ഇസ്ലാമാബാദ്: സിന്ധു ജലകരാര്‍ പ്രകാരമുള്ള പാകിസ്താന്റെ 'നിയമപരമായ ജലവിഹിതം' ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പാകിസ്താന്റെ ഉന്നത സൈനിക നേതൃത്വം പ്രഖ്യാപിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പതിറ്റാണ്ടുകള്‍ പഴക്കമുള്ള സിന്ധു ജലകരാര്‍ സസ്‌പെന്‍ഡ് ചെയ്തതിന് മാസങ്ങള്‍ക്കുശേഷമാണ് ഈ പ്രഖ്യാപനം.
പാകിസ്താന്‍ കരസേനാ മേധാവി ജനറല്‍ അസിം മുനീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 276-ാമത് കോര്‍പ്സ് കമാന്‍ഡേഴ്സ് സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്താന്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കും ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കും അനുസൃതമായി രാജ്യത്തിന് സിന്ധു ജലകരാര്‍ പ്രകാരം ലഭിക്കേണ്ട ജലവിഹിതം ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൈനിക നേതൃത്വം പ്രതിജ്ഞാബദ്ധമാണെന്ന് പാകിസ്താന്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
2025 ഏപ്രില്‍ 24-ന് പാകിസ്താന്റെ ദേശീയ സുരക്ഷാ സമിതി നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സമ്മേളനം വീണ്ടും പിന്തുണ പ്രഖ്യാപിച്ചു.
ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരായ ശിക്ഷാനടപടികളുടെ ഭാഗമായി ഇന്ത്യ 1960-ലെ സിന്ധു ജലകരാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആറു പതിറ്റാണ്ടിലേറെയായി ഇന്ത്യയും പാകിസ്താനും തമ്മില്‍ സിന്ധു നദിയുടെയും അതിന്റെ പോഷകനദികളുടെയും ജലവിഹിതവും ഉപയോഗവും നിയന്ത്രിച്ചിരുന്നത് ഈ കരാറായിരുന്നു.
ഏപ്രില്‍ 24-ന് ചേര്‍ന്ന ദേശീയ സുരക്ഷാ സമിതി യോഗത്തില്‍, പാകിസ്താന് ലഭിക്കേണ്ട ജലവിഹിതം തടയാനോ തിരിച്ചുവിടാനോ നടത്തുന്ന ഏതൊരു ശ്രമവും യുദ്ധനടപടിയായി കണക്കാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അതേസമയം, രാജ്യത്തെ നിലവിലെ സുരക്ഷാസാഹചര്യവും കോര്‍പ്സ് കമാന്‍ഡേഴ്സ് സമ്മേളനം വിലയിരുത്തി. പാകിസ്താന്‍ സായുധസേനയുടെ പ്രവര്‍ത്തനസജ്ജതയിലും പ്രൊഫഷണല്‍ മികവിലും യുദ്ധസന്നദ്ധതയിലും സമ്മേളനം സംതൃപ്തി രേഖപ്പെടുത്തിയതായി സൈനിക പ്രസ്താവനയില്‍ പറയുന്നു.
അഫ്ഗാന്‍ താലിബാന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ ഉപയോഗപ്പെടുത്തി തീവ്രവാദ സംഘടനകള്‍ പാകിസ്താനില്‍ ആക്രമണങ്ങള്‍ നടത്തുന്നതില്‍ സമ്മേളനം ഗുരുതര ആശങ്കയും പ്രകടിപ്പിച്ചു.
ഭീകരവാദത്തില്‍ നിന്ന് സ്വന്തം ജനങ്ങളെ സംരക്ഷിക്കാന്‍ പാകിസ്താന് വ്യക്തമായ അവകാശമുണ്ടെന്നും അഫ്ഗാന്‍ താലിബാന്‍ നിയന്ത്രിത പ്രദേശങ്ങളില്‍ നിന്ന് ഉയരുന്ന ഭീകര ഭീഷണിക്കെതിരെ ഓപ്പറേഷന്‍ ഗസബ്-ലില്‍-ഹഖ് എന്ന സൈനിക നടപടിയുടെ ഭാഗമായി ഇന്റലിജന്‍സ് അധിഷ്ഠിത ഓപ്പറേഷനുകള്‍ പാകിസ്താന്‍ സായുധസേന തുടരുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
