ബലൂചിസ്ഥാനിലെ വനിതാ ചാവേറുകളുടെ ചിത്രം പുറത്തുവിട്ടു

ബലൂചിസ്ഥാനിലെ വനിതാ ചാവേറുകളുടെ ചിത്രം പുറത്തുവിട്ടു


കറാച്ചി: ബലൂചിസ്ഥാനിലുണ്ടായ ആക്രമണങ്ങളില്‍ പങ്കുവഹിച്ച വനിതാ ചാവേറുകളുടെ ചിത്രം ബലൂച്ച് ലിബറേഷന്‍ ആര്‍മി പുറത്തുവിട്ടു. 24കാരിയായ ആസിഫ മെംഗാള്‍ ആണ് ചാവേറുകളിലൊരാള്‍. രണ്ടാമത്തെ വനിതയെ തിരിച്ചറിഞ്ഞിട്ടില്ല. 2023ലാണ് ആസിഫ ബലൂച്ച് ലിബറേഷന്‍ ആര്‍മിയില്‍ അംഗമായത്.

പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ എസ് ഐയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആസിഫ ചാവേറായി ആക്രമണം നടത്തിയത്. ബി എല്‍ എയുടെ ആക്രമണത്തില്‍ 50ലധികം സൈനികരും പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.

ശനിയാഴ്ചയായിരുന്നു ഓപ്പറേഷന്‍ ഹെറോഫ് 2 എന്ന പേരില്‍ ബി എല്‍ എ ആക്രമണം നടത്തിയത്. എന്നാല്‍ പാക്കിസ്ഥാന്റെ തിരിച്ചടിയില്‍ 140ലധികം പേര്‍ കൊല്ലപ്പെട്ടതായി ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി സര്‍ഫ്രാസ് ബുഗ്തി പറയുന്നു.

ഫോട്ടോയ്ക്ക് പുറമേ യുവതികളുടെ വീഡിയോയും ബി എല്‍ എ പുറത്തുവിട്ടിരുന്നു. പാക്കിസ്ഥാന്‍ സൈനികര്‍ക്കു നേരെ ആക്രമണം നടത്തുന്നതിനിടെ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയ വിഡിയോയാണ് പുറത്തു വിട്ടത്. യുവതി പാക് സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുന്നതും പുഞ്ചിരിച്ച് സംസാരിക്കുന്നതും വിഡിയോയിലുണ്ട്.

ഗ്വാദര്‍ ഫ്രണ്ടില്‍ ഓപ്പറേഷന്‍ ഹെറോഫ് 2 നടക്കുന്നതിനിടെയാണ് യുവതി പൊട്ടിത്തെറിച്ചത്.  മരണത്തിന് 12 മണിക്കൂറിനു മുന്‍പെടുത്ത വീഡിയോ എന്ന കുറിപ്പോടെയാണ് ബി എല്‍ എ യുവതി ചിരിച്ചു സംസാരിക്കുന്ന വീഡിയോ പുറത്തു വിട്ടത്.

ബലോച് രാജ്യം, ഇന്ന് നിങ്ങളുടെ സഹോദരിമാരില്‍ ഒരാള്‍ പഞ്ചാബി സൈന്യത്തിനു നേരെ നിന്ന് പൊരുതുന്നു, ഇനി നിങ്ങളും ധൈര്യത്തോടെ കടന്നു വരുക. അതല്ലാതെ മറ്റൊരു സാധ്യതയും നമുക്കില്ലെന്നാണ് യുവതി വീഡിയോയില്‍ പറയുന്നത്. 

പാക്കിസ്ഥാന് ഒരിക്കലും ഭയത്തില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കില്ല. പാക്കിസ്ഥാന് നമ്മളുടെ മുഖത്ത് നോക്കാന്‍ പോലും സാധിക്കില്ല. ഇന്ന് നമ്മുടെ സന്തോഷത്തിന്റെ ദിവസമാണ്. നാമിന്ന് ശത്രുക്കളെ നേരിട്ടിരിക്കുന്നു. കൂട്ടത്തിലുള്ള മറ്റൊരാള്‍ യുദ്ധം എങ്ങനെയുണ്ട് എന്നു ചോദിക്കുമ്പോള്‍ യുദ്ധം രസകരമാണെന്നായിരുന്നു യുവതിയുടെ മറുപടി. ബലോച് രാജ്യം ഉണരേണ്ടിയിരിക്കുന്നു. നമ്മുടെ ശത്രുക്കളുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. അവര്‍ക്കു വലിയ ശക്തിയൊന്നുമില്ല. ശത്രുക്കളുമായി ഒരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും തയ്യാറാകേണ്ടതില്ല. ഇന്നു നമ്മുടെ പോരാളികള്‍ അവരുടെ ജീവന്‍ തന്നെ ബലി കൊടുക്കുന്നു. അവരുടെ ശരീരം തന്നെ പൊട്ടിത്തെറിച്ച് ഛിന്നഭിന്നമാകുന്നു.

എന്നാല്‍ ഇപ്പോഴും ചിലര്‍ ചില്ലറയ്ക്കു വേണ്ടി നമ്മെ ഒറ്റു കൊടുക്കുന്നുവെന്നും ചാവേര്‍ യുവതി പറയുന്നുണ്ട്. ശത്രുക്കള്‍ക്കു വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയാണ്. അവരെ കാണുന്നേയില്ല. അവര്‍ ഭീരുക്കളാണ്. അവര്‍ക്കൊരിക്കലും നേരിട്ട് പോരാടാന്‍ സാധിക്കില്ല. ഇന്ന് നിങ്ങള്‍ ബലോച് വനിതാ സ്വാതന്ത്ര്യ സമര സേനാനികളെ നേരിട്ടു കാണാന്‍ പോകുകയാണ്. ബലോച് സ്ത്രീകളെ നേരിടുന്നത് എത്ര ബുദ്ധിമുട്ടേറിയതാണെന്ന് ഇന്നു നിങ്ങള്‍ അറിയാന്‍ പോകുകയാണെന്നും യുവതി പറയുന്നുണ്ട്.

മണ്ണില്‍ മരിച്ചു കിടക്കുന്ന യുവതിയുടെ ചിത്രത്തോടെയാണ് വിഡിയോ അവസാനിക്കുന്നത്.