ടെൽ അവിവ്: ലെബനനിലെ ദെബെൽ ഗ്രാമത്തിൽ വിശുദ്ധ മറിയത്തിന്റെ പ്രതിമയെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് ഒരു ഇസ്രയേൽ സൈനികനെതിരെ അന്വേഷണം ആരംഭിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രത്തിലാണ് സൈനികൻ മറിയത്തിന്റെ പ്രതിമയുടെ വായിൽ കത്തുന്ന സിഗരറ്റ് വച്ചിരിക്കുന്നതുപോലെ കാണുന്നത്. പ്രതിമ പുകവലിക്കുന്നതുപോലെ തോന്നിക്കുന്ന രീതിയിലായിരുന്നു ചിത്രം.
സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഇസ്രയേൽ പ്രതിരോധ സേന(ഐ.ഡി.എഫ് ) വ്യക്തമാക്കി. ചിത്രം ഏതാനും ആഴ്ചകൾക്ക് മുൻപാണ് എടുത്തതെന്നും വിഷയത്തിൽ അന്വേഷണം നടത്തി കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സൈനികനെതിരെ നടപടിയെടുക്കുമെന്നും സൈന്യം അറിയിച്ചു. എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങളെയും വിശുദ്ധ ചിഹ്നങ്ങളെയും ഇസ്രയേൽ സൈന്യം ബഹുമാനിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
ദെബെൽ ഗ്രാമത്തിൽ ഇസ്രയേൽ സൈനികർ മതചിഹ്നങ്ങൾ നശിപ്പിച്ചെന്നാരോപിച്ച് ഇതിനുമുമ്പും വിവാദങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ മാസം യേശുക്രിസ്തുവിന്റെ ക്രൂശ് തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് രണ്ട് സൈനികരെ തടവിലാക്കിയതായും ആറുപേരെ ചോദ്യം ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീട് ഗ്രാമത്തിലെ സോളാർ പാനലുകളും ഒരു വാഹനവും സൈനികർ നശിപ്പിക്കുന്നതായുള്ള ദൃശ്യങ്ങളും പുറത്തുവന്നു.
സംഭവങ്ങളെ തുടർന്ന് ഇസ്രയേൽ സൈനിക മേധാവി ഇയാൽ സമിർ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി. സൈന്യത്തിനുള്ളിലെ നൈതിക മൂല്യങ്ങളുടെ തകർച്ച പ്രവർത്തന ഭീഷണികളെപ്പോലെ തന്നെ അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിശുദ്ധ മാതാവിന്റെ പ്രതിമയെ അപമാനിച്ചെന്ന ആരോപണം; ഇസ്രയേൽ സൈനികനെക്കുറിച്ച് അന്വേഷണം
