ലോകാവസാനം 2026ൽ സംഭവിക്കുമെന്ന 66 വർഷം പഴക്കമുള്ള പ്രവചനം വീണ്ടും ചർച്ചയാകുന്നു. 1960ൽ ഹെയ്ൻസ് വോൺ ഫോസ്റ്റർ എന്ന ഭൗതികശാസ്ത്രജ്ഞൻ 'സയൻസ്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് മനുഷ്യവംശത്തിന് ഭീഷണിയായ ഒരു 'ഡൂംസ് ഡേ'യെക്കുറിച്ച് പരാമർശിച്ചിരുന്നത്. അദ്ദേഹത്തിന്റെ കണക്കുപ്രകാരം, 2026 നവംബർ 13നാണ് ലോകം ഗുരുതര പ്രതിസന്ധിയിലേക്കെത്തുക.
അതിവേഗ ജനസംഖ്യാ വർധനവ് തന്നെയാണ് ഈ അപകടത്തിന് കാരണം ആകുന്നതെന്ന് അദ്ദേഹം വിലയിരുത്തി. 'ഭാവിയിലെ തലമുറകൾ വിശന്നുമരിക്കില്ല; മറിച്ച് അമിത ജനസാന്ദ്രത മൂലം 'ചുരുങ്ങി' മരിക്കും' എന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദമായ വിലയിരുത്തൽ. ആണവായുധങ്ങൾ പോലുള്ള ഘടകങ്ങൾ മനുഷ്യവംശത്തെ ഇല്ലാതാക്കാതിരുന്നാൽ പോലും, നിയന്ത്രണാതീതമായ ജനസംഖ്യ വർധന തന്നെ മനുഷ്യരെ പ്രതിസന്ധിയിലാക്കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നത്.
ഗണിത മോഡലുകളും ജനസംഖ്യ വർധനയുടെ നിരക്കും അടിസ്ഥാനമാക്കിയാണ് ഈ പ്രവചനം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജനസംഖ്യ വേഗത്തിൽ ഉയർന്നാൽ ഭക്ഷ്യസാങ്കേതികവിദ്യ പോലും അതിനെ പിന്തുടരാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനസംഖ്യ നിയന്ത്രിക്കാൻ 'പീപ്പിൾസ്റ്റാറ്റ്' പോലുള്ള സംവിധാനങ്ങൾ നടപ്പിലാക്കണമെന്നും, രണ്ട് കുട്ടികളിൽ കൂടുതലുള്ള കുടുംബങ്ങൾക്ക് കനത്ത നികുതി ഏർപ്പെടുത്തുന്നതുപോലുള്ള നടപടികൾ പരിഗണിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
എന്നാൽ ഈ പ്രവചനത്തിന് ശക്തമായ വിമർശനങ്ങളും ഉയർന്നു. മനുഷ്യരുടെ ജീവശാസ്ത്രപരമായ നിയന്ത്രണങ്ങൾ, ജനന നിരക്ക്, സാമൂഹിക മാറ്റങ്ങൾ എന്നിവയെ അവഗണിച്ചാണ് ഈ കണക്കുകൂട്ടലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. 1961ൽ ജനസംഖ്യ ഗവേഷകനായ ആൻസ്ലി ജെ കോയലെ ഈ പഠനത്തെ വിമർശിക്കുകയും, പലരും ഇത് ഗൗരവമായ പ്രവചനമല്ലെന്ന് കരുതിയിരുന്നുവെന്നും വ്യക്തമാക്കി.
സ്വയം ഫോസ്റ്ററും ഈ തീയതി കൃത്യമായ 'അവസാനദിവസം' ആയി നിർദ്ദേശിച്ചതല്ലെന്ന് പിന്നീട് വ്യക്തമാക്കിയിരുന്നു. മനുഷ്യ സമൂഹം മാറ്റങ്ങൾ സ്വീകരിക്കാതെ പോയാൽ ഉണ്ടാകാവുന്ന അപകടസാധ്യതകളെ സൂചിപ്പിക്കാനായിരുന്നു ഈ കണക്കുകൂട്ടൽ എന്നാണ് വിശദീകരണം.
ഇതിനിടെ, കാലക്രമേണ മനുഷ്യർ വിഭവങ്ങൾ വർധിപ്പിക്കുകയും സാങ്കേതിക പുരോഗതികൾ കൈവരിക്കുകയും ചെയ്ത സാഹചര്യത്തിൽ, ഫോസ്റ്ററിന്റെ പ്രവചനം യാഥാർഥ്യമാകാൻ സാധ്യത കുറവാണെന്നാണ് വിദഗ്ധരുടെ പൊതുവായ വിലയിരുത്തൽ. എന്നിരുന്നാലും ജനസംഖ്യ വർധനയും വിഭവ വിനിയോഗവും സംബന്ധിച്ച മുന്നറിയിപ്പായി ഈ പഠനം ഇന്നും പ്രസക്തമാണെന്നാണ് അഭിപ്രായം.
2026 നവംബർ 13 'ലോകാവസാന ദിനം' 66 വർഷം പഴക്കമുള്ള പ്രവചനം വീണ്ടും ചർച്ചയാകുന്നു
