ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളുമായി യാതൊരു തർക്കവും ഇല്ലെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാൻ. അതേസമയം, യുഎഇയിലെ റാസ് അൽ ഖൈമയ്ക്ക് നേരെ ഇറാന്റെ വിപ്ലവ ഗാർഡായ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (ഐ ആർ ജി സി) ആക്രമണ ഭീഷണിയും.
ഈദ് പെരുന്നാളിനോടനുബന്ധിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് പെസെഷ്‌കിയാൻ ഗൾഫ് രാജ്യങ്ങളെ 'സഹോദരങ്ങൾ' എന്ന് വിശേഷിപ്പിച്ചത്. 'നമ്മൾ തമ്മിലുള്ള ഭിന്നതകൾക്ക് ലാഭം കൊയ്യുന്നത് സയോണിസ്റ്റ് ശക്തികളാണ്,' എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, അതിന് മണിക്കൂറുകൾ മുൻപ് ഐ ആർ ജി സി റാസ് അൽ ഖൈമയിലെ ജനങ്ങൾക്ക് അടിയന്തര മുന്നറിയിപ്പ് നൽകി. സമീപഭാവിയിൽ ആക്രമണം ഉണ്ടാകാമെന്ന് സൂചന നൽകിയ ഐ ആർ ജി സി, നഗരത്തിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. യുഎഇയിലെ ചില കേന്ദ്രങ്ങൾ ഇറാനെതിരായ നീക്കങ്ങളിൽ പങ്കാളികളാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.
ഇതിനിടെ, ഇറാന്റെ ഭീഷണിയെ തുടർന്ന് ദുബായിലെ സാമ്പത്തിക കേന്ദ്രങ്ങളിൽ നിന്നു ചില കമ്പനികൾ ജീവനക്കാരെ ഒഴിപ്പിക്കാൻ തുടങ്ങി. യു.എസ് -ഇസ്രയേൽ ബന്ധമുള്ള സാമ്പത്തിക സ്ഥാപനങ്ങൾ ആക്രമിക്കപ്പെടാമെന്ന ആശങ്കയും ഉയർന്നു.
ഫെബ്രുവരി 28ന് യു.എസും ഇസ്രയേലും ഇറാനെതിരേ ആക്രമണം ആരംഭിച്ചതോടെയാണ് പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായത്. ഈ ആക്രമണങ്ങളിൽ ഇറാന്റെ പരമാധികാര നേതാവായ അലി ഖമനെയി ഉൾപ്പെടെ നിരവധി പ്രമുഖർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. യു.എസ് ഈ നീക്കത്തിന് 'എപ്പിക് ഫ്യൂറി' എന്നും ഇസ്രയേൽ 'സിംഹ ഗർജ്ജനം' എന്നുമാണ് പേരിട്ടിരുന്നത്.
ഇതിന് പിന്നാലെ, ഇറാൻ ഇസ്രയേലിനെയും പ്രദേശത്തെ യു.എസ് സൈനിക താവളങ്ങളെയും ലക്ഷ്യമാക്കി തിരിച്ചടികൾ നടത്തി. ബഹ്‌റൈൻ, കുവൈത്ത്, യുഎഇ, ഇറാഖ്, ഖത്തർ, സൗദി അറേബ്യ, ജോർദാൻ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ആക്രമണം വ്യാപിച്ചത്.
ഇതിനിടെ, ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. ഇതു വഴിയുള്ള കപ്പൽഗതാഗതം തടസ്സപ്പെട്ടതോടെ ആഗോള എണ്ണവിതരണത്തിൽ വലിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടാകാമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
അതേസമയം, ഇന്ത്യയുടെ പതാകയോടു കൂടിയ എൽപിജി ടാങ്കറുകൾ ഉൾപ്പെടെ ചില കപ്പലുകൾ ഇറാനുമായി നടത്തിയ ചർച്ചകൾക്ക് ശേഷം കടലിടുക്ക് കടന്നതായി റിപ്പോർട്ടുണ്ട്.
സംഘർഷം 22ാം ദിവസത്തിലേക്ക് കടക്കുമ്പോൾ പശ്ചിമേഷ്യയിൽ സുരക്ഷാ ആശങ്കകൾ കൂടുതൽ ശക്തമാകുകയാണ്.
ഗൾഫ് രാജ്യങ്ങൾ സഹോദരങ്ങൾ; തർക്കമില്ലെന്ന് ഇറാൻ പ്രസിഡന്റ് -യുഎഇയ്ക്ക് മുന്നറിയിപ്പുമായി ഐ ആർ ജി സി
