ഇസ്ലാമാബാദ്: ചൈനയുടെ സഖ്യരാജ്യമായ പാകിസ്ഥാന്‍, 'വണ്‍ ചൈന' നയത്തിന്റെ ഭാഗമായി തായ്വാന്‍ വിമാനക്കമ്പനികള്‍ക്ക് രാജ്യത്തിന്റെ വ്യോമപാത ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. തായ്വാന്‍ വിമാനങ്ങള്‍ പാകിസ്ഥാന്‍ വ്യോമപാത ഒഴിവാക്കി ദീര്‍ഘദൂര പാതകളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ബുധനാഴ്ചയാണ് പാകിസ്ഥാന്‍ തീരുമാനം സ്ഥിരീകരിച്ചത്.
'വ്യോമയാന വിഭാഗം വണ്‍ ചൈന നയമാണ് പിന്തുടരുന്നത്. ചൈനയുടെ പ്രധാന ഭൂപ്രദേശത്തുനിന്നുള്ള വിമാനങ്ങള്‍ക്ക് മാത്രമാണ് അനുമതി,'- പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് ബുധനാഴ്ച ബ്ലൂംബെര്‍ഗ് ന്യൂസിനോട് പറഞ്ഞു. ചൈനീസ് വിമാനക്കമ്പനികള്‍ക്ക് മാത്രമാണ് പാകിസ്ഥാന് മുകളിലൂടെ പറക്കാന്‍ അനുമതി നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ബീജിംഗിന്റെ 'വണ്‍ ചൈന' നയത്തിന്റെ പേരില്‍ തായ്വാന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമപാത വിലക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ സംഭവമാണിത്. തായ്വാന്‍ ചൈനയുടെ അവിഭാജ്യ ഭാഗമാണെന്നാണ് ചൈനയുടെ നിലപാട്.
യൂറോപ്പിലേക്കുള്ള യാത്രയ്ക്ക് ദീര്‍ഘദൂര പാത
തായ്വാന്‍ വിമാനങ്ങള്‍ പാകിസ്ഥാന്‍ വ്യോമപാത ഒഴിവാക്കി യൂറോപ്പിലേക്കുള്ള യാത്രയ്ക്കായി റഷ്യന്‍ വ്യോമപാതയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയതോടെയാണ് പാകിസ്ഥാന്റെ നീക്കം ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞ വാരാന്ത്യം മുതല്‍ ചില വിമാനങ്ങള്‍ പതിവ് പാതകള്‍ ഉപേക്ഷിച്ച് ദീര്‍ഘദൂര പാതകള്‍ സ്വീകരിച്ചതായി വ്യോമയാന നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.
ഫ്‌ളൈറ്റ്‌റഡാര്‍24-ന്റെ വിവരങ്ങള്‍ പ്രകാരം, ഒക്ടോബര്‍ 24ന് തായ്പേയില്‍നിന്ന് റോമിലേക്കു പുറപ്പെട്ട ചൈന എയര്‍ലൈന്‍സിന്റെ ഒരു വിമാനം ഇന്ത്യ, പാകിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നിവിടങ്ങളിലൂടെയുള്ള പതിവ് പാത ഒഴിവാക്കി റഷ്യന്‍ വ്യോമപാതയിലൂടെയാണ് സഞ്ചരിച്ചത്.
ചൈനയുമായി അടുത്ത ബന്ധം
1951-ല്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുമായി നയതന്ത്രബന്ധം സ്ഥാപിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാന്‍. അതിനുശേഷം ചൈനയുമായി രാഷ്ട്രീയ, സാമ്പത്തിക, തന്ത്രപ്രധാന മേഖലകളില്‍ അടുത്ത ബന്ധമാണ് പാകിസ്ഥാന്‍ പുലര്‍ത്തിവരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ 'എല്ലാ കാലാവസ്ഥകളിലും നിലനില്‍ക്കുന്ന പങ്കാളിത്തം' എന്നാണ് വിശേഷിപ്പിക്കുന്നത്.
തായ്വാനുമായി അനൗദ്യോഗിക ബന്ധം പുലര്‍ത്തുന്ന അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി, പാകിസ്ഥാന്‍ തായ്പേയുമായുള്ള ഇടപെടലുകള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. തായ്വാന്റെ സ്വാതന്ത്ര്യവാദത്തെയും ഇസ്ലാമാബാദ് ശക്തമായി എതിര്‍ക്കുന്നു.
ഈ വര്‍ഷം ജനുവരിയില്‍ പാക് വിദേശകാര്യ മന്ത്രാലയം തായ്വാനെ ചൈനയുടെ 'അവിഭാജ്യ ഭാഗം' എന്ന് വിശേഷിപ്പിക്കുകയും വണ്‍ ചൈന തത്വത്തോടുള്ള പിന്തുണ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
ചൈനയുടെ പരമാധികാര വാദം തള്ളി തായ്വാന്‍
തായ്വാന്‍ തങ്ങളുടെ ഭാഗമാണെന്ന ചൈനയുടെ പരമാധികാര വാദം തായ്വാന്‍ അംഗീകരിക്കുന്നില്ല. ഭൂരിഭാഗം രാജ്യങ്ങളും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും തായ്വാന്‍ നിലവില്‍ സ്വതന്ത്ര ഭരണസംവിധാനത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.
നിലവില്‍ 12 രാജ്യങ്ങള്‍ മാത്രമാണ് തായ്പേയുമായി ഔദ്യോഗിക നയതന്ത്രബന്ധം പുലര്‍ത്തുന്നത്. ബെലീസ്, ടുവാലു തുടങ്ങിയ ചെറിയ വികസ്വര രാജ്യങ്ങളാണ് ഇവയില്‍ ഭൂരിഭാഗവും.
രാഷ്ട്രീയ കാരണങ്ങളാല്‍ തായ്വാന്‍ വിമാനക്കമ്പനികള്‍ക്ക് ചൈനയുടെ പ്രധാന ഭൂപ്രദേശത്തിനു മുകളിലൂടെ പറക്കാന്‍ നേരത്തേ തന്നെ അനുമതിയില്ല. പാകിസ്ഥാന്‍ കൂടി വ്യോമപാത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ തായ്വാന്‍ വിമാനങ്ങളുടെ അന്താരാഷ്ട്ര യാത്രാപാതകളില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരേണ്ടിവരും.
