സൗദിയില്‍ എണ്ണായിരം സൈനികരേയും യുദ്ധവിമാനങ്ങളും പ്രതിരോധ സംവിധാനങ്ങളും വിന്യസിച്ച് പാകിസ്ഥാന്‍

സൗദിയില്‍ എണ്ണായിരം സൈനികരേയും യുദ്ധവിമാനങ്ങളും പ്രതിരോധ സംവിധാനങ്ങളും വിന്യസിച്ച് പാകിസ്ഥാന്‍


ഇസ്ലാമാബാദ്/ റിയാദ്: കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഒപ്പുവെച്ച പ്രതിരോധ കരാറിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാന്‍ എണ്ണായിരത്തോളം സൈനികരെയും യുദ്ധവിമാന സ്‌ക്വാഡ്രണിനെയും വ്യോമ പ്രതിരോധ സംവിധാനങ്ങളും സൗദി അറേബ്യയില്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട സമാധാന മധ്യസ്ഥതയില്‍ പ്രധാന പങ്ക് വഹിക്കുന്നതിനിടെയാണ് പാകിസ്ഥാന്‍ സൈനിക സഹകരണം കൂടുതല്‍ ശക്തമാക്കുന്നത്.

പാകിസ്ഥാനിലെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് സര്‍ക്കാര്‍ വൃത്തങ്ങളും ഇത് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സൗദി അറേബ്യയ്ക്ക് നേരെ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായാല്‍ രാജ്യം സംരക്ഷിക്കാന്‍ ശേഷിയുള്ള സൈനിക സന്നാഹമാണിതെന്നാണ് അവര്‍ വ്യക്തമാക്കിയത്.

എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കണമെന്ന അഭ്യര്‍ഥനയ്ക്ക് പാകിസ്ഥാന്‍ സൈന്യവും വിദേശകാര്യ മന്ത്രാലയവും സൗദി അറേബ്യയുടെ ഔദ്യോഗിക മാധ്യമ വിഭാഗവും മറുപടി നല്‍കിയിട്ടില്ല.

2025 സെപ്റ്റംബര്‍ 17ന് ഒപ്പുവെച്ച പ്രതിരോധ കരാറിന്റെ പൂര്‍ണ വിവരങ്ങള്‍ രഹസ്യമാണെങ്കിലും ഇരു രാജ്യങ്ങളിലേതെങ്കിലും ആക്രമിക്കപ്പെട്ടാല്‍ പരസ്പരം സംരക്ഷിക്കണമെന്ന വ്യവസ്ഥ അതിലുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് മുമ്പ് നടത്തിയ പ്രസ്താവനയില്‍ സൗദി അറേബ്യ പാകിസ്ഥാന്റെ ആണവ സംരക്ഷണ പരിധിക്കുള്ളിലാണെന്ന സൂചന നല്‍കിയിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൈനയുമായി ചേര്‍ന്ന് നിര്‍മ്മിച്ച ജെ എഫ്-17 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടുന്ന 16 വിമാനങ്ങളടങ്ങിയ പൂര്‍ണ സ്‌ക്വാഡ്രണ്‍ ഏപ്രില്‍ ആദ്യം സൗദിയിലേക്ക് അയച്ചിരുന്നു. കൂടാതെ രണ്ട് ഡ്രോണ്‍ സ്‌ക്വാഡ്രണുകളും വിന്യസിച്ചതായി സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു.

ചൈനീസ് നിര്‍മ്മിത എച്ച്ക്യു-9 വ്യോമ പ്രതിരോധ സംവിധാനവും എണ്ണായിരത്തോളം സൈനികരുമാണ് നിലവില്‍ വിന്യസിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആവശ്യമായാല്‍ കൂടുതല്‍ സൈനികരെ അയക്കാമെന്ന ഉറപ്പും പാകിസ്ഥാന്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് പാകിസ്ഥാന്‍ സൈനികരാണ്. എന്നാല്‍ ചെലവ് വഹിക്കുന്നത് സൗദിയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇറാന്‍ സംഘര്‍ഷ കാലത്ത് വിന്യസിച്ച സൈനികരും വ്യോമസേനാംഗങ്ങളും പ്രധാനമായും പരിശീലന- ഉപദേശക ചുമതലയായിരിക്കും വഹിക്കുകയെന്ന് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മുന്‍കരാറുകളുടെ അടിസ്ഥാനത്തില്‍ തന്നെ ആയിരക്കണക്കിന് പാകിസ്ഥാന്‍ സൈനികര്‍ സൗദിയില്‍ സേവനമനുഷ്ഠിച്ചുവരികയാണെന്നും പുതിയ വിന്യാസം അതിന് പുറമേയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കരാറിന്റെ രഹസ്യ രേഖകളെ കുറിച്ചറിയാവുന്ന  സര്‍ക്കാര്‍ സ്രോതസ്സില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം ആവശ്യമായാല്‍ 80,000 വരെ പാകിസ്ഥാന്‍ സൈനികരെ സൗദിയിലേക്ക് വിന്യസിക്കാനുള്ള വ്യവസ്ഥ കരാറിലുണ്ടെന്ന് അറിയിച്ചു. സൗദി സേനയ്ക്കൊപ്പം അതിര്‍ത്തി സുരക്ഷ ഉറപ്പാക്കാനായിരിക്കും ഇവരെ വിന്യസിക്കുക.

പാകിസ്ഥാന്‍ നാവിക കപ്പലുകളുടെ വിന്യാസവും കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും അവ സൗദിയിലെത്തിയിട്ടുണ്ടോ എന്നത് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാന്റെ ആക്രമണത്തില്‍ സൗദിയിലെ നിര്‍ണായക ഊര്‍ജ സൗകര്യങ്ങള്‍ ലക്ഷ്യമാക്കപ്പെടുകയും ഒരു സൗദി പൗരന്‍ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെ സൗദിയിലേക്ക് യുദ്ധവിമാനങ്ങള്‍ അയച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

തുടര്‍ന്ന് ഇറാനും അമേരിക്കയും തമ്മിലുള്ള താത്ക്കാലിക വെടിനിര്‍ത്തല്‍ ശ്രമങ്ങളില്‍ പാകിസ്ഥാന്‍ പ്രധാന മധ്യസ്ഥനായി മാറി. അമേരിക്ക- ഇറാന്‍ നേരിട്ടുള്ള സമാധാന ചര്‍ച്ചകളുടെ ആദ്യ ഘട്ടം ഇസ്ലാമാബാദില്‍ നടന്നിരുന്നു. രണ്ടാംഘട്ട ചര്‍ച്ച പിന്നീട് മാറ്റിവെക്കപ്പെട്ടു.

അതേസമയം, സൗദി അറേബ്യ ഇറാനെതിരെ നിരവധി രഹസ്യ ആക്രമണങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയങ്ങളില്‍ സൗദി അറേബ്യ പാകിസ്ഥാനെ സാമ്പത്തികമായി സഹായിച്ചുവരികയും പകരം പാകിസ്ഥാന്‍ സൈനിക പിന്തുണ നല്‍കുകയും ചെയ്യുന്ന ദീര്‍ഘകാല ബന്ധമാണ് ഇരുരാജ്യങ്ങള്‍ക്കുമുള്ളത്.