പ്രതിരോധ നയത്തിൽ വലിയ മാറ്റം: സഖ്യരാജ്യങ്ങൾക്ക് 'പരിമിത' പിന്തുണയെന്ന് പെന്റഗൺ

പ്രതിരോധ നയത്തിൽ വലിയ മാറ്റം: സഖ്യരാജ്യങ്ങൾക്ക് 'പരിമിത' പിന്തുണയെന്ന് പെന്റഗൺ


വാഷിംഗ്ടൺ: അമേരിക്കൻ പ്രതിരോധ നയത്തിൽ നിർണായകമായ മാറ്റവുമായി പെന്റഗൺ. പുതിയ ദേശീയ പ്രതിരോധ തന്ത്രത്തിൽ അമേരിക്ക സഖ്യരാജ്യങ്ങൾക്ക് നൽകുന്ന സൈനിക പിന്തുണ ഇനി 'പരിമിതമായിരിക്കും' എന്ന് വ്യക്തമാക്കുന്നു. ചൈനയെക്കാൾ മുൻഗണനയായി ഇനി അമേരിക്കയുടെ സ്വന്തം ഭൂപ്രദേശ സുരക്ഷയും വെസ്റ്റേൺ ഹെമിസ്ഫിയറിന്റെയും സംരക്ഷണവുമാണ് പെന്റഗൺ കാണുന്നത്.

നാലുവർഷത്തിലൊരിക്കൽ പുറത്തിറക്കുന്ന പ്രതിരോധ തന്ത്രരേഖയുടെ മുൻ പതിപ്പുകളിൽ ചൈനയെ പ്രധാന ഭീഷണിയായി പരാമർശിച്ചിരുന്നെങ്കിലും, പുതിയ രേഖയിൽ ചൈനയുമായി ബന്ധം 'മുന്നേറ്റബലം മുഖേന, ഏറ്റുമുട്ടലില്ലാതെ'കൈകാര്യം ചെയ്യുമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച  ബാധ്യതകളുടെ പങ്കുവയ്ക്കൽ ('burden-sharing' ) ആശയത്തിന് ഊന്നൽ നൽകുന്നതാണ് പുതിയ തന്ത്രം. റഷ്യ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണികളെ നേരിടുന്നതിൽ സഖ്യരാജ്യങ്ങൾ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നതാണ് പെന്റഗണിന്റെ നിലപാട്.

34 പേജുള്ള ഈ രേഖ കഴിഞ്ഞവർഷം പുറത്തിറക്കിയ യുഎസ് നാഷണൽ സെക്യൂരിറ്റി സ്ട്രാറ്റജിക്ക് തുടർച്ചയാണ്. യൂറോപ്പ് 'നാഗരിക തകർച്ച' നേരിടുന്നുവെന്നും റഷ്യ അമേരിക്കയ്ക്ക് നേരിട്ട ഭീഷണിയല്ലെന്നും ആ രേഖയിൽ വ്യക്തമാക്കിയിരുന്നു. അതിനെ റഷ്യ സ്വാഗതം ചെയ്തതും ശ്രദ്ധേയമാണ്.

മുൻകാലങ്ങളിൽ ചൈനയെയും റഷ്യയെയും 'റിവിഷനിസ്റ്റ് ശക്തികൾ' ആയി വിശേഷിപ്പിച്ചിരുന്ന പെന്റഗൺ, ഇപ്പോൾ സഖ്യരാജ്യങ്ങൾ സ്വന്തം സുരക്ഷയ്ക്കായി കൂടുതൽ മുന്നോട്ട് വരണമെന്ന് ആവശ്യപ്പെടുന്നു. അമേരിക്കൻ പ്രതിരോധ ചെലവ് വഹിക്കാൻ സഖ്യങ്ങൾ ഏറെക്കാലമായി വാഷിംഗ്്ടണിനെ ആശ്രയിച്ചിരുന്നുവെന്ന വിമർശനവും രേഖയിൽ ഉണ്ട്. എന്നാൽ ഇത് അമേരിക്ക ഒറ്റപ്പെടലിലേക്ക് നീങ്ങുന്നുവെന്ന സൂചനയല്ലെന്നും പെന്റഗൺ വ്യക്തമാക്കുന്നു.

