'ന്യൂനപക്ഷങ്ങള്‍ക്കെതിരെ അചിന്ത്യമായ ക്രൂരതകള്‍'; യൂനുസ് സര്‍ക്കാരിനെതിരെ ഷേഖ് ഹസീനയുടെ കടുത്ത വിമര്‍ശനം

'ന്യൂനപക്ഷങ്ങള്‍ക്കെതിരെ അചിന്ത്യമായ ക്രൂരതകള്‍'; യൂനുസ് സര്‍ക്കാരിനെതിരെ ഷേഖ് ഹസീനയുടെ കടുത്ത വിമര്‍ശനം


ധാക്ക: ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീന. ക്രിസ്മസ് ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരെ 'അചിന്ത്യമായ ക്രൂരതകള്‍ ' നടപ്പാക്കുന്ന സര്‍ക്കാരാണിത് എന്നാണ് ഹസീനയുടെ ആരോപണം.

ഇടക്കാല സര്‍ക്കാര്‍ അനധികൃതമായി അധികാരം കൈവശപ്പെടുത്തിയെന്നും, മതന്യൂനപക്ഷങ്ങളെ ജീവനോടെ ചുട്ടുകൊല്ലുന്നതുപോലുള്ള ഭീകരമായ പ്രവണതകള്‍ക്ക് പോലും തുടക്കം കുറിച്ചതായും ഹസീന കുറ്റപ്പെടുത്തി. കഴിഞ്ഞ ആഴ്ച ബംഗ്ലാദേശിലെ മൈമെന്‍സിംഗ് നഗരത്തില്‍ നടന്ന ഹിന്ദു യുവാവിന്റെ ആള്‍ക്കൂട്ട കൊലപാതകത്തെയായിരുന്നു പരാമര്‍ശം.

എല്ലാ മതവിഭാഗങ്ങളുടെയും വിശ്വാസസ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുകയാണെന്നും, പ്രത്യേകിച്ച് മുസ്ലിം അല്ലാത്തവര്‍ക്കെതിരെയാണ് അതിക്രമങ്ങള്‍ നടക്കുന്നതെന്നും ഹസീന പറഞ്ഞു.
'ഇത്തരം ഇരുണ്ട കാലം കൂടുതല്‍ നീളാന്‍ ബംഗ്ലാദേശിലെ ജനങ്ങള്‍ അനുവദിക്കില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു,' ഹസീന കൂട്ടിച്ചേര്‍ത്തു.

പ്രസംഗത്തിന്റെ തുടക്കത്തില്‍ ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന ഹസീന, ബംഗ്ലാദേശ് എക്കാലവും മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയായിരുന്നുവെന്ന് ഓര്‍മിപ്പിച്ചു.
'മതവൈരമില്ലാത്ത ബംഗ്ലാദേശ് എന്നത് രാഷ്ട്രപിതാവിന്റെ സ്വപ്‌നമായിരുന്നു. ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ആവാമി ലീഗ് എല്ലാ മതവിഭാഗങ്ങളുടെയും സമാധാനപരമായ ജീവിതം ഉറപ്പാക്കി,' അവര്‍ പറഞ്ഞു.

ക്രിസ്മസ് ആഘോഷം ക്രൈസ്തവരും മറ്റ് മതവിഭാഗങ്ങളും തമ്മിലുള്ള സൗഹൃദബന്ധം കൂടുതല്‍ ശക്തിപ്പെടുത്തട്ടെയെന്നും ഹസീന ആശംസിച്ചു.
'എല്ലാ െ്രെകസ്തവ സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ആശംസിക്കുന്നു,' അവര്‍ പറഞ്ഞു.
'ഇരുട്ട് അകലട്ടെ, പുലരി വിരിയട്ടെ. ബംഗ്ലാദേശ് എന്നേക്കുമായി ജീവിക്കട്ടെ,' എന്നും ഹസീന കൂട്ടിച്ചേര്‍ത്തു.

ഹസീന സര്‍ക്കാര്‍ പുറത്തായതിന് പിന്നാലെ ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ആഴ്ച 25 വയസ്സുള്ള ഹിന്ദു തൊഴിലാളിയെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാരിന്റെ പരാജയം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ധാക്കയില്‍ വിവിധ ന്യൂനപക്ഷ സംഘടനകള്‍ പ്രതിഷേധവും നടത്തി.