വെടിനിര്‍ത്തല്‍ ലംഘിച്ച് അഫ്ഗാനിസ്ഥാനെ ആക്രമിച്ച് പാകിസ്താന്‍, 'പ്രതികാരം' ചെയ്യുമെന്ന് താലിബാന്‍

വെടിനിര്‍ത്തല്‍ ലംഘിച്ച് അഫ്ഗാനിസ്ഥാനെ ആക്രമിച്ച് പാകിസ്താന്‍, 'പ്രതികാരം' ചെയ്യുമെന്ന് താലിബാന്‍


കാബൂള്‍: വെടിനിര്‍ത്തല്‍ നിലനില്‍ക്കെ അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ പാകിസ്താന്‍ വ്യോമാക്രമണം നടത്തിയത് സംഘര്‍ഷം വീണ്ടും ഉയരുന്നതിന് കാരണമായി. ഭീകരാക്രമങ്ങളെ ചൊല്ലി അതിര്‍ത്തിയില്‍ പോരാട്ടവും കൂട്ടക്കൊലകളും വര്‍ധിച്ച സാഹചര്യത്തിലാണ് രണ്ട് അയല്‍രാജ്യങ്ങളും പരസ്പര സമ്മതത്തോടെ 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നടപ്പാക്കിയത്. ഇത് ലംഘിച്ചാണ് പാകിസ്താന്റെ വ്യോമാക്രമണമെന്ന് അഫ്ഗാനിസ്ഥാന്‍ ആരോപിച്ചു. കാബൂള്‍  ഇതിന് 'പ്രതികാരം' ചെയ്യുമെന്ന് ഒരു മുതിര്‍ന്ന താലിബാന്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. 'വെടിനിര്‍ത്തല്‍ ലംഘിച്ച് പക്തിക പ്രവിശ്യയിലെ മൂന്ന് സ്ഥലങ്ങളില്‍ പാകിസ്താന്‍ ബോംബാക്രമണം നടത്തി. അഫ്ഗാനിസ്ഥാന്‍ തിരിച്ചടിക്കും' -അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് സഖ്യകക്ഷികളായിരുന്ന രണ്ട് അയല്‍ക്കാരും ദിവസങ്ങളായി അതിര്‍ത്തി കടന്നുള്ള കടുത്ത പോരാട്ടത്തിലായിരുന്നു. താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ കുറച്ച് ആശ്വാസം നല്‍കിയതിനിടയിലാണ് പാകിസ്താന്റെ പുതിയ കരാര്‍ ലംഘനം.

പാകിസ്താനും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടുന്നതെന്തിന്?

അതിര്‍ത്തി പ്രദേശത്തിന് സമീപം ആക്രമണം വര്‍ദ്ധിപ്പിച്ച 'ഭീകരരെ' കാബൂള്‍ സംരക്ഷിക്കുന്നുവെന്ന് പാകിസ്താന്‍ ആരോപിച്ചതിനെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും പുതിയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് 2021 ല്‍ യുഎസ് സേനയെ പിന്‍വലിച്ചതിനുശേഷം പാകിസ്താനില്‍ തീവ്രവാദ അക്രമങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അതേവര്‍ഷം അഫ്ഗാനിസ്ഥാനില്‍ അധികാരത്തില്‍ തിരിച്ചെത്തിയ താലിബാന്‍ സര്‍ക്കാരാണ് ഇതിനു കാരണക്കാര്‍ എന്നും ഇസ്ലാമാബാദ് കുറ്റപ്പെടുത്തുന്നു.
അതേസമയം ഭീകരരെ സംരക്ഷിക്കുന്നുണ്ടെന്ന പാക് അവകാശവാദം അഫ്ഗാനിസ്ഥാന്‍ നിഷേധിക്കുന്നു. ഇരുസൈനിക വിഭാഗങ്ങളും തമ്മിലെ സംഘര്‍ഷത്തില്‍ ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്.

സംഘര്‍ഷം അവസാനിപ്പിക്കാന്‍ രാജ്യങ്ങള്‍ ഇടപെടുന്നു

രണ്ട് ഏഷ്യന്‍ അയല്‍ക്കാര്‍ക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടം അവസാനിപ്പിക്കാന്‍ അയല്‍രാജ്യങ്ങളായ സൗദി അറേബ്യയും ഖത്തറും  മുന്നോട്ടുവന്നിട്ടുണ്ട്. മധ്യസ്ഥത വഹിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വാക്കുകൊടുത്തിട്ടുണ്ട്. താല്‍ക്കാലിക വെടിനിര്‍ത്തലില്‍ എത്തുന്നതിനുമുമ്പ്, അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതിന് ദിവസങ്ങള്‍ക്ക് ശേഷം ഇരുവശത്തുനിന്നും ആക്രമണങ്ങളില്‍ നാടകീയമായ വര്‍ദ്ധനവ് ഉണ്ടായി. ഈ വര്‍ഷം ആദ്യം താലിബാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക് അഭൂതപൂര്‍വമായ ഒരു സന്ദര്‍ശനം നടത്തിയതിനു തൊട്ടുപിന്നാലെയാണ് ഇത്. പാകിസ്ഥാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി, രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ താലിബാനും  ആക്രമണം ആരംഭിച്ചു, ഇത് കാബൂളിനെതിരായ ആക്രമണത്തിന്റെ തീവ്രത കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ പാകിസ്താനെ പ്രേരിപ്പിച്ചു.