വാഷിംഗ്്ടൺ: അമേരിക്കൻ കുടിയേറ്റ ഏജൻസികളായ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റും (ICE), കസ്റ്റംസ് ആൻഡ്‌ബോർഡർ പ്രൊട്ടക്ഷനും (CBP) അടക്കമുള്ളവരുമായി ഗൂഗിൾ പുലർത്തുന്ന ബന്ധങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരത്തിലേറെ ജീവനക്കാർ ഒപ്പിട്ട ഹർജി കമ്പനി നേതൃത്വത്തിന് സമർപ്പിക്കാനൊരുങ്ങുന്നു.
ഫെഡറൽ കുടിയേറ്റ നടപടികളുമായി ബന്ധപ്പെട്ട നിരീക്ഷണ സംവിധാനങ്ങൾക്കും അക്രമങ്ങൾക്കും ഗൂഗിളിന്റെ സാങ്കേതിക വിദ്യകൾ വഴിയൊരുക്കുന്നുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ഗൂഗിൾ ക്ലൗഡ് സംവിധാനങ്ങൾ യുഎസ് അതിർത്തികളിലെ സിബിപി നിരീക്ഷണത്തിനും, ഐസ് കുടിയേറ്റക്കാരെ നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന പാലൻടീറിന്റെ ' ഇമിഗ്രേഷൻ ഒഎസ് ' പ്ലാറ്റ്‌ഫോമിനും സഹായകമാകുന്നുവെന്നുമാണ് ജീവനക്കാരുടെ വാദം.
ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പും സിബിപിയും ഗൂഗിളിന്റെ ജനറേറ്റീവ് എഐ ഉപകരണങ്ങൾ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഉപയോഗിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഐസ് പ്രവർത്തനം പിന്തുടരാൻ സഹായിക്കുന്ന ചില ആപ്പുകൾ പ്ലേ സ്റ്റോറിൽ നിയന്ത്രിച്ചുവെന്നും, ഐസ് റിക്രൂട്ട്‌മെന്റിനും 'സ്വമേധയാ നാടുവിടൽ' പ്രചാരണങ്ങൾക്കും യുട്യൂബിൽ പരസ്യങ്ങൾ നൽകിയെന്നുമുള്ള ആരോപണങ്ങളും ഉണ്ട്. ഹർജിക്ക് ഗൂഗിൾ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.
'ഞങ്ങൾ വികസിപ്പിക്കുന്ന സാങ്കേതിക വിദ്യകൾ ഇത്തരത്തിൽ
ഉപയോഗിക്കപ്പെടുന്നത് ഗുരുതര ആശങ്കയുണ്ടാക്കുന്നു' എന്ന് ഹർജിയിൽ ജീവനക്കാർ
പറയുന്നു.
'ഗൂഗ്‌ളേഴ്‌സ് ഡിമാൻഡ് : വർക്കർസേഫ്റ്റി ആൻഡ് ഐസ് കോൺട്രാക്ട് ട്രാൻസ്പാരൻസി' എന്നപേരിലുള്ള ഹർജിയിൽ, ഡിഎച്ച്എസ്, ഐസിഇ, സിബിപി എന്നിവയുമായുള്ള എല്ലാ കരാറുകളും സഹകരണങ്ങളും പൂർണമായി വെളിപ്പെടുത്തണമെന്ന് ജീവനക്കാർ ആവശ്യപ്പെടുന്നു. അക്രമത്തിനും അടിച്ചമർത്തലിനും വഴിയൊരുക്കുന്ന പങ്കാളിത്തങ്ങളിൽ നിന്ന് പിന്മാറണമെന്നും ആവശ്യമുണ്ട്.
അമേരിക്കയിലുടനീളം ജീവനക്കാർ നേരിടുന്ന സുരക്ഷാ ഭീഷണികൾ അംഗീകരിക്കണമെന്നും, കലാപ സാഹചര്യങ്ങളിൽ സ്‌കൂൾ അടച്ചിടൽ, പരസ്പര സഹായ പ്രവർത്തനങ്ങൾ തുടങ്ങിയ അടിയന്തര നടപടികൾക്ക് നേതൃത്വം നൽകണമെന്നും ഹർജി ആവശ്യപ്പെടുന്നു. സർക്കാർ കരാറുകൾ കൈകാര്യം ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരുമായി അടിയന്തര ടൗൺ ഹാൾ യോഗം അല്ലെങ്കിൽ തത്സമയ ചോദ്യോത്തര പരിപാടി സംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ, കരാർ ജീവനക്കാരെയും പിന്തുണ സ്റ്റാഫിനെയും ഉൾപ്പെടുത്തി എല്ലാവർക്കും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണം, ദൂരസ്ഥജോലി സൗകര്യം നൽകണം, നിയമ-കുടിയേറ്റ സഹായം ലഭ്യമാക്കണം എന്നീ ആവശ്യങ്ങളും ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ഏജൻസികൾക്ക് ഗൂഗിളിന്റെ എഐ, ക്ലൗഡ്‌സേവനങ്ങൾ ഉപയോഗിക്കുന്നതിൽ വ്യക്തമായ പരിധികൾ നിശ്ചയിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു.
ഐസിഇയുമായുള്ള ബന്ധം അവസാനിപ്പിക്കണം: ഗൂഗിൾ നേതൃത്വത്തിനെതിരെ ആയിരത്തിലേറെ ജീവനക്കാർ
