ഗാസയിൽ ഇനി ബന്ദികളില്ല; അവസാന ഇസ്രയേലി ബന്ദിയുടെ മൃതദേഹവും ഐഡിഎഫ് തിരിച്ചെടുത്തു

ഗാസയിൽ ഇനി ബന്ദികളില്ല; അവസാന ഇസ്രയേലി ബന്ദിയുടെ മൃതദേഹവും ഐഡിഎഫ് തിരിച്ചെടുത്തു


ജറുസലേം: ഗാസയിൽ തടവിലായിരുന്ന അവസാന ഇസ്രയേലി ബന്ദിയുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രയേൽ സൈന്യം (ഐഡിഎഫ്) സ്ഥിരീകരിച്ചു. ഒക്ടോബർ 7, 2023ലെ ഹമാസ് ആക്രമണത്തിനിടെ കൊല്ലപ്പെട്ട പൊലീസ് സ്‌പെഷ്യൽ ഫോഴ്‌സ് ഓഫീസർ റാൻ ഗ്വിലിയുടെ (24) ശരീരാവശിഷ്ടങ്ങളാണ് തിരിച്ചെടുത്തത്. ഇതോടെ 2014ന് ശേഷം ആദ്യമായി ഗാസയിൽ ഒരു ഇസ്രയേലി ബന്ദിയുമില്ലെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയത്.

ഒക്ടോബർ 7ന് രാവിലെ നടന്ന ഏറ്റുമുട്ടലിനിടെയാണ് റാൻ ഗ്വിലി കൊല്ലപ്പെട്ടത്. തുടർന്ന് അദ്ദേഹത്തിന്റെ മൃതദേഹം ഗാസയിലേക്ക് കൊണ്ടുപോയിരുന്നു. ഫോറൻസിക് പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഔദ്യോഗികമായി തിരിച്ചറിഞ്ഞതായി ഇസ്രയേൽ അധികൃതർ അറിയിച്ചു. കുടുംബത്തെ വിവരം അറിയിച്ചെന്നും ഗ്വിലിയെ ഇസ്രയേലിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുമെന്നും ഐഡിഎഫ് വ്യക്തമാക്കി.

സംഭവത്തെ 'രാജ്യത്തിന് വലിയ നേട്ടം' എന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  വിശേഷിപ്പിച്ചു. 'എല്ലാവരെയും തിരിച്ചുകൊണ്ടുവരുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. അവസാന ആളുവരെയും ആ വാഗ്ദാനം പാലിച്ചു,' അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെയും സുരക്ഷാ ഏജൻസികളുടെയും പ്രവർത്തനങ്ങളെ നെതന്യാഹു അഭിനന്ദിച്ചു.

ഗാസ വെടിനിർത്തൽ കരാറിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നതിനും റഫാ അതിർത്തി തുറക്കുന്നതിനും എല്ലാ ബന്ദികളുടെയും മടക്കവുമായി ബന്ധമുണ്ടെന്ന സൂചന നേരത്തെ തന്നെ ഇസ്രയേൽ നൽകിയിരുന്നു. ഇപ്പോൾ ഗ്വിലിയുടെ മൃതദേഹവും തിരിച്ചെത്തിയതോടെ ഗാസയിലേക്ക് കൊണ്ടുപോയ എല്ലാ ഇസ്രയേലികളെയും തിരിച്ചെത്തിച്ചതായി രാജ്യം സ്ഥിരീകരിച്ചു.

റാൻ ഗ്വിലിയുടെ കുടുംബത്തോട് ഐഡിഎഫ് അനുശോചനം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ദുഃഖിത കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകാനും പ്രതിജ്ഞാബദ്ധമാണെന്നും സൈന്യം വ്യക്തമാക്കി.