മൊഗാദിഷു: സാങ്കേതിക തകരാറിനെ തുടർന്ന് സൊമാലിയയിലെ തലസ്ഥാനമായ മൊഗാദിഷുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള കടലോരത്ത് അടിയന്തരമായി ലാൻഡ് ചെയ്ത യാത്രാവിമാനത്തിലെ മുഴുവൻ യാത്രക്കാരും രക്ഷപ്പെട്ടതായി റിപ്പോർട്ട്. വിമാനത്തിലെ പൈലറ്റിന്റെ സമയോചിതവും ധൈര്യപൂർണവുമായ തീരുമാനത്തെ വിമാന കമ്പനി പ്രശംസിച്ചു.
സ്റ്റാർസ്‌കൈ ഏവിയേഷൻ കമ്പനിയുടെ ഫോകർ-50 വിഭാഗത്തിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. 50 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ മൊഗാദിഷുവിൽനിന്ന് പറന്നുയർന്നതിന് പിന്നാലെ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതോടെ പൈലറ്റ് വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കാൻ അനുമതി തേടി.
റൺവേയിൽ വിമാനം ഇറങ്ങിയെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ട് റൺവേ മറികടന്ന് സമീപത്തെ കടൽതീരത്തിലേക്ക് നീങ്ങി നിൽക്കുകയായിരുന്നുവെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകൾ ഉണ്ടായിട്ടില്ല.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളിൽ യാത്രക്കാർ സുരക്ഷിതമായി വിമാനത്തിൽനിന്ന് ഇറങ്ങുന്നത് കാണാം. രക്ഷാപ്രവർത്തനത്തിനായി യുഎൻ, ആഫ്രിക്കൻ യൂണിയൻ സേനാംഗങ്ങളും സ്ഥലത്തെത്തി.
'യാത്രക്കാരും ജീവനക്കാരും പൂർണമായും സുരക്ഷിതരാണ്. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന്റെ ശാന്തവും വേഗത്തിലുള്ള തീരുമാനമാണ് എല്ലാവരുടെയും ജീവൻ രക്ഷിച്ചതിന് കാരണമായതെന്ന് സ്റ്റാർസ്‌കൈ ഏവിയേഷൻ വക്താവ് ഹസ്സൻ മുഹമ്മദ് ആദൻ പറഞ്ഞു.
കടലോരത്ത് അടിയന്തര ലാൻഡിങ്; 55 പേരുടെ ജീവൻ രക്ഷിച്ച പൈലറ്റിന്റെ ധീരതയ്ക്ക് പ്രശംസ
