തെഹ്‌റാന്‍: അമേരിക്കയ്ക്കും ഇസ്രയേലിനും വേണ്ടി പ്രവര്‍ത്തിച്ചെന്നാരോപിച്ച് ഇറാനില്‍ ഒരാളെ വധശിക്ഷയ്ക്ക് വിധേയനാക്കി. ജനുവരി മാസത്തില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടെ ചെയിന്‍സോ കൈവശം വെച്ച് അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നാരോപിച്ച മജീദ് അദീനെയാണ് ഞായറാഴ്ച വധിച്ചത്.
'ശത്രുതാപരമായ സംഘങ്ങള്‍ക്ക് അനുകൂലമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു' എന്ന കുറ്റമാണ് അദീനെയ്ക്കെതിരെ ചുമത്തിയിരുന്നതെന്ന് ഇറാന്‍ ജുഡീഷ്യറിയുടെ ഔദ്യോഗിക മാധ്യമമായ മിസാന്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങള്‍ക്കിടെ അദീനെയ്‌ക്കെതിരെ തീവെപ്പ്, രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്കെതിരെ കുറ്റകൃത്യങ്ങള്‍ നടത്താന്‍ ഗൂഢാലോചന, കൂട്ടായ്മ എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
കേസില്‍ ലഭ്യമായ നിരവധി രേഖകളും തെളിവുകളും പ്രതിയുടെ മൊഴികളും പരിശോധിച്ച ശേഷമാണ് കരജ് റെവല്യൂഷണറി കോടതി വധശിക്ഷ വിധിച്ചതെന്ന് മിസാന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിരുന്നു.
അദീനെയുടെ അപ്പീല്‍ സുപ്രിം കോടതി തള്ളുകയും വിചാരണക്കോടതിയുടെ വിധി ശരിവയ്ക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ശിക്ഷ നടപ്പാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
തെഹ്‌റാന്റെ പടിഞ്ഞാറുള്ള അല്‍ബോര്‍സ് പ്രവിശ്യയില്‍ ജനുവരി 9നാണ് അദീനെയെയും മറ്റൊരു പ്രതിയെയും അറസ്റ്റ് ചെയ്തതെന്ന് മിസാന്‍ റിപ്പോര്‍ട്ട് ചെയ്തു.
അറസ്റ്റിനിടെ ഇവരില്‍നിന്ന് ഒരു തോക്ക്, വെടിയുണ്ടകള്‍, രണ്ട് സ്റ്റണ്‍ ഗണ്‍, രണ്ട് ടിയര്‍ ഗ്യാസ് കാനിസ്റ്ററുകള്‍, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ചെയിന്‍സോ, പെട്രോള്‍ എന്നിവ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.
2025 ഡിസംബര്‍ അവസാനത്തോടെ ജീവിതച്ചെലവ് വര്‍ധിച്ചതിനെതിരായ പ്രതിഷേധങ്ങളോടെയാണ് പ്രക്ഷോഭം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ഇത് സര്‍ക്കാരിനെതിരായ വ്യാപക പ്രതിഷേധമായി മാറി. ജനുവരി 8, 9 തിയ്യതികളിലാണ് പ്രതിഷേധം ഏറ്റവും ശക്തമായത്.
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ അധികൃതരുടെ കണക്കനുസരിച്ച് അക്രമങ്ങളില്‍ 3,000ത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. അമേരിക്കയും ഇസ്രയേലും നേതൃത്വം നല്‍കിയ ഭീകരപ്രവര്‍ത്തനങ്ങളാണ് രക്തച്ചൊരിച്ചിലിന് കാരണമെന്ന് ഇറാന്‍ ആരോപിച്ചു.
അതേസമയം, പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട മരണസംഖ്യ സംബന്ധിച്ച ഇറാന്‍ അധികൃതരുടെ അവകാശവാദങ്ങള്‍ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
