ടെഹ്‌റാന്‍: ഇറാനില്‍ ആഴ്ചകളായി തുടരുന്ന വ്യാപക പ്രതിഷേധങ്ങള്‍ക്കും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സൈനിക ഭീഷണികള്‍ക്കും പിന്നാലെ, അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇറാന്‍ വ്യക്തമാക്കി. 'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ യുദ്ധത്തിനായി പൂര്‍ണമായും സജ്ജമാണ്' എന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി തിങ്കളാഴ്ച ടെഹ്‌റാനില്‍ വിദേശരാജ്യ അംബാസഡര്‍മാരുടെ സമ്മേളനത്തില്‍ പറഞ്ഞു.
ഉയര്‍ന്ന ജീവിതച്ചെലവിനെതിരെ ആരംഭിച്ച പ്രക്ഷോഭങ്ങള്‍ രണ്ട് ആഴ്ചയായി തുടരുന്നതിനിടെ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് ട്രംപ് ഇറാനെതിരെ സൈനിക ഇടപെടല്‍ ഭീഷണി ഉയര്‍ത്തിയത്.
പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയാണെങ്കില്‍ അമേരിക്ക ഇടപെടുമെന്നും, ഇതിനിടെ ഇറാനിലെ നേതാക്കള്‍ തന്റെ ഭരണകൂടവുമായി ചര്‍ച്ച തേടുകയാണെന്നും ഞായറാഴ്ച ട്രംപ്, പറഞ്ഞു. ഇതിന് പ്രതികരണമായി അറാഘ്ചി, ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയ്യാറാണെങ്കിലും അത് 'നീതിപൂര്‍വവും സമവാകാശത്തോടെയും പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തിലുമാകണം' എന്നു വ്യക്തമാക്കി.
രാജ്യത്തെ സാഹചര്യം ഇപ്പോള്‍ പൂര്‍ണ നിയന്ത്രണത്തിലാണെന്നും, പ്രതിഷേധങ്ങള്‍ അക്രമാസക്തമാക്കി ട്രംപിന് ഇടപെടാനുള്ള അവസരം നല്‍കാന്‍ ശ്രമിച്ചതാണെന്നുമാണ് ഇറാന്റെ ആരോപണം. അമേരിക്ക-ഇറാന്‍ ബന്ധം അതീവ സംഘര്‍ഷഭരിതമായിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ പ്രസ്താവനകള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുകയാണ്.
യുദ്ധമില്ല, പക്ഷേ യുദ്ധത്തിന് സജ്ജം: ട്രംപിന്റെ ഭീഷണിക്കിടെ അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇറാന്‍
