പ്യോംഗ്യാങ്: ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേൽ സൈനിക ആക്രമണങ്ങളെ ശക്തമായി വിമർശിച്ച് ഉത്തരകൊറിയ. ഈ ആക്രമണങ്ങൾ നിയമവിരുദ്ധമാണെന്നും ലോകത്തിലെ അസ്ഥിരത വർധിപ്പിക്കുന്ന നടപടിയാണെന്നും ഉത്തരകൊറിയയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തിയ സൈനിക ആക്രമണം പ്രാദേശിക സമാധാനം തകർക്കുകയും ആഗോളതലത്തിൽ അസ്ഥിരത വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഉത്തരകൊറിയൻ സർക്കാർ വാർത്ത ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ ആഭ്യന്തര രാഷ്ട്രീയ കാര്യങ്ങളിൽ പുറംരാജ്യങ്ങൾ ഇടപെടുന്നതും ഉത്തരകൊറിയ വിമർശിച്ചു. മറ്റൊരു രാജ്യത്തിന്റെ ഭരണകൂടത്തെ ദുർബലപ്പെടുത്താൻ ഭീഷണികളും സൈനിക നടപടികളും സ്വീകരിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.
ഇതിനിടെ ഇറാനിലെ വിദഗ്ധ സമിതി പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള തീരുമാനത്തെ ഉത്തരകൊറിയ സ്വാഗതം ചെയ്തു. അത് ഇറാനിയൻ ജനങ്ങളുടെ അവകാശവും അവരുടെ തിരഞ്ഞെടുപ്പും ആണെന്നും പ്യോംഗ്യാങ് വ്യക്തമാക്കി.
ഇറാനിലെ ആക്രമണം നിയമവിരുദ്ധം; പുതിയ പരമോന്നത നേതാവ് ജനങ്ങളുടെ തെരഞ്ഞെടുപ്പെന്ന് ഉത്തരകൊറിയ
