അസിം മുനീറിന് സൈനികരെ നിയമിക്കാനും പിരിച്ചുവിടാനും വിരമിപ്പിക്കാനും അധികാരം; കരനാവികവ്യോമസേനകൾ ഇനി ഏക കമാൻഡിന് കീഴിൽ
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ സൈനിക അധികാരഘടനയിൽ വൻ മാറ്റത്തിന് വഴിയൊരുക്കി പുതിയ സൈനിക നിയമത്തിന് പാർലമെന്റിന്റെ അംഗീകാരം. കരസേനാ മേധാവിയും ഫീൽഡ് മാർഷലുമായ അസിം മുനീറിന്റെ കൈകളിലേക്ക് സൈനിക കമാൻഡിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും വ്യക്തിഗത കാര്യങ്ങളുടെയും വിപുലമായ അധികാരങ്ങൾ കേന്ദ്രീകരിക്കുന്നതാണ് പുതിയ നിയമത്തിന്റെ പ്രധാന പ്രത്യേകത. പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയതിനിടെയാണ് ദേശീയ അസംബ്ലി നിയമം പാസാക്കിയത്.
2026ലെ പാകിസ്ഥാൻ പ്രതിരോധ സേനാ നിയമ പ്രകാരം കരസേന, നാവികസേന, വ്യോമസേന എന്നിവയെ ഏക കമാൻഡ് ഘടനയ്ക്ക് കീഴിൽ കൊണ്ടുവരും. ഇതിനായി പ്രതിരോധ സേനാ ആസ്ഥാനം (DFHQ) സ്ഥാപിക്കും. അതിന്റെ പരമാധികാരിയായിരിക്കും അസിം മുനീർ. സംയുക്ത സൈനിക പ്രവർത്തനങ്ങൾ, തന്ത്രപരമായ വിഷയങ്ങൾ, വിവിധ സേനകൾ തമ്മിലുള്ള ഏകോപനം, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയിൽ അദ്ദേഹത്തിന് നിർണായക നിയന്ത്രണമുണ്ടാകും.
'ഹയർ-ഫയർ' അധികാരം
പുതിയ നിയമത്തിലെ ഏറ്റവും ശ്രദ്ധേയമായ വ്യവസ്ഥ സൈനിക ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധമായ കാര്യങ്ങളിൽ മുനീറിന് ലഭിക്കുന്ന അധികാരമാണ്. സൈനിക നിയമങ്ങളുടെ പരിധിയിൽ വരുന്ന ഉദ്യോഗസ്ഥരെ വിരമിപ്പിക്കാനും സർവീസിൽനിന്ന് ഒഴിവാക്കാനും രാജി സ്വീകരിക്കാനോ നിരസിക്കാനോ, സർവീസിൽ തുടരാൻ അനുവദിക്കാനോ അദ്ദേഹത്തിന് അധികാരമുണ്ടാകും. വിരമിക്കൽ പ്രായപരിധിയിലും സർവീസ് കാലാവധിയിലും ഇളവ് അനുവദിക്കാനും വ്യവസ്ഥയുണ്ട്.
ഇതോടെ സൈനിക ഉദ്യോഗസ്ഥരുടെ കരിയറുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ സൈനിക മേധാവിയുടെ കൈകളിൽ കൂടുതൽ കേന്ദ്രീകരിക്കപ്പെടും. ഫെഡറൽ സർക്കാരിന് ആവശ്യമായാൽ കമാൻഡർ ഓഫ് ഡിഫൻസ് ഫോഴ്‌സിന് കൂടുതൽ ചുമതലകളും അധികാരങ്ങളും നൽകാനും നിയമം അവസരം നൽകുന്നു.
പ്രധാനമന്ത്രിയുടെ 'പ്രധാന സൈനിക ഉപദേഷ്ടാവ്
പുതിയ സംവിധാനത്തിൽ പ്രതിരോധ സേനാ ആസ്ഥാനത്തിന്റെ തലവനായ മുനീർ ദേശീയ സുരക്ഷ, പ്രതിരോധം, സായുധസേനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയിൽ പ്രധാനമന്ത്രിയുടെ പ്രധാന സൈനിക ഉപദേഷ്ടാവായിരിക്കും. കമാൻഡും നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഫെഡറൽ സർക്കാരിനോട് അദ്ദേഹം ഉത്തരവാദിയായിരിക്കും.
