പറക്കുന്ന വിമാനത്തില്‍ യാത്രക്കാരുടെ അടിപിടി; തുര്‍ക്കി- മാഞ്ചസ്റ്റര്‍ വിമാനത്തില്‍ ബ്രസല്‍സില്‍ അടിയന്തര ലാന്റിംഗ്

പറക്കുന്ന വിമാനത്തില്‍ യാത്രക്കാരുടെ അടിപിടി; തുര്‍ക്കി- മാഞ്ചസ്റ്റര്‍ വിമാനത്തില്‍ ബ്രസല്‍സില്‍ അടിയന്തര ലാന്റിംഗ്


ബ്രസല്‍സ്: തുര്‍ക്കിയില്‍ നിന്ന് യു കെയിലെ മാഞ്ചസ്റ്ററിലേക്ക് പറന്ന വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ അടിയായതിനെ തുടര്‍ന്ന് അടിയന്തര ലാന്റിംഗ് നടത്തി. മുപ്പതിനായിരം അടി ഉയരത്തില്‍ പറക്കവെയാണ് കൂട്ടയടി യാത്രക്കാരെ ഭീതിപ്പെടുത്തിയതും തുടര്‍ന്ന് വിമാനം വഴിതിരിച്ച് ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ ഇറക്കിയതും. 

വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ പൊലീസ് വിമാനത്തിലേക്ക് കയറി പ്രകോപനമുണ്ടാക്കിയവരെ പുറത്തിറക്കി. മോശം പെരുമാറ്റത്തെ തുടര്‍ന്ന് രണ്ട് യാത്രക്കാര്‍ക്ക് ആജീവനാന്തം വിമാന യാത്ര നിരോധിച്ചതായി ജെറ്റ് 2 സ്ഥിരീകരിച്ചു. വൈകിയെത്തിയെങ്കിലും മാഞ്ചസ്റ്ററിലേക്കുള്ള യാത്ര തുടര്‍ന്നു. 

വലിയ ശബ്ദത്തില്‍ സംഗീതം പ്ലേ ചെയ്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഗുരുതരമായതെന്നാണ് വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത്. ഒരാള്‍ മറ്റൊരാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തര്‍ക്കം പെട്ടെന്ന് കലഹമായി മാറിയതോടെ കുട്ടികള്‍, വയോധികര്‍, പ്രത്യേക ആവശ്യങ്ങളുള്ള യാത്രക്കാര്‍ എന്നിവരുള്‍പ്പെടെ പലരും ഭീതിയിലായി.

സാക്ഷികളുടെ മൊഴിപ്രകാരം ബന്ധപ്പെട്ടവര്‍ മദ്യപിച്ചിരുന്നതായും സിഗരറ്റിനെച്ചൊല്ലി ക്രൂ അംഗങ്ങളോട് ആക്രമണപരമായ രീതിയില്‍ പെരുമാറുന്നതിന് മുമ്പ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതായും ആരോപണമുണ്ട്.

കലഹത്തിനിടെ സീറ്റുകളില്‍ രക്തക്കറകളും നിലത്ത് പല്ലുകളും കണ്ടതായി യാത്രക്കാര്‍ പറഞ്ഞു. ബ്രസ്സല്‍സില്‍ പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

30 വര്‍ഷത്തെ സര്‍വീസില്‍ വളരെ കുറച്ച് തവണ മാത്രമേ അടിയന്തര ലാന്‍ഡിംഗ് നടത്തിയിട്ടുള്ളൂവെന്നും ഇത്രയും ഗുരുതരമായ സംഭവം ഇതാദ്യമാണെന്നും പൈലറ്റ് യാത്രക്കാരോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് എതിരെ പ്രതികരിച്ച യാത്രക്കാരെ ഒരാള്‍ അഭിനന്ദിക്കുകയും മുഴുവന്‍ സാഹചര്യത്തിലും ശാന്തവും പ്രൊഫഷണലുമായ നിലപാട് സ്വീകരിച്ച ജെറ്റ്2 ക്രൂവിനെ പ്രശംസിക്കുകയും ചെയ്തു.

വിമാനം വഴിതിരിച്ചതിനാല്‍ ഉണ്ടായ ചെലവുകള്‍ ഈടാക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട രണ്ട് പേരെയും ജീവപര്യന്തം നിരോധിച്ചതായും ജെറ്റ്2 പ്രസ്താവനയില്‍ അറിയിച്ചു.