തെഹ്‌റാന്‍: അമേരിക്കയുമായി പുതിയ ഉഭയകക്ഷി ചര്‍ച്ചകളോ ഏതെങ്കിലും തലത്തിലുള്ള ചര്‍ച്ചകളോ ഉടന്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഇറാന്‍ തള്ളി. നിലവിലുള്ള 14-ഇന ധാരണാപത്രത്തിന്റെ സാങ്കേതികവും പ്രായോഗികവുമായ നടപ്പാക്കലിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് അറിയിച്ചു. ഇതിന്റെ ഭാഗമായാണ് ഈ ആഴ്ച വിദഗ്ധരടങ്ങിയ ഇറാന്‍ പ്രതിനിധിസംഘം ദോഹയിലെത്തുന്നത്.
ധാരണാപത്രത്തിലെ ആര്‍ട്ടിക്കിള്‍ 10 പ്രകാരം ഇറാനിയന്‍ എണ്ണവില്‍പ്പനയ്ക്ക് ആവശ്യമായ അനുമതികള്‍ അമേരിക്ക നല്‍കിയതായി ബഗായ് സ്ഥിരീകരിച്ചു. ഇനി ഈ അനുമതികളുടെ പ്രായോഗിക നടപ്പാക്കലിലാണ് ഇറാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രത്യേകിച്ച് ആര്‍ട്ടിക്കിള്‍ 11 പ്രകാരമുള്ള ഇറാന്റെ മരവിപ്പിച്ച സാമ്പത്തിക ആസ്തികള്‍ മോചിപ്പിക്കുന്ന നടപടികള്‍ക്കാണ് പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കന്‍ പ്രതിനിധികള്‍ ഖത്തറിലെത്തുന്നതും ഇറാന്‍ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനവും തമ്മില്‍ ബന്ധമുണ്ടെന്ന അഭ്യൂഹങ്ങളും ബഗായ് തള്ളി. അമേരിക്കന്‍ പ്രതിനിധികളുടെ സന്ദര്‍ശനം ഇറാന്റെ ദൗത്യവുമായി യാതൊരു ബന്ധവുമില്ലെന്നും സമഗ്രമായ അന്തിമ കരാറിനായുള്ള ഔപചാരിക ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ധാരണാപത്രത്തിലെ ആര്‍ട്ടിക്കിള്‍ 13 അനുസരിച്ച്, ആര്‍ട്ടിക്കിളുകള്‍ 1, 4, 5, 10, 11 എന്നിവ വിജയകരമായും തുടര്‍ച്ചയായും നടപ്പായതിന് ശേഷമേ അന്തിമ കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനാകൂവെന്നും ബഗായ് വിശദീകരിച്ചു.
ഖത്തറിലെ ദോഹയില്‍ ഇറാനുമായി സുപ്രധാന നയതന്ത്ര ചര്‍ച്ചകള്‍ നടക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ വിശദീകരണം. അമേരിക്കയുടെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് ദോഹയിലേക്ക് യാത്രതിരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ട്രംപിന്റെ മരുമകന്‍ ജാരഡ് കുഷ്‌നര്‍ അദ്ദേഹത്തോടൊപ്പമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
അതേസമയം, ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷെസ്‌കിയാന്‍ സാമൂഹികമാധ്യമമായ എക്സിലൂടെ പരസ്പര ധാരണ എന്നത് 'രണ്ടുവഴിയുള്ള പ്രക്രിയ'യാണെന്ന് അഭിപ്രായപ്പെട്ടു. അമേരിക്ക കരാര്‍ പാലിക്കുന്ന പക്ഷം ഇറാനും സ്വന്തം ബാധ്യതകള്‍ പൂര്‍ണമായി നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപിന്റെ പേര് നേരിട്ട് പരാമര്‍ശിക്കാതെയാണ് യുക്തിരഹിതമായ ആരോപണങ്ങളെയും അടിസ്ഥാന രഹിതമായ ഭീഷണികളെയും നേരിടുന്നതില്‍ ഇറാന്‍ യുക്തിബോധത്തിലും മാനുഷിക അന്തസ്സിലുമൂന്നിയ തീരുമാനങ്ങളാണ് സ്വീകരിക്കുന്നതെന്നും ആവശ്യമെങ്കില്‍ ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്നും പെസെഷ്‌കിയാന്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ ഹോര്‍മുസ് കടലിടുക്ക് മേഖലയില്‍ ഉണ്ടായ സംഘര്‍ഷവും ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലും തുടരുന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളുടെയും പുതിയ നയതന്ത്ര നീക്കങ്ങള്‍ ശ്രദ്ധേയമാകുന്നത്.
