പാക്കിസ്ഥാനെ 'ഭീകര രാഷ്ട്രം' എന്ന് വിശേഷിപ്പിച്ചു: മുൻ മന്ത്രിയുടെ മകൾക്കും മരുമകനും 17 വർഷം തടവ്

പാക്കിസ്ഥാനെ 'ഭീകര രാഷ്ട്രം' എന്ന് വിശേഷിപ്പിച്ചു: മുൻ മന്ത്രിയുടെ മകൾക്കും മരുമകനും 17 വർഷം തടവ്


ഇസ്‌ലാമാബാദ്: പാക്കിസ്ഥാനെ 'ഭീകര രാഷ്ട്രം' എന്ന് വിശേഷിപ്പിക്കുകയും സൈന്യവിരുദ്ധ പരാമർശങ്ങൾ നടത്തുകയും ചെയ്ത കേസിൽ മുൻ മനുഷ്യാവകാശ മന്ത്രി ഷിരീൻ മസാരിയുടെ മകൾ ഇമാൻ സൈനബ് മസാരി-ഹസിറിനെയും ഭർത്താവ് ഹാദി അലി ചാത്തയെയും കോടതി 17 വർഷം തടവിന് ശിക്ഷിച്ചു. ഇസ്‌ലാമാബാദിലെ അഡീഷണൽ ജില്ലാ-സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

സോഷ്യൽ മീഡിയ പോസ്റ്റുകളെ തുടർന്നാണ് ഇരുവർക്കുമെതിരെ വിവാദമായ പ്രിവെൻഷൻ ഓഫ് ഇലക്ട്രോണിക് ക്രൈംസ് ആക്ട് (PECA) പ്രകാരം കേസെടുത്തത്. സൈബർ ഭീകരവാദം, ഭീകരത മഹത്വവൽക്കരണം, തെറ്റായ വിവര പ്രചരണം തുടങ്ങിയ കുറ്റങ്ങളാണ് കോടതി ശരിവച്ചത്.

മനുഷ്യാവകാശ അഭിഭാഷകയായ ഇമാൻ മസാരി ബലാത്സംഗം, പിടിച്ചുകൊണ്ടുപോയതിനുശേഷം കാണാതാകൽ, അന്യായ കൊലപാതകങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഇരകൾക്ക് വേണ്ടി നിലകൊണ്ട വ്യക്തിയാണ്. ഭർത്താവ് ഹാദി അലി ചാത്തയും ക്രിമിനൽ അഭിഭാഷകനായി ദൈവനിന്ദ കേസുകളിൽ പ്രതികൾക്ക് വേണ്ടി ഹാജരായിട്ടുണ്ട്. ലൈംഗികാതിക്രമത്തിനിരയായവർക്കും കാണാതായവരുടെ കുടുംബങ്ങൾക്കും നിയമസഹായം നൽകുന്ന അസ്മ ജഹാംഗീർ ലീഗൽ സെല്ലുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

2016ൽ കൊണ്ടുവന്ന PECA നിയമം ആദ്യം സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ലക്ഷ്യമിട്ടതായിരുന്നു. എന്നാൽ 2025 ജനുവരിയിൽ ഭേദഗതി വരുത്തിയതോടെ സോഷ്യൽ മീഡിയ നിയന്ത്രണത്തിൽ സർക്കാരിന് കൂടുതൽ അധികാരം ലഭിക്കുകയും വിമർശന സ്വരം അടിച്ചമർത്താനുള്ള ഉപകരണമായി നിയമം മാറുകയുമാണെന്ന് മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നു. തെറ്റായ വിവരം പ്രചരിപ്പിച്ചാൽ മൂന്ന് വർഷം വരെ തടവും പിഴയും ഉൾപ്പെടെയുള്ള കർശന ശിക്ഷകളാണ് ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വിധിക്കെതിരെ ശക്തമായ പ്രതിഷേധമാണ് മനുഷ്യാവകാശ പ്രവർത്തകർ ഉയർത്തുന്നത്. 'അഭിപ്രായ സ്വാതന്ത്ര്യത്തെ ഭീകരവാദമായി ചിത്രീകരിക്കുന്ന ഈ നടപടി ഭരണഘടനയ്‌ക്കെതിരായ തുറന്ന ആക്രമണമാണ്,' പ്രമുഖ മനുഷ്യാവകാശ പ്രവർത്തക മോനിസ കാക്കർ പ്രതികരിച്ചു. അപ്പീലിൽ വിധി നിലനിൽക്കാൻ സാധ്യത കുറവാണെന്നും PECA നിയമത്തിന്റെ ദുരുപയോഗം അവസാനിപ്പിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.