റിയാദ് : മധ്യപൂർവേഷ്യയിലെ ഊർജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ ശക്തമായതോടെ ആഗോള എണ്ണവില ബാരലിന് 115 ഡോളർ കടന്ന് കുതിച്ചുയർന്നു. യൂറോപ്യൻ പ്രകൃതി വാതകവിലയും 20 ശതമാനത്തിലധികം ഉയർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടം സംഭവിച്ചതായി ഖത്തർ അറിയിച്ചു. ലോകത്തിലെ പ്രധാന ദ്രവീകൃത പ്രകൃതി വാതക കേന്ദ്രങ്ങളിലൊന്നാണ് ഈ പ്രദേശം.
ഇതിന് മുൻപ് ഇസ്രായേൽ ഇറാനിലെ സൗത്ത് പാർസ് വാതക മേഖലയെ ആക്രമിച്ചതിന് പിന്നാലെയാണ് ഇറാൻ തിരിച്ചടി ശക്തമാക്കിയത്. ഇതോടെ സംഘർഷം കൂടുതൽ വ്യാപിക്കാനിടയുണ്ടെന്ന ആശങ്ക ഉയർന്നു.
ഇറാൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയതുപോലെ, സാഹചര്യം നിയന്ത്രണാതീതമാകാനും ആഗോള തലത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
അതേസമയം, സൗത്ത് പാർസ് മേഖലയെതിരെ ഇസ്രായേൽ ഇനി ആക്രമണം നടത്തില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. എന്നാൽ ഖത്തറിലെ വാതക കേന്ദ്രങ്ങൾ വീണ്ടും ആക്രമിക്കപ്പെട്ടാൽ ഇറാനിലെ സൗത്ത് പാർസ് പൂർണമായും തകർക്കുമെന്ന കർശന മുന്നറിയിപ്പും ട്രംപ് നൽകി.
സംഘർഷം നീണ്ടുപോയാൽ ആഗോള ഊർജവിതരണത്തിലും സമ്പദ്‌വ്യവസ്ഥയിലും വലിയ പ്രതിസന്ധി ഉണ്ടാകുമെന്ന ആശങ്ക ശക്തമാകുന്നു.
ഇറാൻ ആക്രമണത്തെ തുടർന്ന് എണ്ണവില കുതിച്ചുയർന്നു; ആഗോള ഊർജ വിപണിയിൽ ആശങ്ക
