പെന്റഗണിൽ എഐ സാന്നിധ്യം ശക്തം: വെനസ്വേല ദൗത്യത്തിൽ 'ക്ലോഡ്' ഉപയോഗിച്ചെന്ന്‌ റിപ്പോർട്ട്

പെന്റഗണിൽ എഐ സാന്നിധ്യം ശക്തം: വെനസ്വേല ദൗത്യത്തിൽ 'ക്ലോഡ്' ഉപയോഗിച്ചെന്ന്‌ റിപ്പോർട്ട്


വാഷിംഗ്ടൺ : അമേരിക്കൻ സൈന്യത്തിന്റെ രഹസ്യ ദൗത്യങ്ങളിൽ കൃത്രിമ ബുദ്ധി (എഐ) ഉപകരണങ്ങളുടെ ഉപയോഗം വർധിക്കുകയാണെന്ന സൂചന നൽകി പുതിയ റിപ്പോർട്ട്. വെനസ്വേലയിലെ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള യുഎസ് സൈനിക ഓപ്പറേഷനിൽ ആന്ത്രോപിക് വികസിപ്പിച്ച എഐ ടൂൾ ക്ലോഡ്  ഉപയോഗിച്ചതായി വിഷയവുമായി ബന്ധപ്പെട്ടവർ പറയുന്നു. കഴിഞ്ഞ മാസം കരാകസിൽ നടന്ന ആക്രമണങ്ങളിൽ മഡുറോയും ഭാര്യയും ലക്ഷ്യമായിരുന്നുവെന്നാണ് വിവരം.

അതേസമയം, അക്രമം, ആയുധ വികസനം, നിരീക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്ക് ക്ലോഡ് ഉപയോഗിക്കുന്നത് വിലക്കുന്നതാണ് ആന്ത്രോപിക്കിന്റെ മാർഗനിർദേശങ്ങൾ. പ്രത്യേക ദൗത്യങ്ങളിൽ ക്ലോഡ് ഉപയോഗിച്ചോയെന്ന കാര്യത്തിൽ പ്രതികരിക്കാനാകില്ലെന്ന് ആന്ത്രോപിക് വക്താവ് വ്യക്തമാക്കി. പ്രതിരോധ വകുപ്പ് (പെന്റഗൺ) ഇതുസംബന്ധിച്ച് പ്രതികരണം നടത്തിയില്ല.

ഡേറ്റാ കമ്പനിയായ  പാലന്റിർ ടെക്‌നോളജീസുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ക്ലോഡ് പ്രതിരോധ വകുപ്പിൽ വിന്യസിച്ചതെന്നാണ് റിപ്പോർട്ട്. ഈ പശ്ചാത്തലത്തിൽ 200 മില്യൺ ഡോളർ വരെ മൂല്യമുള്ള ആന്ത്രോപിക് കരാർ റദ്ദാക്കണമോ എന്നതും ഭരണകൂടം ആലോചിക്കുന്നതായി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തിരുന്നു.

പെന്റഗണിന്റെ ക്ലാസിഫൈഡ് ഓപ്പറേഷനുകളിൽ ഉപയോഗിക്കപ്പെട്ട ആദ്യ എഐ മോഡൽ ഡെവലപ്പറാണ് ആന്ത്രോപിക്. ഡോക്യുമെന്റ് സംഗ്രഹണം മുതൽ സ്വയം പ്രവർത്തിക്കുന്ന ഡ്രോണുകളുടെ നിയന്ത്രണം വരെ സൈനിക ആവശ്യങ്ങളിൽ എഐയ്ക്ക് വലിയ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയ് ഉൾപ്പെടെയുള്ള നേതാക്കൾ എഐയുടെ സാമൂഹിക അപകടങ്ങളെ കുറിച്ച് പരസ്യമായി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, കുറഞ്ഞ നിയന്ത്രണങ്ങളുള്ള എഐ നയമാണ് ഡോണൾഡ് ട്രംപ് ഭരണകൂടം പിന്തുടരുന്നതെന്ന ആരോപണവും ശക്തമാണ്.

മുൻ ഓപ്പൺഎഐ ജീവനക്കാരാണ് ആന്ത്രോപിക് സ്ഥാപകർ. ഇതിനിടെ ഓപൺ എഐയും ഗൂഗിൾ ജെമിനിയും സൈനിക ആവശ്യങ്ങൾക്കായി പ്രത്യേക എഐ പ്ലാറ്റ്‌ഫോമുകളുമായി മുന്നോട്ടു വന്നിട്ടുണ്ട്. എഐയും സൈനിക ശക്തിയും തമ്മിലുള്ള ബന്ധം ഇനി കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കുമെന്നതിൽ സംശയമില്ല.