'സൗഹൃദ വെടിവെയ്പില്‍' തകര്‍ന്നുവീണ വിമാന പൈലറ്റുമാര്‍ നേരിട്ടത് വ്യത്യസ്ത പ്രതികരണങ്ങള്‍

'സൗഹൃദ വെടിവെയ്പില്‍' തകര്‍ന്നുവീണ വിമാന പൈലറ്റുമാര്‍ നേരിട്ടത് വ്യത്യസ്ത പ്രതികരണങ്ങള്‍


കുവൈത്ത് സിറ്റി: കുവൈത്തില്‍ വെടിവെച്ചിട്ട എ15 യുദ്ധവിമാനങ്ങളില്‍ നിന്ന് പാരഷൂട്ടിലൂടെ പുറത്തേക്ക് ചാടിയ അമേരിക്കന്‍ പൈലറ്റുമാര്‍ക്ക് പ്രദേശവാസികളില്‍ നിന്ന് നേരിടേണ്ടി വന്നത് വ്യത്യസ്ത പ്രതികരണങ്ങള്‍. ഒരു പൈലറ്റിനെ ചിലര്‍ ഇരുമ്പ് പൈപ്പുമായി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍, മറ്റൊരു വനിതാ പൈലറ്റിനെ 'ഞങ്ങള്‍ക്ക് സഹായം നല്‍കിയതിന് നന്ദി' എന്ന് പറഞ്ഞ് സ്വീകരിക്കുകയായിരുന്നു. 

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ഒരു സംഘം ആളുകള്‍ ഒരു പൈലറ്റിനു ചുറ്റും കോപത്തോടെ വിളിച്ചുകൂവുന്നതും,ഒരാള്‍ കൈയില്‍ പിടിച്ചിരുന്ന പൈപ്പുകൊണ്ട് അടിക്കാനാഞ്ഞ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തുന്നതും കാണുന്നുണ്ട്.  ഇയാള്‍ ഇറാനിയന്‍ പൈലറ്റാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു നീക്കം. താന്‍ അമേരിക്കക്കാരനാണെന്ന് പൈലറ്റ് വിളിച്ചുപറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് നാട്ടുകാര്‍ പിന്നോട്ട് മാറിയതോടെ സംഘര്‍ഷാവസ്ഥ ശമിക്കുകയായിരുന്നു. 

അതേസമയം, വിമാനം വിട്ടിറങ്ങിയ മറ്റൊരു വനിതാ പൈലറ്റ് നിലത്തിരുന്ന് സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. രണ്ട് പേര്‍ സമീപത്തെത്തി അവരുമായി സംസാരിക്കുകയും വീഡിയോ പകര്‍ത്തുകയും ചെയ്തു. അവരെ ഇറാനിയന്‍ പൈലറ്റാണെന്ന് തെറ്റിദ്ധരിക്കാതെയാണ് സമീപിച്ചത്. നിങ്ങള്‍ക്ക് സുഖമാണോ? എന്നും സഹായം വേണോ? എന്നുമാണ് അവര്‍ ചോദിച്ചത്. തനിക്ക് സുഖമാണെന്ന് പൈലറ്റ് മറുപടി നല്‍കി. പ്രശ്‌നമില്ല, നിങ്ങള്‍ സുരക്ഷിതരാണെന്ന് ഒരു കുവൈത്തി പൗരന്‍ ആവര്‍ത്തിച്ച് ഉറപ്പുനല്‍കുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം.

മൂന്നാമത്തെ പൈലറ്റിനും കുവൈത്തി സ്വദേശികള്‍ ഉടന്‍ സഹായം നല്‍കി. അദ്ദേഹത്തെ കാറില്‍ കയറ്റി അമേരിക്കന്‍ സൈനിക താവളത്തിലേക്ക് എത്തിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സൗഹൃദ വെടിവെപ്പില്‍ കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം മൂന്ന് എ15 യുദ്ധവിമാനങ്ങളെ വെടിവെച്ച് വീഴ്ത്തിയതായി സ്ഥിരീകരിച്ചു. വിമാനങ്ങള്‍ നിലത്തേക്ക് പതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ യു എസ് സൈന്യം പ്രതികരിച്ചു. പൈലറ്റുകള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഏകദേശം 90 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വിമാനങ്ങള്‍ നിലത്തേക്ക് ചുറ്റിക്കറങ്ങി വീണതായാണ് റിപ്പോര്‍ട്ട്.

ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിയ്ക്ക് പിന്തുണയായി പറന്ന മൂന്ന് യു എസ് എഫ്15ഇ സ്ട്രൈക്ക് ഈഗിള്‍ വിമാനങ്ങള്‍ സൗഹൃദ വെടിവെപ്പില്‍ കുവൈത്തില്‍ തകര്‍ന്നുവീണുവെന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു. ആറ് വിമാനസേനാംഗങ്ങളും സുരക്ഷിതമായി പുറത്തേക്കു ചാടി രക്ഷപ്പെട്ടതായും എല്ലാവരെയും സുരക്ഷിതമായി കണ്ടെത്തിയെന്നും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നും സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

കുവൈത്തിന്റെ പ്രതിരോധ മന്ത്രാലയവും വിമാനം തകര്‍ന്നുവീണ കാര്യം സ്ഥിരീകരിച്ചു. അധികാരികള്‍ തിരച്ചില്‍- രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും പൈലറ്റുമാരെ വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആശുപത്രിയിലേക്ക് മാറ്റിയതായും അറിയിച്ചു.