അസിംമുനീറിന്റെ 'ബ്രെയിന്‍ ഗെയിന്‍' വാദം പരിഹാസ്യമാകുന്നു; 5,000 ഡോക്ടര്‍മാരും 11,000 എഞ്ചിനീയര്‍മാരും രാജ്യം വിട്ടു

അസിംമുനീറിന്റെ 'ബ്രെയിന്‍ ഗെയിന്‍' വാദം പരിഹാസ്യമാകുന്നു; 5,000 ഡോക്ടര്‍മാരും 11,000 എഞ്ചിനീയര്‍മാരും രാജ്യം വിട്ടു


ഇസ്ലാമാബാദ്: രാഷ്ട്രീയ അസ്ഥിരതയും കടുത്ത സാമ്പത്തിക പ്രതിസന്ധിയും തുടരുന്ന പാകിസ്ഥാനില്‍, കഴിവുള്ള മനുഷ്യവിഭവശേഷിയുടെ പുറത്തേക്കുള്ള വലിയ ഒഴുക്ക് രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 5,000 ഡോക്ടര്‍മാരും 11,000 എഞ്ചിനീയര്‍മാരും 13,000 അക്കൗണ്ടന്റുമടക്കം ആയിരക്കണക്കിന് പ്രൊഫഷണലുകള്‍ രാജ്യം വിട്ടതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പാകിസ്ഥാന്റെ ബ്യൂറോ ഓഫ് എമിഗ്രേഷന്‍ ആന്‍ഡ് ഓവര്‍സീസ് എംപ്ലോയ്‌മെന്റ്  പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2024ല്‍ മാത്രം 7.27 ലക്ഷം പേര്‍ വിദേശ ജോലി രജിസ്‌ട്രേഷന്‍ നടത്തിയിരുന്നു. 2025ല്‍ നവംബര്‍ വരെ തന്നെ 6.87 ലക്ഷം പേര്‍ ഇതിനായി രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സാഹചര്യത്തെ 'ബ്രെയിന്‍ ഗെയിന്‍' എന്ന പേരില്‍ അനുകൂലമായി ചിത്രീകരിച്ച സൈനിക മേധാവി ജനറല്‍ അസിം മുനീറിന്റെ പ്രസ്താവനകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനത്തിനും പരിഹാസത്തിനും വഴിവെച്ചിരിക്കുകയാണ്. വിദേശത്തുള്ള പാകിസ്ഥാനികളോട് നടത്തിയ പ്രസംഗത്തിലാണ് മുനീര്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
 'രാഷ്ട്രീയം ശരിയാക്കിയാല്‍ മാത്രമേ സാമ്പത്തികം ശരിയാകൂ. പാകിസ്ഥാന്‍ ലോകത്തിലെ നാലാമത്തെ വലിയ ഫ്രീലാന്‍സിംഗ് കേന്ദ്രമാണ്. എന്നാല്‍ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ മൂലം 1.62 ബില്യണ്‍ ഡോളറിന്റെ നഷ്ടവും 23.7 ലക്ഷം ഫ്രീലാന്‍സിംഗ് ജോലികള്‍ അപകടത്തിലുമായിരിക്കുകയാണ്, ' എന്നായിരുന്നു മുന്‍ സെനറ്റര്‍ മുസ്തഫ നവാസ് ഖോഖര്‍ ഡേറ്റ ചൂണ്ടിക്കാട്ടി പ്രതികരിച്ചത്,.

കഴിവുള്ള മനുഷ്യവിഭവശേഷി രാജ്യം വിടുമ്പോള്‍ അതിനെ 'ലാഭം' എന്ന് വിശേഷിപ്പിക്കുന്നത് എങ്ങനെ എന്ന ചോദ്യം ഉയര്‍ത്തിയാണ് പലരും പ്രതികരിക്കുന്നത്. ജനറല്‍ അസിം മുനീര്‍ അധികാരം ഏറ്റെടുത്തതിന് ശേഷം രാജ്യത്ത് വീണ്ടും ശക്തമായ സെന്‍സര്‍ഷിപ്പും ഭീതിയുടെ അന്തരീക്ഷവും നിലനില്‍ക്കുന്നതായും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.