'ഡെലിവറി ജീവനക്കാരനായി വേഷം മാറി, രണ്ടുതവണ വെടിവെച്ചു': റഷ്യന്‍ ജനറലിനെ ആക്രമിച്ചയാളെക്കുറിച്ച് പുതിയ വിവരങ്ങള്‍

'ഡെലിവറി ജീവനക്കാരനായി വേഷം മാറി, രണ്ടുതവണ വെടിവെച്ചു': റഷ്യന്‍ ജനറലിനെ ആക്രമിച്ചയാളെക്കുറിച്ച് പുതിയ വിവരങ്ങള്‍


മോസ്‌കോ: റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിലെ ലെഫ്റ്റനന്റ് ജനറല്‍ വ്‌ളാദിമിര്‍ അലക്‌സെയേവിനെതിരെ നടന്ന വധശ്രമത്തെ തുടര്‍ന്ന് ഉണ്ടായ ആശയക്കുഴപ്പത്തിനിടെ അക്രമിയെക്കുറിച്ച് പുതിയ വിവരങ്ങള്‍ പുറത്തുവന്നു. ഒരു റഷ്യന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് അക്രമി ഡെലിവറി ജീവനക്കാരനായി വേഷം മാറിയാണ് അലക്‌സെയേവിന്റെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലെ പടിക്കെട്ടില്‍ വെച്ച് അദ്ദേഹത്തിന് നേരെ വെടിയുതിര്‍ന്നത്. ജനറലിന് കാല്‍പാദത്തിലും കൈയിലും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

റഷ്യന്‍ ബിസിനസ് ദിനപത്രമായ കൊമ്മെര്‍സാന്ത് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് അലക്‌സെയേവ് തോക്ക് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ നെഞ്ചിലേക്കും വീണ്ടും വെടിയേറ്റു. തുടര്‍ന്ന് അക്രമി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. അതേസമയം, റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് സംഭവവുമായി ബന്ധപ്പെട്ടും പ്രതിയെന്ന് സംശയിക്കുന്നയാളെക്കുറിച്ചും ചില പ്രധാന വിവരങ്ങള്‍ പുറത്തുവിട്ടു. അന്വേഷണത്തില്‍, വോളോകോളാംസ്‌കോയേ ഹൈവേയിലെ ഒരു താമസക്കെട്ടിടത്തിനുള്ളില്‍ ആയുധധാരി ജനറലിന് നേരെ നിരവധി തവണ വെടിവെച്ചതായി കണ്ടെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. അക്രമി ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് കടന്നുകളയുകയും ജനറലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ദൃക്സാക്ഷികളെ ചോദ്യം ചെയ്യുകയും ചെയ്തു. പ്രത്യേക സൈനിക ദൗത്യത്തിനിടയില്‍ സൈനിക നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മറ്റ് വിദഗ്ധര്‍ക്കും ഭീഷണിയുണ്ടെന്നും അവരുടെ സുരക്ഷ ഉറപ്പാക്കുന്നത് സുരക്ഷാ ഏജന്‍സികളുടെ ഉത്തരവാദിത്തമാണെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.