വാഷിംഗ്ടൺ: ഇറാനുമായി നടക്കുന്ന യുദ്ധം മൂന്നാം ആഴ്ച പിന്നിടുമ്പോൾ സ്ഥിതി ഡോണൾഡ് ട്രംപിന്റെ നിയന്ത്രണത്തിനും അപ്പുറത്തേക്ക് നീങ്ങുന്നതായി വിലയിരുത്തൽ. ആഗോള എണ്ണവില ഉയരുന്നത്, സഖ്യകക്ഷികളുടെ പിന്തുണ കുറയുന്നത്, കൂടുതൽ സൈന്യം വിന്യസിക്കേണ്ടി വരുന്നത് തുടങ്ങിയവ അമേരിക്കയ്ക്ക് സമ്മർദ്ദമാകുന്നു.
തുടക്കത്തിൽ 'ചുരുങ്ങിയ യുദ്ധം' മാത്രമാകും എന്ന് ട്രംപ് പറഞ്ഞിരുന്നുവെങ്കിലും യാഥാർത്ഥ്യത്തിൽ സംഘർഷം നീളുകയാണ്. ഹോർമുസ് കടലിടുക്കിലൂടെ എണ്ണവാതക ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് ഇറാൻ തിരിച്ചടികൾ തുടരുകയാണ്.
നേറ്റോ സഖ്യകക്ഷികൾ സഹായിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ട്രംപ് കടുത്ത വിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ സഖ്യരാജ്യങ്ങൾ യുദ്ധത്തിൽ കുടുങ്ങാൻ താൽപര്യമില്ലാത്തതാണ് ഈ നിലപാടിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.
ട്രംപിന് മുന്നിൽ വഴിത്തിരിവ്
'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്നു പേരിട്ട യുദ്ധത്തിൽ ട്രംപ് ഇപ്പോൾ നിർണായക ഘട്ടത്തിലാണ്. യുദ്ധം ശക്തമാക്കുകയോ, വിജയം പ്രഖ്യാപിച്ച് പിന്മാറുകയോ എന്ന രണ്ടുവഴികളാണ് മുന്നിലുള്ളത്. എന്നാൽ രണ്ടും അപകടസാധ്യതകൾ നിറഞ്ഞതാണ്.
യുദ്ധം ശക്തമാക്കിയാൽ ദീർഘകാല സൈനിക പ്രതിബദ്ധത ഉണ്ടാകാൻ സാധ്യതയുണ്ട്. പിന്മാറിയാൽ ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധത്തിൽ പ്രശ്നങ്ങൾ ഉയരാമെന്ന ആശങ്കയുമുണ്ട്.
ആഗോളതലത്തിൽ എതിർപ്പ്
ഹോർമൂസ് കടലിടുക്ക് ഭാഗികമായി അടച്ചതോടെ ലോകത്തിന്റെ എണ്ണവിതരണത്തിൽ വലിയ ആഘാതമുണ്ടായി. ഇതോടെ ഇന്ധനവില കുത്തനെ ഉയരുകയും സാമ്പത്തിക സമ്മർദ്ദം വർധിക്കുകയും ചെയ്തു.
അതേസമയം, അമേരിക്കൻ സൈന്യം കൂടുതൽ സൈനികരെ പശ്ചിമേഷ്യയിലേക്ക് വിന്യസിക്കുകയാണ്. എന്നാൽ ഇറാനിൽ നേരിട്ട് സൈന്യം അയക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല.
വിമർശനം ശക്തം
ട്രംപിന്റെ യുദ്ധനയത്തെതിരെ അമേരിക്കയ്ക്കുള്ളിൽ തന്നെ വിമർശനം ശക്തമാകുന്നുണ്ട്. യുദ്ധത്തിന്റെ ഫലവും അടുത്ത നടപടികളെക്കുറിച്ചുള്ള വ്യക്തതയില്ലായും രാഷ്ട്രീയപരമായ വെല്ലുവിളിയുമാകുന്നുവെന്ന് വിദഗ്ധർ പറയുന്നു.
പശ്ചിമേഷ്യയിൽ സംഘർഷം തുടർന്നുകൊണ്ടിരിക്കെ, അടുത്ത ദിവസങ്ങളിൽ സ്ഥിതി കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യത.
ആദ്യം പറഞ്ഞതുപോലെ 'ചെറിയ യുദ്ധമല്ല': ഇറാൻ സംഘർഷം ട്രംപിന്റെ നിയന്ത്രണത്തിന് പുറത്തേക്ക്?
