അമ്മാൻ: ഫിഫ ലോകകപ്പ് മത്സരത്തിന്റെ തത്സമയ സംപ്രേഷണം കാണാൻ ഒത്തുകൂടിയ ആരാധകർക്കിടയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റതായി ജോർദാൻ അധികൃതർ അറിയിച്ചു. തലസ്ഥാനമായ അമ്മാനിലെ ഹാഷിമൈറ്റ് സ്‌ക്വയറിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ജോർദാനും അൾജീരിയയും തമ്മിലുള്ള ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിന്റെ സംപ്രേഷണം കാണാനായി ആയിരക്കണക്കിന് ആളുകളാണ് ഇവിടെ ഒത്തുകൂടിയത്. മത്സരത്തിനിടെ ഉണ്ടായ കടുത്ത തിരക്കും ജനക്കൂട്ടത്തിന്റെ അപ്രതീക്ഷിത നീക്കവും മൂലം തിക്കിലും തിരക്കിലും പെടുകയായിരുന്നു.
പരിക്കേറ്റ ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ പിന്നീട് മരണത്തിന് കീഴടങ്ങി. മറ്റ് എട്ടുപേരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ജോർദാനിലെ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചു.
ലോകകപ്പിൽ ആദ്യമായി പങ്കെടുക്കുന്ന ജോർദാന്റെ മത്സരം കാണാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആരാധകർ അമ്മാനിൽ എത്തിയിരുന്നു.
അതേസമയം, മത്സരത്തിൽ അൾജീരിയ 21ന് ജോർദാനെ പരാജയപ്പെടുത്തി. പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് അൾജീരിയ നിർണായക ജയം സ്വന്തമാക്കിയത്. ഈ തോൽവിയോടെ ലോകകപ്പിലെ ജോർദാന്റെ ആദ്യ പങ്കാളിത്തം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അവസാനിച്ചു.
ഗ്രൂപ്പ് ജെയിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ഓസ്ട്രിയ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്തും അൾജീരിയ മൂന്നാം സ്ഥാനത്തുമാണ്. രണ്ട് മത്സരങ്ങളും തോറ്റ ജോർദാൻ പോയിന്റൊന്നുമില്ലാതെ അവസാന സ്ഥാനത്താണ്.
ലോകകപ്പ് മത്സരം കാണാനെത്തിയ ആരാധകർക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു; എട്ടുപേർക്ക് പരിക്ക്
