ഇസ്ലാമാബാദ് : അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ കുവൈത്തുമായി വിപുലമായ പ്രതിരോധ സഹകരണ കരാറിനായി പാകിസ്ഥാൻ പ്രാഥമിക ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. പ്രതിരോധ സഹകരണത്തിനൊപ്പം ഊർജ മേഖലയും നിക്ഷേപവും ഉൾപ്പെടുന്ന ധാരണയാണ് ഇരുരാജ്യങ്ങളും പരിഗണിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം സൗദി അറേബ്യയുമായി പാകിസ്ഥാൻ ഒപ്പുവെച്ച പരസ്പര പ്രതിരോധ കരാർ അമേരിക്ക-ഇറാൻ സംഘർഷത്തിലേക്ക് രാജ്യം വലിച്ചിഴയ്ക്കുമെന്ന ആശങ്ക ഇസ്ലാമാബാദിനുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ഇറാൻ അനുകൂല ഹൂത്തി സേന സൗദിക്കെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ആശങ്ക ശക്തമായത്.
ഇതിനിടെ, സൗദി അറേബ്യയ്‌ക്കെതിരായ ഏതൊരു ആക്രമണവും സ്വന്തം രാജ്യത്തിനെതിരായ ആക്രമണമായി കാണുമെന്ന് പാകിസ്ഥാൻ ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു.
2023 മുതൽ പരിശീലനവും സംയുക്ത സൈനികാഭ്യാസവും കേന്ദ്രീകരിച്ച പരിമിതമായ പ്രതിരോധ സഹകരണമാത്രമാണ് കുവൈത്തും പാകിസ്ഥാനും തമ്മിലുള്ളത്. എന്നാൽ സൗദിയുമായുള്ള കരാറിന് സമാനമായ ശക്തമായ സൈനിക പിന്തുണയാണ് ഇപ്പോൾ കുവൈത്ത് ആഗ്രഹിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
നിരവധി കരസേനാംഗങ്ങൾ, യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന സൈനിക സഹകരണം കുവൈത്ത് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാൽ നിലവിലെ സാഹചര്യത്തിൽ യുദ്ധസേനയെ വിന്യസിക്കുന്ന കാര്യം പരിഗണിക്കുന്നില്ലെന്ന് പാകിസ്ഥാൻ സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.
പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടും കുവൈത്ത് പാകിസ്ഥാനുമായി ചർച്ച നടത്തിയിട്ടുണ്ടെങ്കിലും, അത് സമഗ്രമായ പ്രതിരോധ കരാറിലേക്ക് എത്തമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. അമേരിക്ക-ഇറാൻ സംഘർഷം തുടരുന്നതിനാൽ ചർച്ചകളുടെ ഭാവി അനിശ്ചിതത്വത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
