ഹോര്‍മുസ് കടലിടുക്കില്‍ നാവിക മൈനില്‍ ഇടിച്ച് എണ്ണക്കപ്പലില്‍ സ്‌ഫോടനം; നിശ്ചിത കപ്പല്‍പാത ലംഘിച്ചെന്ന് ഇറാന്‍

ഹോര്‍മുസ് കടലിടുക്കില്‍ നാവിക മൈനില്‍ ഇടിച്ച് എണ്ണക്കപ്പലില്‍ സ്‌ഫോടനം; നിശ്ചിത കപ്പല്‍പാത ലംഘിച്ചെന്ന് ഇറാന്‍


തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ സമുദ്ര മൈനില്‍ ഇടിച്ച് ഒരു എണ്ണക്കപ്പലില്‍ സ്‌ഫോടനമുണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ നിശ്ചയിച്ച കപ്പല്‍ഗതാഗത പാത ലംഘിച്ച ശേഷമാണ് കപ്പല്‍ മൈനില്‍ ഇടിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

സംഭവത്തില്‍പ്പെട്ട കപ്പലിനെ 'നിയമലംഘനം നടത്തിയ കപ്പല്‍' എന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. എന്നാല്‍ കപ്പലിന്റെ ഉടമസ്ഥാവകാശം, ലക്ഷ്യസ്ഥാനം, സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ നാശനഷ്ടം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അമേരിക്ക കഴിഞ്ഞ രണ്ട് രാത്രികളായി ഇറാനെതിരെ സൈനിക ആക്രമണം നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പശ്ചിമേഷ്യയിലെ അമേരിക്കന്‍ സഖ്യകക്ഷികള്‍ക്കെതിരായ തിരിച്ചടി നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചതായി ഇറാന്‍ ഞായറാഴ്ച പ്രഖ്യാപിച്ചു.

ഈ പ്രഖ്യാപനം വാഷിംഗ്ടണും തെഹ്‌റാനും തമ്മില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷം ശമിക്കുമെന്ന പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങളും അതീവ ജാഗ്രത തുടരുകയാണ്.

ഇറാന്റെ സൈനിക നടപടികള്‍ എല്ലായ്‌പ്പോഴും തിരിച്ചടിയുടെ ഭാഗമായിരുന്നുവെന്നും അമേരിക്ക ആക്രമണം നിര്‍ത്തിയതിനെ തുടര്‍ന്ന് ഇറാനും തിരിച്ചടി നടപടികള്‍ താldക്കാലികമായി അവസാനിപ്പിച്ചുവെന്നും ഇറാന്‍ സൈനിക വക്താവ് മുഹമ്മദ് അക്രമീനിയ അറിയിച്ചു. 

ഹോര്‍മുസ് കടലിടുക്കിനെ ചുറ്റിപ്പറ്റി ആരംഭിച്ച സൈനിക സംഘര്‍ഷം പിന്നീട് പശ്ചിമേഷ്യയിലെ വിവിധ മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു. അമേരിക്കന്‍ സൈനിക താവളങ്ങള്‍, വാണിജ്യ കപ്പല്‍ ഗതാഗത പാതകള്‍, അമേരിക്കയുടെ പ്രാദേശിക സഖ്യകക്ഷികള്‍ എന്നിവയും പിന്നീട് ആക്രമണങ്ങളുടെ ലക്ഷ്യമായി.

ഇപ്പോഴത്തെ ആക്രമണവിരാമം തെഹ്‌റാനും വാഷിംഗ്ടണും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കുമെന്ന പ്രതീക്ഷയ്ക്ക് വഴിവെച്ചിട്ടുണ്ട്. എന്നാല്‍ ഈ ഇടവേള നയതന്ത്രപരമായ കാരണങ്ങള്‍ കൊണ്ടുമാത്രമല്ലെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് പാട്രിയറ്റ് ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന പ്രതിരോധ സംവിധാനങ്ങളുടെ ശേഖരം കുറയുന്നതിലുള്ള ആശങ്കയും സംഘര്‍ഷം വ്യാപിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും ആഗോള സമ്പദ്വ്യവസ്ഥയ്ക്കും ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളും പരിഗണിച്ചാണ് അമേരിക്ക കൂടുതല്‍ സൈനിക നടപടികള്‍ വൈകിപ്പിക്കുന്നത്.

വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്‌നും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പ്രസിഡന്റ് ട്രംപിനോട് നിര്‍ദേശിച്ചതായും സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ശേഷിയുണ്ടെങ്കിലും സംഘര്‍ഷം വ്യാപിപ്പിക്കുന്നതിന്റെ അപകടസാധ്യതയും കെയിന്‍ ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ ആക്രമണങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിയിട്ടുണ്ടെങ്കിലും പ്രശ്‌നം അവസാനിച്ചിട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. അമേരിക്ക വീണ്ടും ആക്രമണം ആരംഭിച്ചാല്‍ ശക്തമായ തിരിച്ചടി നടപടികള്‍ പുന:രാരംഭിക്കുമെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.

ഇതിനിടെ, ചൊവ്വാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാഷിംഗ്ടണ്‍ സന്ദര്‍ശിച്ച് പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഇറാനുമായുള്ള സംഘര്‍ഷം, ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം, പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിഗതികള്‍ എന്നിവ കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളാകുമെന്നാണ് പ്രതീക്ഷ.