മ്യാന്‍മര്‍ തീരത്ത് അഭയാര്‍ഥി ബോട്ടുകള്‍ മറിഞ്ഞതായി ആശങ്ക; 500ലേറെ പേര്‍ മരിച്ചതായി യുഎന്‍

മ്യാന്‍മര്‍ തീരത്ത് അഭയാര്‍ഥി ബോട്ടുകള്‍ മറിഞ്ഞതായി ആശങ്ക; 500ലേറെ പേര്‍ മരിച്ചതായി യുഎന്‍


യാങ്കൂണ്‍: മ്യാന്‍മറിന്റെ തീരത്ത് റോഹിങ്ക്യ അഭയാര്‍ഥികളുമായി പോയ രണ്ട് ബോട്ടുകള്‍ മറിഞ്ഞതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ 500ലേറെ പേര്‍ മരിച്ചിരിക്കാമെന്നാണ് ആശങ്ക.

ജൂണ്‍ അവസാനത്തോടെയാണ് രണ്ട് ബോട്ടുകളും മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് നിന്ന് യാത്ര തിരിച്ചത്. ബോട്ടുകളിലുണ്ടായിരുന്നത് കൂടുതലും റോഹിങ്ക്യ വംശജരായ അഭയാര്‍ഥികളായിരുന്നു. ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്ന് എത്തിയവരും യാത്രക്കാരില്‍ ഉണ്ടായിരുന്നുവെന്ന് അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും (IOM) യുഎന്‍ അഭയാര്‍ഥി ഏജന്‍സിയും (UNHCR) സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

സുരക്ഷിത ജീവിതവും മെച്ചപ്പെട്ട സാഹചര്യങ്ങളും തേടി അപകടകരമായ കടല്‍മാര്‍ഗം ഉപയോഗിച്ചാണ് ഇവര്‍ യാത്രതിരിച്ചതെന്ന് യുഎന്‍ വ്യക്തമാക്കി.

സംഭവത്തില്‍ 500ലേറെ പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. എന്നാല്‍ ബോട്ടപകടവും മരണസംഖ്യയും ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

എങ്കിലും, വന്‍തോതിലുള്ള ജീവഹാനി ഉണ്ടായിരിക്കാമെന്ന ആശങ്ക അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് യുഎന്‍ അഭയാര്‍ഥി ഏജന്‍സിയും അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും വ്യക്തമാക്കി. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.