാശ മന്ത്രി ഫിലിപ്പ് ബാപ്റ്റിസ്റ്റ്, ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ തിയറി മാതൂ, നൈസ് മേയർ എറിക് സിയോട്ടി എന്നിവർ ചേർന്നാണ് മോഡിയെ സ്വീകരിച്ചത്.
ഫ്രാൻസ് സന്ദർശനത്തിനിടെ നൈസ്, എവിയാൻ, പാരിസ് എന്നിവിടങ്ങളിലായി വിവിധ പരിപാടികളിൽ മോദി പങ്കെടുക്കും. ഇന്ത്യയുടെ വികസന പങ്കാളികളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു.
ഞായറാഴ്ച പ്രസിഡന്റ് മാക്രോണുമായി മോഡി ഉഭയകക്ഷി ചർച്ച നടത്തും. ഇന്ത്യ, ഫ്രാൻസ്, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ സ്റ്റാർട്ടപ്പുകളെയും നിക്ഷേപ ഫണ്ടുകളെയും ഒരുമിച്ച് കൊണ്ടുവരുന്ന 'ഭാരത് ഇന്നൊവേറ്റ്‌സ്' പരിപാടിയും ഇരുവരും ചേർന്ന് ഉദ്ഘാടനം ചെയ്യും. ഇന്ത്യഫ്രാൻസ് ബന്ധത്തിന്റെ വിവിധ മേഖലകൾ ചർച്ചയാകും.
ജൂൺ 16, 17 തീയതികളിൽ എവിയാനിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന മോഡി, ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളുടെ ആശങ്കകളും പ്രതീക്ഷകളും ഉയർത്തിക്കാട്ടുമെന്ന് വ്യക്തമാക്കി. ഇന്ത്യയുടെ വർധിച്ചുവരുന്ന ആഗോള സ്വാധീനത്തിന്റെയും വിശ്വാസ്യതയുടെയും തെളിവാണ് ജി7 വേദിയിലെ സാന്നിധ്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ വരവിനെ ആദരിച്ച് നൈസ് സിറ്റി ഹാളിൽ ഇന്ത്യൻ ദേശീയപതാക ഉയർത്തി. ജൂൺ 18ന് പാരിസിൽ നടക്കുന്ന യൂറോപ്പിലെ പ്രമുഖ സാങ്കേതികനവീകരണ സമ്മേളനമായ വിവാടെക് 2026ലും മോഡി പങ്കെടുക്കും. ഫ്രാൻസ് സന്ദർശനത്തിന് ശേഷം അദ്ദേഹം സ്ലൊവാക്യയിലേക്ക് യാത്ര തിരിക്കും.
ജി7 ഉച്ചകോടിക്കായി ഫ്രാൻസിൽ മോഡി; മാക്രോണുമായി കൂടിക്കാഴ്ച ഇന്ന്
