ഗാര്‍ഹിക തൊഴിലാളി നിയമനത്തിന് 10 രാജ്യങ്ങള്‍ക്ക് മാത്രം അനുമതി; 27 രാജ്യങ്ങള്‍ക്ക് കുവൈത്തിന്റെ വിലക്ക്

ഗാര്‍ഹിക തൊഴിലാളി നിയമനത്തിന് 10 രാജ്യങ്ങള്‍ക്ക് മാത്രം അനുമതി; 27 രാജ്യങ്ങള്‍ക്ക് കുവൈത്തിന്റെ വിലക്ക്


കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ കര്‍ശനമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. ഇതനുസരിച്ച് 10 അംഗീകൃത രാജ്യങ്ങളില്‍ നിന്നുമാത്രമേ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാന്‍ അനുമതിയുണ്ടാകൂ. അതേസമയം 27 രാജ്യങ്ങളില്‍ നിന്നുള്ള നിയമനത്തിന് വിലക്കേര്‍പ്പെടുത്തിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ ശുപാര്‍ശകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് പുതിയ നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

പുതിയ നിര്‍ദേശപ്രകാരം ദക്ഷിണാഫ്രിക്ക, ബെനിന്‍, എറിത്രിയ, എത്യോപ്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ഇന്ത്യ, വിയറ്റ്‌നാം, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. സെനഗലില്‍ നിന്ന് പുരുഷ തൊഴിലാളികളെ മാത്രമേ നിയമിക്കാന്‍ കഴിയൂ. നിയമന നടപടികള്‍ കുവൈത്തിലെ വിവിധ ഗവര്‍ണറേറ്റുകളിലൂടെയാകും പൂര്‍ത്തിയാക്കുക.

രണ്ടു ദിവസം മുന്‍പ് പുതുക്കിയ സര്‍ക്കുലര്‍ റെസിഡന്‍സി അഫയേഴ്‌സ് വകുപ്പുകള്‍ക്കും സേവന കേന്ദ്രങ്ങള്‍ക്കും കൈമാറിയതായും അതോടെ ഇത് പ്രാബല്യത്തില്‍ വന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം, 27 രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളി നിയമനത്തിന് പൂര്‍ണമായോ ഭാഗികമായോ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിലക്ക് ബാധകമായ രാജ്യങ്ങള്‍ ഇവയാണ്:

മഡഗാസ്‌കര്‍, ഭൂട്ടാന്‍, കെനിയ, ഉഗാണ്ട, നൈജീരിയ, ടോഗോ, മലാവി, ചാഡ്, ജിബൂട്ടി, നൈജര്‍, ഗിനിയ, ഗിനിയ- ബിസാവു, കേപ് വെര്‍ദെ, സിയറ ലിയോണ്‍, ലൈബീരിയ, മാലി, ബുര്‍ക്കിന ഫാസോ, ഗാംബിയ, കാമറൂണ്‍, ഇക്വറ്റോറിയല്‍ ഗിനിയ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, റിപ്പബ്ലിക് ഓഫ് കോംഗോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, റുവാണ്ട, ബുറുണ്ടി, അംഗോള.

ചില രാജ്യങ്ങളുടെ കാര്യത്തില്‍ സ്ത്രീ ഗാര്‍ഹിക തൊഴിലാളികളുടെ നിയമനത്തിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും പുരുഷ തൊഴിലാളികളുടെ നിയമനം തുടരാന്‍ അനുമതിയുണ്ടെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ഗാര്‍ഹിക തൊഴിലാളി മേഖലയെ കൂടുതല്‍ ക്രമവത്കരിക്കുന്നതിനും നിയമന നടപടികളില്‍ കൂടുതല്‍ മേല്‍നോട്ടവും സുതാര്യതയും ഉറപ്പാക്കുന്നതിനുമുള്ള കുവൈത്ത് സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ചട്ടങ്ങള്‍ നടപ്പാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.