ഇസ്ലാമാബാദ്: പാകിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യം ഞായറാഴ്ച നടത്തിയ കര സൈനിക നടപടിക്കും തുടര്‍ന്ന് നടത്തിയ വ്യോമാക്രമണങ്ങളിലുമായി 29 ഭീകരര്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു.
രാജ്യത്ത് സമീപകാലത്ത് തുടര്‍ച്ചയായി നടന്ന ഭീകരാക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ സൈനിക നടപടി സ്വീകരിച്ചതെന്ന് പാകിസ്ഥാന്‍ വിവര- പ്രക്ഷേപണ മന്ത്രി അത്തൗല്ല തരാര്‍ എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. സംഭവത്തില്‍ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
അടുത്തകാലത്തായി പാകിസ്ഥാനില്‍ പൊലീസ്, സുരക്ഷാസേന എന്നിവരെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങള്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഈ ആക്രമണങ്ങള്‍ക്ക് പ്രധാന ഉത്തരവാദികള്‍ പാകിസ്താന്‍ താലിബാന്‍ (തെഹ്രീക്-ഇ-താലിബാന്‍ പാകിസ്താന്‍- ടി ടി പി) ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളാണെന്നാണ് പാകിസ്ഥാന്റെ ആരോപണം.
ശനിയാഴ്ച കറാച്ചിയിലെ പാകിസ്ഥാന്‍ റേഞ്ചേഴ്സിന്റെ പ്രാദേശിക ആസ്ഥാനത്ത് ആയുധധാരികളും സ്‌ഫോടകവസ്തുക്കളുമായെത്തിയ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സുരക്ഷാസേന നടത്തിയ തിരിച്ചടിയില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെടുകയും ഒരാളെ പരിക്കുകളോടെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടിയിലായയാള്‍ അഫ്ഗാന്‍ പൗരനാണെന്ന് പാകിസ്ഥാന്‍ സൈന്യം വ്യക്തമാക്കി.
പാകിസ്ഥാന്‍ താലിബാനില്‍ നിന്ന് വേര്‍പിരിഞ്ഞ ജമാഅത്ത്-ഉല്‍-അഹ്റാര്‍ എന്ന സംഘടനയാണ് കറാച്ചി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
അഫ്ഗാന്‍ അതിര്‍ത്തിയിലെ പുതിയ സൈനിക നടപടിയില്‍ ടി ടി പി ഭീകരരുടെ ഒളിത്താവളങ്ങളും സുരക്ഷാകേന്ദ്രങ്ങളുമാണ് ലക്ഷ്യമിട്ടതെന്ന് മന്ത്രി അത്തൗല്ല തരാര്‍ പറഞ്ഞു. അഫ്ഗാന്‍ താലിബാനും പാകിസ്ഥാന്‍ താലിബാനും വ്യത്യസ്ത സംഘടനകളാണെങ്കിലും പരസ്പരം സഖ്യകക്ഷികളാണെന്ന് വിലയിരുത്തപ്പെടുന്നു. 2021-ലാണ് അഫ്ഗാന്‍ താലിബാന്‍ വീണ്ടും അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലെത്തിയത്.
മൂന്ന് ആഴ്ച മുമ്പ് അഫ്ഗാനിസ്ഥാനിലെ ഭീകര താവളങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാന്റെ പുതിയ കര- വ്യോമ ആക്രമണമുണ്ടായത്. അയല്‍രാജ്യങ്ങള്‍ തമ്മില്‍ ഏതാനും ആഴ്ചകളായി നിലനിന്നിരുന്ന താരതമ്യേന ശാന്തമായ സാഹചര്യം ഇതോടെ വീണ്ടും വഷളാകുമെന്നാണ് വിലയിരുത്തല്‍.
ഫെബ്രുവരി മുതല്‍ ഇരുരാജ്യങ്ങളും പരസ്പരം നടത്തിയ അതിര്‍ത്തി ആക്രമണങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അഫ്ഗാന്‍ മണ്ണില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് മറുപടിയായാണ് അഫ്ഗാനിസ്ഥാനും തിരിച്ചടി നടത്തിയിരുന്നത്.
അന്താരാഷ്ട്ര മധ്യസ്ഥതയില്‍ നടന്ന നിരവധി സമാധാന ചര്‍ച്ചകള്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടു. ഏപ്രിലില്‍ ചൈനയുടെ നേതൃത്വത്തില്‍ ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തിയിരുന്നു. സംഘര്‍ഷം കൂടുതല്‍ വഷളാക്കാതിരിക്കാനും നയതന്ത്രപരമായ പരിഹാരം തേടാനും ഇരുപക്ഷവും ധാരണയിലെത്തിയതായി പിന്നീട് ബീജിങ് അറിയിച്ചിരുന്നു.
എന്നാല്‍ അതിര്‍ത്തിയില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ നശിപ്പിക്കുകയെന്ന പേരില്‍ പാകിസ്ഥാന്‍ കഴിഞ്ഞ ഒരു വര്‍ഷമായി അഫ്ഗാന്‍ അതിര്‍ത്തിയിലും അഫ്ഗാന്‍ പ്രദേശത്തിനകത്തും നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
ടി ടി പി ഉള്‍പ്പെടെയുള്ള ഭീകരര്‍ക്ക് അഫ്ഗാന്‍ താലിബാന്‍ സര്‍ക്കാര്‍ അഭയം നല്‍കുന്നുവെന്നും അവിടെ നിന്നാണ് പാകിസ്ഥാനില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്നുമാണ് ഇസ്ലാമാബാദിന്റെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ അഫ്ഗാനിസ്ഥാന്‍ തുടര്‍ച്ചയായി നിഷേധിച്ചുവരികയാണ്.
