ഇസ്ലാമാബാദ്: ഐഎംഎഫ് ജാമ്യവ്യവസ്ഥാ പാക്കേജിന്റെ കടുത്ത വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ദേശീയ വിമാനക്കമ്പനിയായ പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിനെ (PIA) വില്‍ക്കാനുള്ള നടപടികളിലേക്ക് കടക്കുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നിലനില്‍ക്കുന്ന രാജ്യത്തിന് 7 ബില്യണ്‍ ഡോളറിന്റെ ഐഎംഎഫ് സഹായം ലഭിക്കുന്നതിനുള്ള പ്രധാന വ്യവസ്ഥകളിലൊന്നാണ് പിഐഎയുടെ സ്വകാര്യവത്കരണം. ഈ സാഹചര്യത്തില്‍ ഡിസംബര്‍ 23ന് നടക്കുന്ന ലേലത്തില്‍ സൈന്യം നിയന്ത്രിക്കുന്ന ഫൗജി ഫൗണ്ടേഷന്റെ കീഴിലുള്ള ഫൗജി ഫെര്‍ട്ടിലൈസര്‍ കമ്പനി ലിമിറ്റഡും മുന്‍നിര ബിഡ്ഡര്‍മാരില്‍ ഒരാളായി ഉള്‍പ്പെട്ടിട്ടുണ്ട്.
51 മുതല്‍ 100 ശതമാനം വരെ ഓഹരികള്‍ വിറ്റഴിക്കുന്നതാണ് പദ്ധതി. ലേല നടപടികള്‍ എല്ലാ മാധ്യമങ്ങളിലൂടെയും തത്സമയം സംപ്രേഷണം ചെയ്യുമെന്ന് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് വ്യക്തമാക്കി. ബിഡ്ഡര്‍മാരുമായി ഇസ്ലാമാബാദില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഈ പ്രഖ്യാപനം. നേരത്തെ പിഐഎയുടെ സ്വകാര്യവത്കരണ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നെങ്കിലും, നിലവിലെ സാമ്പത്തിക സമ്മര്‍ദ്ദം സര്‍ക്കാരിനെ കടുത്ത നടപടികളിലേക്ക് തള്ളിയിരിക്കുകയാണ്.
ഈ സാമ്പത്തിക വര്‍ഷം സ്വകാര്യവത്കരണത്തിലൂടെ 86 ബില്യണ്‍ രൂപ സമാഹരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം എന്നായിരുന്നു സ്വകാര്യവത്കരണ മന്ത്രി മുഹമ്മദ് അലി കഴിഞ്ഞ മാസം റോയിറ്റേഴ്‌സിനോട് പറഞ്ഞത്. മുന്‍ ലേലത്തില്‍ ലഭിക്കുന്ന തുകയുടെ 15 ശതമാനം മാത്രമാണ് സര്‍ക്കാരിന് ലഭിച്ചത്; ബാക്കി കമ്പനിയിലാണ് നിലനിന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഡോണ്‍, ജിയോ ടിവി തുടങ്ങിയ പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് കഴിഞ്ഞ രണ്ടു ദശകത്തിനിടെ നടക്കുന്ന ആദ്യ വലിയ സ്വകാര്യവത്കരണ നടപടിയാണ് പിഐഎയുടെ വില്‍പന. ലക്കി സിമന്റ് കോണ്‍സോര്‍ഷ്യം, ആരിഫ് ഹബീബ് കോര്‍പറേഷന്‍ കോണ്‍സോര്‍ഷ്യം, എയര്‍ ബ്ലൂ ലിമിറ്റഡ്, ഫൗജി ഫെര്‍ട്ടിലൈസര്‍ കമ്പനി ലിമിറ്റഡ് എന്നിവയാണ് ലേലത്തിന് മുന്‍കൂര്‍ യോഗ്യത നേടിയ നാല് കമ്പനികള്‍.
സൈനിക സ്ഥാപനങ്ങളുടെ ശക്തമായ സാമ്പത്തിക സ്വാധീനം നിലനില്‍ക്കുന്ന പാക്കിസ്ഥാനില്‍ ഫൗജി ഫൗണ്ടേഷന്‍ ഏറ്റവും വലിയ കോര്‍പറേറ്റ് ശക്തികളിലൊന്നായി വളര്‍ന്നിട്ടുണ്ട്. സൈന്യവുമായി അടുത്ത ബന്ധമുള്ള സ്ഥാപനത്തിന് പിഐഎ പോലുള്ള ദേശീയ പ്രതീകത്തിന്റെ നിയന്ത്രണം കൈമാറുന്നതിനെച്ചൊല്ലി രാജ്യത്തിനകത്തും പുറത്തും രാഷ്ട്രീയസാമ്പത്തിക ചര്‍ച്ചകള്‍ സജീവമാകുന്ന സാഹചര്യത്തിലൂടെയാണ് ഈ സ്വകാര്യവത്കരണം മുന്നോട്ടുപോകുന്നത്.
ഐഎംഎഫ് വായ്പയ്ക്കായി പാക് ദേശീയ വിമാനക്കമ്പനി വില്‍പനയ്ക്ക്; മുനീറിന്റെ ഫൗജി ഗ്രൂപ്പും ലേല പട്ടികയില്‍
