മസ്‌കത്ത്: ഇറാനെ 'നിയന്ത്രിക്കണം' എന്ന പേരില്‍ പതിറ്റാണ്ടുകളായി പ്രചരിപ്പിക്കപ്പെട്ട ആശയം യാഥാര്‍ഥ്യവിരുദ്ധമായിരുന്നുവെന്നും പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയെ സൈനികവത്ക്കരിക്കാന്‍ അതൊരു ന്യായീകരണമായി ഉപയോഗിക്കപ്പെട്ടുവെന്നും ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ബുസൈദി പറഞ്ഞു.
ഫ്രഞ്ച് ദിനപത്രമായ ലെ മോണ്ട്ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. മേഖലയില്‍ തുടരുന്ന സംഘര്‍ഷത്തെ 'വിപത്ത്' എന്ന് വിശേഷിപ്പിച്ച അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ അംഗീകാരമില്ലാതെയാണ് യുദ്ധം നടക്കുന്നതെന്നും അത് പ്രഖ്യാപിത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും വിമര്‍ശിച്ചു.
ഇറാനില്‍ നിന്ന് നിലനില്‍പ്പിന് ഭീഷണിയുണ്ടെന്ന പ്രചാരണം മേഖലയില്‍ പ്രതിരോധ ചെലവ് കുത്തനെ വര്‍ധിപ്പിക്കാനും ഗള്‍ഫ് മേഖലയില്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍ വ്യാപിപ്പിക്കാനും ദീര്‍ഘദൂര സൈനിക വിന്യാസം ശക്തിപ്പെടുത്താനുമാണ് കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് വന്‍ സാമ്പത്തിക ചെലവ് വന്നെങ്കിലും യാഥാര്‍ഥ്യത്തില്‍ ഇറാന്‍ ഒരിക്കലും മേഖലയുടെ നിലനില്‍പ്പിന് ഭീഷണിയായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പേര്‍ഷ്യന്‍ ഗള്‍ഫിന് പുറത്തുനിന്നുള്ള തീരുമാനങ്ങളും പ്രത്യേകിച്ച് ഇസ്രായേലിന്റെ നടപടികളുമാണ് മേഖലയിലെ യഥാര്‍ഥ സുരക്ഷാ വെല്ലുവിളികള്‍ക്ക് കാരണമായതെന്നും അദ്ദേഹം ലേഖനത്തില്‍ പറഞ്ഞു.
ഗള്‍ഫ് മേഖലയിലെ പുതിയ സുരക്ഷാ ചട്ടക്കൂട് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജി സി സി) ആറ് അംഗരാജ്യങ്ങള്‍ക്കൊപ്പം ഇറാഖും ഇറാനും ഉള്‍പ്പെടുന്ന എട്ട് രാജ്യങ്ങളും സുരക്ഷാ സംവിധാനത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ആഗോള വ്യാപാരത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയില്‍ ഒമാനും ഇറാനും അന്താരാഷ്ട്ര സമൂഹത്തോട് പ്രത്യേക ഉത്തരവാദിത്തം വഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രിയുടെ ഈ പരാമര്‍ശങ്ങള്‍. ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയെ ചൊല്ലി അമേരിക്കയും ഇറാനും പരസ്പരം അവകാശവാദങ്ങള്‍ ഉന്നയിക്കുകയും അതിന്റെ സംരക്ഷണത്തിന്റെ പേരില്‍ വിവിധ നടപടികള്‍ പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ അഭിപ്രായപ്രകടനം.
അതേസമയം, അമേരിക്കയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നല്ല തന്റെ നിലപാടെന്ന് ബദര്‍ അല്‍ബുസൈദി വ്യക്തമാക്കി. മാറുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ആ ബന്ധത്തെ പുനഃക്രമീകരിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. നിലവിലെ സംഘര്‍ഷം 'ഇറാനെ നിയന്ത്രിക്കല്‍' എന്ന ദീര്‍ഘകാല തന്ത്രത്തിന്റെ പരാജയം തുറന്നുകാട്ടിയെന്നും കൂടുതല്‍ നീതിപൂര്‍ണവും യാഥാര്‍ഥ്യബോധമുള്ളതും ഫലപ്രദവുമായ പുതിയ പ്രാദേശിക സുരക്ഷാ സംവിധാനം രൂപപ്പെടുത്താന്‍ ഇതിലൂടെ അവസരമൊരുങ്ങുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