യൂറോപ്പ് നേരിടുന്ന ഭീഷണികൾ അമേരിക്കയ്ക്ക് അത്ര ഗുരുതരമല്ലെന്നും, അതിനാൽ അവ നേരിടുന്നതിൽ യൂറോപ്യൻ രാജ്യങ്ങൾ മുൻനിരയിൽ വരണമെന്നും രേഖ വ്യക്തമാക്കുന്നു. യുക്രെയിനിൽ യുദ്ധം തുടരുന്ന റഷ്യയെ നാറ്റോയുടെ കിഴക്കൻ അംഗങ്ങൾക്ക് 'തുടർച്ചയായെങ്കിലും നിയന്ത്രിക്കാവുന്ന ഭീഷണി' എന്നാണ് വിലയിരുത്തൽ.

മുൻ രേഖകളിൽ ഇടം നേടിയിരുന്ന തായ്‌വാൻ പരാമർശം ഇത്തവണ ഒഴിവാക്കി. എന്നാൽ ചൈന ഉൾപ്പെടെ ആരും അമേരിക്കയെയോ അതിന്റെ സഖ്യങ്ങളെയോ കീഴടക്കാൻ കഴിയാത്ത സാഹചര്യം ഉറപ്പാക്കുമെന്ന് രേഖ പറയുന്നു. തായ്‌വാനിലേക്ക് 11 ബില്യൺ ഡോളറിന്റെ ആയുധ വിൽപ്പനയെ തുടർന്ന് ചൈന നടത്തിയ സൈനിക അഭ്യാസങ്ങൾക്കും ഈ പശ്ചാത്തലത്തിൽ പ്രസക്തിയുണ്ട്.

ഉത്തരകൊറിയയെ പ്രതിരോധിക്കുന്നതിൽ അമേരിക്കയുടെ പങ്കും ഇനി പരിമിതമാകും. ദക്ഷിണ കൊറിയക്ക് തന്നെ ആ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിവുണ്ടെന്നാണ് പെന്റഗണിന്റെ വിലയിരുത്തൽ.

പനാമ കനാൽ, ഗൾഫ് ഓഫ് അമേരിക്ക, ഗ്രീൻലാൻഡ് തുടങ്ങിയ തന്ത്രപ്രധാന പ്രദേശങ്ങളിൽ അമേരിക്കയുടെ സൈനികവും വ്യാപാരപരവുമായ പ്രവേശനം ഉറപ്പാക്കുമെന്നും തന്ത്രരേഖ വ്യക്തമാക്കുന്നു.

'ശീതയുദ്ധാനന്തര കാലത്തെ മഹത്തായ തന്ത്രങ്ങൾക്കു പകരം കഠിന യാഥാർത്ഥ്യബോധമുള്ള സമീപനമാണ് ഇനി' എന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാടെന്ന് രേഖ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ നേറ്റോയെ വിമർശിച്ച ട്രംപ്, സംഘടനയിൽ നിന്ന് അമേരിക്കയ്ക്ക് ഒന്നും ലഭിച്ചിട്ടില്ലെന്നും, അമേരിക്കയാണ് നേറ്റോയുടെ മുഴുവൻ ചെലവും വഹിക്കുന്നതെന്നും തെറ്റായ അവകാശവാദം ഉന്നയിച്ചു.

പഴയ ലോകക്രമം തിരിച്ചുവരില്ലെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർനി മുന്നറിയിപ്പ് നൽകി. 'മധ്യശക്തികൾ ഒരുമിക്കണം; ഇല്ലെങ്കിൽ നാം ഭക്ഷണപ്പട്ടികയിലാകും' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ലോകം 'നിയമങ്ങളില്ലാത്ത ഘട്ടത്തിലേക്ക്' നീങ്ങുന്നതായി ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പും നൽകി.