പുതിയ കമാൻഡ് സംവിധാനം നടപ്പാക്കുന്നതിനിടെ നിയമപരമായോ ഭരണപരമായോ ആശയക്കുഴപ്പങ്ങൾ ഉണ്ടായാൽ അവ പരിഹരിക്കുന്നതിൽ പ്രസിഡന്റിനും പ്രത്യേക പങ്ക് നൽകുന്നുണ്ട്.
ആണവ സേനയ്ക്കും പുതിയ കമാൻഡ്
മാറ്റം പരമ്പരാഗത സൈനിക സംവിധാനത്തിൽ മാത്രം ഒതുങ്ങുന്നില്ല. പാക്കിസ്ഥാന്റെ തന്ത്രപ്രധാനവും ആണവശേഷിയുമായി ബന്ധപ്പെട്ടതുമായ സേനകളുടെ പ്രവർത്തന ഏകീകരണത്തിനായി Commander of the National tSrategic Command (CNSC) എന്ന പുതിയ നാല് സ്റ്റാർ പദവിയും നിലവിൽ വന്നു.
കഴിഞ്ഞ മാസം ലെഫ്റ്റനന്റ് ജനറൽ സയ്യിദ് ആമിർ റാസയെ ജനറലായി സ്ഥാനക്കയറ്റം നൽകി ആദ്യ സി എൻ എസ് സി ആയി നിയമിച്ചിരുന്നു. ഇതോടെ പാക്കിസ്ഥാന്റെ ആണവ, തന്ത്രപ്രധാന സൈനിക സംവിധാനത്തിലും പുതിയ കമാൻഡ് ഘടന രൂപപ്പെട്ടിരിക്കുകയാണ്.
സൈനികാധിപത്യത്തിന്റെ ചരിത്രത്തിൽ പുതിയ അധ്യായമോ?
27ാം ഭരണഘടനാ ഭേദഗതിക്ക് പിന്നാലെ പുതിയ സൈനിക അധികാരഘടനയ്ക്ക് നിയമപരമായ അടിത്തറ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമങ്ങളെന്നാണ് സർക്കാർ വിശദീകരണം. പ്രതിരോധമന്ത്രി ഖ്വാജ ആസിഫാണ് ദേശീയ അസംബ്ലിയിൽ നിയമനിർമാണം അവതരിപ്പിച്ചത്. പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും സഭയിൽ സന്നിഹിതനായിരുന്നു.
എന്നാൽ പാക്കിസ്ഥാന്റെ രാഷ്ട്രീയ ചരിത്രത്തിൽ സൈന്യത്തിന്റെ സ്വാധീനം ഇതിനകം തന്നെ ശക്തമായിരിക്കെ, സൈനിക മേധാവിയുടെ കൈകളിലേക്ക് ഇത്രയധികം അധികാരങ്ങൾ കേന്ദ്രീകരിക്കുന്നത് രാഷ്ട്രീയ നിരീക്ഷകരെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ സൈനിക ഭരണങ്ങളുടെ നീണ്ട ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ പുതിയ നിയമം ജനാധിപത്യ സംവിധാനവും സൈനിക നേതൃത്വവും തമ്മിലുള്ള അധികാരസന്തുലനത്തെ എങ്ങനെ ബാധിക്കുമെന്നതാണ് ഇനി പ്രധാന ചോദ്യം.
ഒരൊറ്റ കമാൻഡിന് കീഴിൽ മൂന്ന് സേനകളെയും കൊണ്ടുവരുന്നത് പ്രവർത്തന ഏകോപനം മെച്ചപ്പെടുത്താനുള്ള നീക്കമായി സർക്കാർ അവതരിപ്പിക്കുമ്പോഴും, നിയമപരമായി സൈനിക മേധാവിയുടെ അധികാരപരിധി വിപുലീകരിക്കപ്പെടുന്നു എന്നതാണ് പുതിയ നിയമത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ പ്രത്യാഘാതം. പാക്കിസ്ഥാനിലെ സിവിൽ-മിലിട്ടറി ബന്ധത്തിന്റെ ഭാവിയിലും ഈ മാറ്റം നിർണായക സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.
