വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് മുന്നോടിയായി നിർണായക അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമ്പുഷ്ട യുറേനിയം ശേഖരം ('ന്യൂക്ലിയർ ഡസ്റ്റ്') അമേരിക്കയ്ക്ക് കൈമാറാൻ ഇറാൻ സമ്മതിച്ചുവെന്നും, ആറാഴ്ച നീണ്ട സംഘർഷത്തിന് ശേഷം ഇരുരാജ്യങ്ങളും കരാറിനടുത്തെത്തിയിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവേ, ആണവായുധ നിർമ്മാണത്തിന് ഉപയോഗിക്കാവുന്ന യുറേനിയം കൈമാറാൻ ഇറാൻ തയ്യാറായതായി ട്രംപ് അവകാശപ്പെട്ടു. 'ഒരു കരാറിലേക്കെത്താനുള്ള സാധ്യത വളരെ കൂടുതലാണ്,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ ഇസ്ലാമാബാദിൽ ഒപ്പുവെക്കുകയാണെങ്കിൽ താൻ പങ്കെടുക്കാനും സാധ്യതയുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.
ഇറാൻ ആണവായുധം സ്വന്തമാക്കാതിരിക്കുകയാണ് ചർച്ചകളിലെ പ്രധാന ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു. യുറേനിയം സമ്പുഷ്ടീകരണം ഒരു നിശ്ചിത കാലയളവിലേക്ക് നിർത്തിവയ്ക്കുന്ന കരാറിനോട് അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചു. പകരം, ഇറാൻ ഒരിക്കലും ആണവായുധം കൈവശപ്പെടുത്താൻ കഴിയാത്തവിധം സ്ഥിരമായ നിയന്ത്രണം വേണമെന്നതാണ് അമേരിക്കയുടെ നിലപാട്.
അതേസമയം, സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ വീണ്ടും സംഘർഷം പുനരാരംഭിക്കാമെന്ന മുന്നറിയിപ്പും ട്രംപ് നൽകി. എന്നാൽ രണ്ടുമാസം മുമ്പിലേതിനെക്കാൾ ചർച്ചകളിൽ ഇറാൻ കൂടുതൽ ഇളവ് കാണിക്കുന്നതായി അദ്ദേഹം വിലയിരുത്തി.
പാകിസ്ഥാന്റെ ഇടപെടലിൽ കഴിഞ്ഞ ആഴ്ച ഇസ്ലാമാബാദിൽ നടന്ന ആദ്യഘട്ട ചർച്ചകൾ ധാരണയില്ലാതെ അവസാനിച്ചിരുന്നു. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് നേതൃത്വം നൽകിയ പ്രതിനിധിസംഘവും ഇറാൻ ഉദ്യോഗസ്ഥരുമായിരുന്നു ചർച്ചയിൽ പങ്കെടുത്തത്. യുറേനിയം സമ്പുഷ്ടീകരണം 20 വർഷത്തേക്ക് നിർത്തിവയ്ക്കണമെന്നാണ് അമേരിക്കയുടെ നിർദ്ദേശം, എന്നാൽ അഞ്ചുവർഷം വരെ മാത്രമേ സാധിക്കൂവെന്ന് ഇറാൻ നിലപാട് വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.
ചർച്ചകൾ വീണ്ടും ഉടൻ ആരംഭിക്കാമെന്ന സൂചന നൽകിയ ട്രംപ്, അടുത്ത ദിവസങ്ങളിൽ തന്നെ നിർണായക പുരോഗതി ഉണ്ടാകാമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.
'സമ്പുഷ്ടയുറേനിയം' കൈമാറാൻ ഇറാൻ സമ്മതിച്ചെന്ന് ട്രംപ്
