ഡബ്ലിന്‍: അയര്‍ലന്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ല്‍ പാര്‍ട്ടിയുടെ 15 ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു. അയര്‍ലന്റില്‍ നഴ്‌സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അയര്‍ലാന്റിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയില്‍ ഒരു ഇന്ത്യന്‍ തെരഞ്ഞെടുക്കപ്പെടുന്നത്. ദേശീയ തലത്തില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് മഞ്ജുദേവി ഈ നേട്ടം കൈവരിച്ചത്. നേരത്തെ നടന്ന അയര്‍ലന്റ് പാര്‍ലെമെന്റ് തെരഞ്ഞെടുപ്പിലും മഞ്ജുദേവി മത്സരിച്ചിരുന്നു.
1926ല്‍ രൂപീകൃതമായ പാര്‍ട്ടിയാണ് ഫ്യാനഫോയ്ല്‍ പാര്‍ട്ടി. പാര്‍ട്ടി രൂപീകരണ ശതാബ്ദിയോടനുബന്ധിച്ചാണ് ഇത്തവണ പാര്‍ട്ടി തെരഞ്ഞെടുപ്പ് നടത്തിയത്. ഇപ്പോഴത്തെ അയര്‍ലന്റ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനാണ് പാര്‍ട്ടി പ്രസിഡന്റ്.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി ട്രഷറര്‍, 15 അംഗ ദേശീയ എക്‌സിക്യൂട്ടീവ് എന്നിവരടങ്ങുന്ന സമിതിയാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. പാര്‍ട്ടി അംഗത്വമെടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയായവര്‍ക്കു ഭാരവാഹി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകും. പാര്‍ട്ടി ഭരണഘടന അനുസരിച്ച് ഏഴ് വനിതകള്‍ ഭരണസമിതിയില്‍ ഉണ്ടാവണം. അതിലൊരാളായാണ് മഞ്ജുദേവി തെരഞ്ഞെടുക്കപ്പെട്ടത്. വാശിയേറിയ മത്സരത്തില്‍ നാലാം റൗണ്ടില്‍ മഞ്ജുദേവി വിജയിച്ചു കയറി. ലഭിച്ചതില്‍ 90 ശതമാനം വോട്ടുകളും ഐറിഷുകാരുടേതാണ്. ഇന്ത്യന്‍ വംശജര്‍ക്കു നേരെയുള്ള അക്രമങ്ങള്‍ക്കെതിരെയുള്ള ശക്തമായ സന്ദേശമാണ് തനിക്ക് നല്‍കിയ വോട്ടിലൂടെ ഐറിഷ് ജനത പ്രകടിപ്പിച്ചതെന്ന് മഞ്ജുദേവി പറഞ്ഞു. അത്തരം അക്രമങ്ങള്‍ക്കു പിന്നില്‍ ചുരുക്കം ചിലര്‍ മാത്രമാണുള്ളത്. ഇന്ത്യന്‍ സമൂഹത്തോടുള്ള ആദരവും കരുതലും പ്രകടിപ്പിക്കാനാണ് പരിപൂര്‍ണ്ണ പിന്തുണ നല്‍കിയതെന്നു പാര്‍ട്ടി അംഗങ്ങള്‍ പറഞ്ഞതായും മഞ്ജുദേവി ചൂണ്ടിക്കാട്ടി.
നഴ്‌സിംഗ് പ്രൊഫഷനിലുള്ള തനിക്ക് ലഭിച്ച ഈ അവസരം ദൈവഹിതമാണെന്ന് കരുതുന്നതായി മഞ്ജുദേവി പറഞ്ഞു. തനിക്ക് ലഭിക്കുന്ന അവസരം സമൂഹ നന്മയ്ക്കായി വിനിയോഗിക്കുമെന്ന് മഞ്ജുദേവി പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കായി പരിശ്രമിക്കുമെന്നും മഞ്ജുദേവി വ്യക്തമാക്കി.
പാലാ സെന്റ് മേരീസ് ഹൈസ്‌കൂളിലേയും പാലാ അല്‍ഫോന്‍സാ കോളജിലേയും പഠനത്തിനു ശേഷം മഞ്ജുദേവി രാജസ്ഥാനിലെ പിലാനി ബിര്‍ള സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ നിന്നും ഒന്നാം റാങ്കോടെ ജനറല്‍ നഴ്‌സിംഗ് പാസായി. തുടര്‍ന്നു ഡല്‍ഹി എസ്‌കോര്‍ട്ട്‌സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സേവനം ചെയ്തു. തുടര്‍ന്ന് സൗദി അറേബ്യ റിയാദിലെ കിംഗ് ഫൈസല്‍ ആശുപത്രിയായിരുന്നു കര്‍മ്മമണ്ഡലം. 2005ല്‍ അയര്‍ലന്‍ഡിലേയ്ക്ക് കുടിയേറി. ഇപ്പോള്‍ മാറ്റര്‍ പ്രൈവറ്റ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ്. 2016ല്‍ ബി എസ് സി നഴ്‌സിംഗും 2022ല്‍ സൈക്കോളജിയില്‍ ലെവല്‍ 5 കോഴ്‌സും പാസായി.
പാലാ വിളക്കുമാടം മണിമന്ദിരത്തില്‍ പരേതനായ റിട്ടയേര്‍ഡ് ഹവില്‍ദാര്‍ മേജര്‍ കെ എം ബാലകൃഷ്ണന്റെയും രാധാമണിയുടെയും മകളാണ്. ഭര്‍ത്താവ് ശ്യാം മോഹന്‍ തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്. ദിയ, ശ്രേയ എന്നിവരാണ് മക്കള്‍. ചഞ്ചല്‍, ഹണി എന്നിവര്‍ സഹോദരങ്ങളാണ്.
